ഫാ.പ്ലാംപാനിയുടെ പ്രസ്താവന അപക്വം, ആത്മീയതയുടെ മുഖം മൂടിയണിഞ്ഞ് നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ തിരിച്ചറിയണം -ജോയിന്റ് കൗണ്‍സില്‍


മാര്‍ ജോസഫ് പ്ലാംപാനി നിരന്തമായി സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യം വച്ച് നടത്തുന്ന വിഷലിപ്തമായ പ്രസ്താവനകള്‍ പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും ഒരു പ്രസ്താവനയില്‍ പറഞ്ഞു. തന്റെ അധികാര പരിധിയിലുള്ളവരെ പ്രീണിപ്പിക്കാനായി സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളായി പ്രതിഷ്ഠിക്കുന്ന തരംതാണ രാഷ്ട്രീയമാണ് ജോസഫ് പ്ലാംപാനിയുടേത്. സ്നേഹവും സമാധാനവും പഠിപ്പിക്കേണ്ട സ്ഥാനത്തിരുന്ന് വിദ്വേഷത്തിന്റെ വിത്ത് പാകുന്നത് പുരോഹിത പദവിക്ക് ചേര്‍ന്നതല്ല. സര്‍ക്കാരിന്റെ ചെലവ് സംബന്ധിച്ച് പൊതുസമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആകെ ചെലവിന്റെ 25 % ത്തില്‍ താഴെയാണ് ശമ്പളത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നിരിക്കെ സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് ജീവനക്കാരെ ജനങ്ങളുടെ ശത്രുക്കളാക്കുന്ന രീതിയിലുള്ള പെരുപ്പിച്ച കണക്കുകളാണ് അദ്ദേഹം പറയുന്നത്. നടപ്പു വര്‍ഷത്തെ ബഡ്ജറ്റില്‍ ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റിവച്ചിരിക്കുന്നത് ആകെ ചെലവിന്റെ 24.58 ശതമാനമാണ്. ഫാ.പ്ലാംപാനിയുടെ നേതൃത്വത്തിലുള്ള സഭ നടത്തുന്ന 82 എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. ഈ നിയമനം കോഴ വാങ്ങിയാണ് നടത്തുന്നതെന്ന് ആരോപണങ്ങള്‍ ഉണ്ട്. ഇവ പി.എസ്.സി ക്ക് വിടാന്‍ തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഉണ്ടായപ്പോള്‍ ജീവന് പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാരാണ്. ഫാ.പ്ലാംപാനിയെ പോലുള്ളവരെ അത്തരം ഇടങ്ങളില്‍ കാണാന്‍ കഴിയില്ല. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളായിരിക്കെ അത് മറച്ച് വയ്ക്കാനായി നുണക്കഥകളുമായി രംഗത്തിറങ്ങുന്നത് പുരോഹിതന് ചേരുന്ന നടപടിയല്ല. സാമൂഹിക സുരക്ഷയിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ലോക മാതൃകയായി കേരളം മാറിയത് ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ജീവനക്കാരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്. കേരളം ആര്‍ജ്ജിച്ച എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെ പിന്നിലും സിവില്‍ സര്‍വീസ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ സര്‍ക്കാര്‍ ജീവനക്കാരെ തീറ്റിപ്പോറ്റാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്ലാംപാനിയുടെ പ്രസ്താവന പൊതുസമൂഹവും വിശ്വാസികളും അവജ്ഞയോടെ തള്ളിക്കളയുമെന്ന് ജോയിന്റ് കൗണ്‍സില്‍ പ്രസ്താവിച്ചു.
