ബഹുനിലക്കെട്ടിടങ്ങൾ മാത്രം പോരാ, ആവശ്യത്തിനു ഡോക്ടർമാരെയും നിയമിക്കണം : KGMOA


കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ യുടെ 59 -ാത് വാർഷിക സമ്മേളനം തിരുവനന്തപുരത്തുള്ള ഐ എം എ ആസ്ഥാനത്തിൽ ഇന്ന്, ജനുവരി 25 ന് സമാപനം കുറിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ , ഡോ പി കെ സുനിൽ സംസ്ഥാന പ്രസിഡന്റായും ഡോ ജോബിൻ ജി ജോസഫ് ജനറൽ സെക്രട്ടറിയായും , ഡോ. അനൂപ് വിഎസ് സംസ്ഥാന ട്രഷറർ ആയും ഡോ മുരളീധരൻ എം മാനേജിങ് എഡിറ്റർ ആയും ചുമതയേറ്റു.


ആരോഗ്യ രംഗത്തെ സമഗ്രമായ വികസനത്തിന് ബഹുനിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയാൽ മാത്രം പോരാ, ചികിത്സിക്കാൻ ആവശ്യത്തിനു ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെയും നിയമിക്കണമെന്ന് KGMOA ആവശ്യപ്പെട്ടു. അതോടൊപ്പം 12-ാം ശമ്പള പരിഷ്ക്കരണത്തിൽ ഡോക്ടർമാർക്ക് അർഹമായ പരിഗണന നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ ഡോക്ടർമാർക്ക് നഷ്ടമായ പേർസണൽ പേ, PHC / CHC ചാർജ് ഓഫീസർ മാരുടെ ചാർജ് അലവൻസ് എന്നിവ പുതിയ പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അതോടൊപ്പം ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം എന്നും സംഘടന ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുരേഷ് ടി എൻ. മുഖ്യാതിഥി ആയിരുന്നു. സമ്മേളനത്തിൽ IMA സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഡോ ആർ സി ശ്രീകുമാർ, KGMCTA സംസ്ഥാന പ്രസിഡന്റ് ഡോ. റോസിനാരാ ബീഗം, KGIMOA സംസ്ഥാന സെക്രട്ടറി ഡോ. എസ് രാധാകൃഷ്ണൻ, KGMOA മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ ഡോ വിജയകൃഷ്ണൻ ജി.എസ്, ഡോ. റൗഫ് എ കെ, മുൻ സംസ്ഥാന ട്രഷറർ ഡോ ശ്രീകാന്ത് ഡി, മുൻ മാനേജിങ് എഡിറ്റർ ഡോ. ബിജോയ് സി പി , ഓർഗനൈസിംഗ് കൺവീനർ ഡോ. പദ്മപ്രസാദ്.ഡി എന്നിവർ സംസാരിച്ചു.