മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു .


മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.

രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. കെ കരുണാകരന്- എ കെ ആന്റണി പോര് മൂര്‍ച്ഛിച്ചു നിന്നപ്പോള്‍, ഹൈക്കമാന്‍ഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിലാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം.
തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം.
ഏറ്റവും ബഹുമാന്യനായ തെന്നല ബാലകൃഷ്ണ പിള്ളയുടെ വേര്‍പാടിലൂടെ കോണ്‍ഗ്രസിന് തറവാട്ട് കാരണവരെയാണ് നഷ്ടമായത്. പതിറ്റാണ്ടുകളോളം പക്വതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ നിരവധി നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിലെല്ലാം അത് പരിഹരിക്കാന്‍ അദ്ദേഹത്തെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്. ഏത് പ്രതിസന്ധിയെയും പരിഹരിക്കാന്‍ കഴിയുന്ന പക്വവും സ്നേഹപൂര്‍ണവുമായ സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞാല്‍ കോണ്‍ഗ്രസിലെ കെ. കരുണാകരനും എ.കെ ആന്റണിയും ഉള്‍പ്പെടെയുള്ള ഏത് നേതാക്കളും പൂര്‍ണമായും അംഗീകരിക്കുമായിരുന്നു.
എം.എല്‍.എയായും രാജ്യസഭാംഗമായും കെ.പി.സി.സി അധ്യക്ഷനായും കോണ്‍ഗ്രസിലെ അടുത്തതലമുറയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഞങ്ങളുടെയൊക്കെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഏത് വിഷമവും പങ്കുവയ്ക്കാന്‍ കഴിയുന്ന കുടുംബത്തിലെ കാരണവരെ പോലെയായിരുന്നു അദ്ദേഹം. വാത്സല്യവും സ്നേഹവും കോണ്‍ഗ്രസിലെ തലമുറകള്‍ക്ക് വാരിക്കോരി നല്‍കിയിരുന്ന നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.