കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രീന്‍ മാര്‍ച്ച് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.


കൊല്ലം:കടലും കരയും സംരക്ഷിക്കപ്പെട്ടാലെ നാടിന് നിലനില്‍പ്പുള്ളൂവെന്ന് മുന്‍ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഅംഗവുമായ മുല്ലക്കര രത്നാകരന് അഭിപ്രായപ്പെട്ടു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യന്റെ ഉപജീവനം ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രീന്‍ മാര്‍ച്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലം ബീച്ചില്‍ നിര്വ്വഹിക്കുകയായിരുന്നുഅദ്ദേഹം. ആധുനിക മനുഷ്യന് പ്രകൃതി വിരുദ്ധ ജീവിതമാണ് നയിക്കുന്നത്. മറ്റ് ജീവിവര്‍ഗ്ഗങ്ങളെല്ലാം പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. ലോകം വെട്ടിപ്പിടിക്കാനുള്ള പാച്ചിലിലാണ് പ്രകൃതി വിരുദ്ധ ജീവിതം നയിക്കുന്ന മനുഷ്യരുള്ളത്. അവര്‍ ന്യൂനപക്ഷമാണ് എന്നാല്‍ അവര്‍ ശക്തരാണ്. എന്നാല്‍ പ്രകൃതി മനുഷ്യനോട് യുദ്ധം പ്രഖ്യാപിച്ചാല്‍ പിന്നെ മനുഷ്യന് നിലനില്‍പ്പില്ല നമ്മുടെ കാലാവസ്ഥ ദിനംപ്രതി മാറുകയാണ്. ഇത് നമ്മുടെ കാര്‍ഷിക ജീവിത രീതിയെ തകര്‍ക്കുന്നു. പ്രകൃതിയെയും ചുറ്റുപാടുകളെയും സംരക്ഷിക്കേണ്ടത് നിലനില്‍പ്പിന് ആവശ്യമാണ്. മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യതസ്തമായി ബുദ്ധി ഉപയോഗിക്കാന്‍ മനുഷ്യന് കഴിയും. ബുദ്ധി ഉപയോഗത്തിലൂടെ സുഖലോലുപതയിലേക്ക് സഞ്ചരിക്കുന്നതിന് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇപ്പോള്‍ കടലിനെ ലാഭം ലക്ഷ്യമാക്കി ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു. കടലും കരയും പരസ്പര പൂരകങ്ങളാണ്. ന്യൂസിലാന്റ് നദികളില്‍ അണകെട്ടാന്‍ അനുവദിക്കുന്നില്ല. അതൊരു മാതൃകയാണ്. മനുഷ്യന് ഒന്നിനെയും ബന്ധുവായി കാണാന്‍ കഴിയുന്നില്ല. പ്രകൃതിയെ ബന്ധുവായി കണ്ട് സംരക്ഷിക്കേണ്ടതുണ്ട്. അതിന് പരിസ്ഥിതി പാഠഭാഗമാകണം. ശാസ്ത്രീയ പഠനമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമ്പത്തിനെ മാത്രമല്ല പ്രകൃതിയെയും നശിപ്പിക്കുന്നു. മണ്ണിന്റെ സ്വഭാവം ശാസ്ത്രീയ പഠനം നടത്താത്തതു കൊണ്ടാണ് മഴപെയ്തപ്പോള്‍ ദേശീയപാത തകര്‍ന്നത്.
കുട്ടനാടില്‍ വെള്ളം കയറുന്നത് കായല്‍ കയ്യേറ്റം മൂലമാണ്. കടലിലെ മണ്ണ് കടലിനുള്ളതാണ്. എടുക്കേണ്ട മണ്ണ് കടലു തന്നെ കരയിലെത്തിക്കും. മുതലാളിത്തം എല്ലാത്തിനെയും ചരക്കായി മാത്രമാണ് കാണുന്നത്. ചരക്കുകള്‍ക്ക് മൂല്യം കൂടുന്നതിനനുസരിച്ച് മനുഷ്യന് മൂല്യമില്ലാതാകുന്നു. പ്രകൃതി മനുഷ്യനെ ഒരു മാതാവിനെപ്പോലെ സംരക്ഷിക്കുന്നു. അതുപോലെ തിരിച്ചും സംരക്ഷിക്കാന്‍ തയ്യാറാകണമെന്നുംമുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു.

ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്. സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ആര്.വിഷ്ണുപ്രസാദ് ,ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി. ഗോപകുമാര്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, എന്‍. കൃഷ്ണകുമാര്‍, വി. ബാലകൃഷ്ണന്, വി. ശശിധരന് പിള്ള, സി.മനോജ് കുമാര്‍, ഐ.സബീന, സതീഷ്.കെ.ഡാനിയല്‍ കെ.ബി.അനുഎന്നിവർ സംസാരിച്ചു.
തിരുവനന്തപുരത്ത് വലിയതുറ ബീച്ചിലേക്ക് നടത്തിയ ഗ്രീന്മാര്ച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും പത്തനംതിട്ടയില്‍ ഗാന്ധി പാര്‍ക്കു മുതല്‍ ചുട്ടിപ്പാറവരെ നടത്തിയ മാര്‍ച്ച മലയാലപ്പുഴ ശശിയും ആലപ്പുഴയില്‍ വലിയഴീക്കല്‍ ബീച്ച് പാര്‍ക്ക് മുതല്‍ ലൈറ്റ് ഹൗസ് വരെ നടത്തിയ മാര്‍ച്ച് റ്റി.ജെ.ആഞ്ജലോസും ഇടുക്കിയില്‍ തൊടുപുഴ നടത്തിയ മാര്‍ച്ച് ബിന്ദുരാജനും കോട്ടയത്ത് വൈക്കം ബോട്ടുകവലയില് നിന്നും ഇണ്ടംതുരുത്തി മനയിലേക്കുള്ള മാര്‍ച്ച് അഡ്വ.വി.ബി.ബിനുവും എറണാകുളത്ത് ചെറായിലേക്കുള്ള മാര്‍ച്ച് എന്‍.അരുണും തൃശൂരില്‍ ചാവക്കാട് ബീച്ചിലേക്ക് നടത്തിയ മാര്‍ച്ച് എസ്.പി.രവിയും പാലക്കാട് നിളാതീരത്ത് നടത്തിയ മാര്‍ച്ച് മഹേന്ദ്രന് മാസ്റ്ററും മലപ്പുറത്ത് പൊന്നാനി കടപ്പുറത്തിറത്തിലേക്ക് നടത്തിയ മാര്‍ച്ച് എം.എം.സജീന്ദ്രനും കോഴിക്കോട് കടപ്പുറത്തേക്കുള്ള മാര്‍ച്ച് കെ.പി.ഹുസൈനും വയനാട് മേപ്പാടിയിലേക്കുള്ള മാര്‍ച്ച് ഇ.ജെ.ബാബുവും കണ്ണൂരില്‍ പയ്യാമ്പലം ശാന്തിതീരം ബീച്ചിലേക്കുള്ള മാര്‍ച്ച് വി.വി.ശ്രീനിവാസന് മാസ്റ്ററും കാസര്‍ഗോഡ് പള്ളിക്കര ബീച്ചിലേക്കുള്ള മാര്‍ച്ച് ജിതേഷ് കണ്ണപുരവും ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സേനയ്ക്കും ഇന്ന് തുടക്കം കുറിച്ചു.
ജൂണ്‍ 5 മുതല്‍ 10 വരെ ജോയിന്റ് കൗണ്‍സില്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി. ഒരു യൂണിറ്റില്‍ 2 മരം എന്ന കണക്കില്‍ 1198 മരങ്ങള്‍ നട്ട് സംരക്ഷിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ പറഞ്ഞു.