ചികിത്സയിൽ അനിവാര്യമായി ഉണ്ടാകുന്ന സങ്കീർണതകളെ ചികിത്സാ പിഴവുകളായി ചിത്രീകരിക്കുന്ന പ്രവണത ആരോഗ്യ രംഗത്തെ തന്നെ നശിപ്പിക്കാൻ ഇടയാക്കും.


കേരളം മാതൃ-ശിശു മരണനിരക്കിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ്. എന്നാൽ, ചികിത്സയിൽ അനിവാര്യമായി ഉണ്ടാകുന്ന സങ്കീർണതകളെ ചികിത്സാ പിഴവുകളായി ചിത്രീകരിക്കുന്ന പ്രവണത ആരോഗ്യ രംഗത്തെ തന്നെ നശിപ്പിക്കാൻ ഇടയാക്കും.
ആയിരം പ്രസവങ്ങളിൽ ഏകദേശം അഞ്ചു ശിശുമരണങ്ങളും, ഒരു ലക്ഷം പ്രസവങ്ങളിൽ ഏകദേശം ഇരുപത് മാതൃമരണങ്ങളും കേരളത്തിൽ ഉണ്ടാകുന്നു. ഈ നിരക്കുകൾ ദേശീയ തലത്തിൽ യ്ഥാക്രമം ഇരുപതി അഞ്ച്, തൊണ്ണൂറ്റി മൂന്ന് എന്നാണ് എന്ന് കൂടി നാം ഓർക്കണം. മാത്രവുമല്ല പൂർണമായും ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല ഈ മരണ നിരക്കുകൾ എന്നതും നമ്മള് മനസ്സിലാക്കണം.
നെടുമങ്ങാട് സംഭവത്തിൽ അമ്മയുടെ പ്രായം 36 വയസ്സായിരുന്നു. 35 വയസ്സിന് മുകളിൽ പ്രായമുള്ള അമ്മമാരിൽ take home baby rate (പ്രസവിച്ച് കുഞ്ഞുമായി സുരക്ഷിതമായി വീട്ടിലേക്ക് പോകുന്ന നിരക്ക്) 88–92% മാത്രമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.
കൂടാതെ, ഗർഭസ്ഥ ശിശുവിന് IUGR (Intrauterine Growth Restriction) എന്ന ഗുരുതര അവസ്ഥ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ ആഹാരവും പോഷകങ്ങളും കുഞ്ഞിലേക്ക് എത്താതെ കുഞ്ഞിന്റെ വളർച്ച തടസ്സപ്പെടുന്ന അവസ്ഥയാണ് IUGR. സമയബന്ധിത ഇടപെടലുകൾ ഇല്ലെങ്കിൽ കുഞ്ഞിന് ജീവൻ നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ 37 ആഴ്ച പൂർത്തിയായാൽ പ്രസവം നടത്തുകയാണ് സാധാരണ രീതിയും, അതീവ ഗുരുതരാവസ്ഥയിൽ 26–28 ആഴ്ചകളിൽ പോലും പ്രസവിപ്പിക്കാറുണ്ട്. IUGR ഉള്ള കുഞ്ഞുങ്ങളിൽ സ്റ്റിൽബർത്ത് നിരക്ക് 1000 പ്രസവത്തിൽ 9.7 എന്നതാണ് കണക്കുകൾ.
അതുപോലെ തന്നെ, ഈ ഗർഭിണിക്ക് പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി രേഖകളുണ്ട്. അമ്മയ്ക്ക് പ്രമേഹം ഉണ്ടെങ്കിൽ സ്റ്റിൽബർത്ത് നിരക്ക് 1000 പ്രസവത്തിൽ 1.7 ആയി ഉയരുന്നു.
ഇതെല്ലാം ചേർത്തുനോക്കുമ്പോൾ, ഇത് വളരെ ഉയർന്ന അപകടസാധ്യതയുള്ള (High Risk Pregnancy) കേസായിരുന്നു എന്നത് വ്യക്തമാണ്.
37 ആഴ്ച പൂർത്തിയായപ്പോൾ പ്രസവത്തിനുള്ള നടപടികൾ ആരംഭിച്ചു. ഗർഭാശയമുഖം വികസിച്ചിട്ടും പ്രസവം നടക്കാത്തതിനാൽ ആദ്യം വാക്വം സഹായത്തോടെ പ്രസവിപ്പിക്കാൻ ശ്രമിക്കുകയും, അത് പരാജയപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ സീസേറിയൻ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. നിർഭാഗ്യവശാൽ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല.
ഇത് ചികിത്സാ പിഴവല്ല; മറിച്ച് ഏത് വികസിത രാജ്യത്തും സംഭവിക്കാവുന്ന ഒരു അവിചാരിത ചികിത്സാ സങ്കീർണത മാത്രമാണ്.
ഇത്തരം ഓരോ സങ്കീർണതയും ചികിത്സാ പിഴവായി ചിത്രീകരിച്ച് മാധ്യമ വിചാരണയും ആൾക്കൂട്ട വിചാരണയും നടത്തി ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് അവരെ മാനസിക സമ്മർദ്ദത്തിലാക്കുകയും defensive practice സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപുള്ള സസ്പെൻഷൻ, സ്ഥലംമാറ്റം തുടങ്ങിയ ശിക്ഷാനടപടികൾ ആരോഗ്യപ്രവർത്തകർക്ക് ഭരണകൂട സംരക്ഷണം പോലും ഇല്ല എന്ന ബോധം സൃഷ്ടിക്കുകയും ചികിത്സാരംഗത്തെ ആത്മാർത്ഥത ഇല്ലാതാക്കുകയും ചെയ്യും.
രാവിലെ 11 മണിക്ക് സീസേറിയൻ ചെയ്തിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു എന്ന ആരോപണം ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതാണ്. ആദ്യ പ്രസവങ്ങളിൽ ഗർഭാശയമുഖം വികസിക്കാൻ 18–20 മണിക്കൂർ വരെ എടുക്കാം. ഇവിടെ രാവിലെ 5 മണിക്ക് പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് 9 മണിക്കൂറിനുള്ളിൽ പ്രസവം നടന്നിട്ടുണ്ട്. ഗൈഡ്ലൈൻ പ്രകാരം ഒരു താമസവും സംഭവിച്ചിട്ടില്ല.
10,000 രൂപ കൈക്കൂലി നൽകിയെന്ന ആരോപണവും പരസ്പരവിരുദ്ധമായ മൊഴികളാൽ തന്നെ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണ്. സർക്കാർ സേവനത്തിൽ ഉള്ള ഡോക്ടർമാർക്കെതിരെ ചികിത്സാ സങ്കീർണതകൾ സംഭവിക്കുമ്പോൾ ആദ്യം അനാസ്ഥാ ആരോപണം ഉന്നയിക്കുകയും പിന്നീട് കൈക്കൂലി ആരോപണം ഉയർത്തുകയും ചെയ്യുന്നത് ഒരു സ്ഥിരം സാമൂഹിക പ്രവണതയായി മാറിയിരിക്കുകയാണ്.
അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നിയമം കയ്യിലെടുക്കുന്നതാണ് പൊതു പ്രവർത്തകന്റെ കഴിവ് എന്ന മിഥ്യ ധാരണയും അപകടകരമാണ്. വനിതാ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും കരണത്ത് അടിക്കുകയും ചെയ്ത സംഭവങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.
ജീവിതത്തിന്റെ അനിശ്ചിതത്വം പലപ്പോഴും ചികിത്സയുടെ പരിധികളെ കടന്നുപോകും. വികാരത്തിന്റെ പേരിൽ ഉത്തരവാദിത്വം നഷ്ടപ്പെടുന്ന സമൂഹം ആരോഗ്യരംഗത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുകയാണ്.
ചികിത്സാ സങ്കീർണതകളെ മനസ്സിലാക്കുന്ന, ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുന്ന, ഉത്തരവാദിത്വമുള്ള പ്രതികരണമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളം. ആരോഗ്യപ്രവർത്തകരുടെ ആത്മാർത്ഥത സംരക്ഷിക്കപ്പെടുമ്പോഴാണ് കേരളം നേടിയ നേട്ടങ്ങൾ നിലനിർത്താൻ കഴിയുക.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ആൾക്കൂട്ട വിചാരണയും അതിക്രമങ്ങളും അംഗീകരിക്കാനാവില്ലെന്ന് സംഘടന ശക്തമായി അപലപിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ ചികിത്സാ പിഴവ് ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടും വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപേ എടുത്ത അന്യായ സസ്പെൻഷൻ നടപടി ഉടൻ പിൻവലിക്കണം. വനിതാ ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കൽ ഓഫീസറും ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് എടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഇവയ്ക്ക് യഥാർത്ഥ പരിഹാരം കാണിച്ചില്ലെങ്കിൽ, സമരം ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കാൻ സംഘടന നിർബന്ധിതമാകുമെന്ന് അറിയിക്കുന്നു.
