പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിൻ്റെ ആവർത്തനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. പുന്നല ശ്രീകുമാർ.


പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ഐക്യശ്രമത്തിൻ്റെ ആവർത്തനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഹിന്ദുസമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങൾക്ക് ഈ ഐക്യം ഒരു പ്രയോജനവും ചെയ്യുന്നതല്ല. “നായാടി മുതൽ നമ്പൂതിരി വരെ” എന്ന ആശയം മന്നത്ത് പദ്മനാഭൻ്റെയും ആർ.ശങ്കറിൻ്റെയും നേതൃത്വത്തിൽ 1949 ൽ രൂപംകൊണ്ട ഹിന്ദു മഹാമണ്ഡലത്തിൻ്റെ മുദ്രാവാക്യമായിരുന്നു. ജാതിരഹിത ഹിന്ദുസമൂഹം എന്ന വിശാല കാഴ്ചപ്പാടായിരുന്നു അതിനുണ്ടായിരുന്നത്.

സംവരണ വിഷയത്തിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് ഐക്യത്തിന് തടസ്സമായതെന്നും, ഇപ്പോൾ അത്തരം സാഹചര്യം നിലവിൽ ഇല്ലെന്നുമുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമായി കാണേണ്ടതാണ്. സമുദായ സംവരണത്തെയും, ജാതി സെൻസസിനെയും എതിർക്കുകയും അതിന് തടയിടാൻ കേന്ദ്രസർക്കാരിനു മുന്നിൽ നിവേദനവുമായി പോകുകയും ചെയ്തിട്ടുള്ള എൻ.എസ്.എസുമായി ചേർന്ന് സൃഷ്ടിക്കുന്ന ബാന്ധവം ഈഴവ സമുദായത്തിന് തന്നെ ദോഷകരമാണ്.
ഐക്യശ്രമങ്ങൾക്ക് ഉൾപ്രേരകമായി ചില വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്താനുള്ള ശ്രമം നാടിൻ്റെ മാതേതര കാഴ്ചപ്പാടുകൾക്ക് യോജിക്കുന്നതല്ല. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഐക്യമെന്ന സമ്മർദ്ദതന്ത്രം കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.