ഭിന്നശേഷിക്കാരനെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച ആൾ പിടിയിൽ


മുൻവിരോധം നിമിത്തം ഭിന്നശേഷിക്കാരനായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്യ്തു. മുരുന്തൽ വൈശാഖം വീട്ടിൽ സിനോജ്(45) ആണ് പോലീസിന്റെ പിടിയിലായത്. അഞ്ചാലുംമൂട് മുരുന്തൽ സ്വദേശി വിനോദിനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. 19.02.2026 വ്യാഴാഴ്ച രാത്രി 10.00 മണിയോടെ വിനോദിന്റെ വീടിന്റെ വാതിൽ പ്രതി ചവിട്ടിപൊളിച്ച് അതിക്രമിച്ച് കയറി ചീത്ത വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കൈയിലുണ്ടായിരുന്ന ബെൽറ്റ് കൊണ്ട് കഴുത്തിൽ മുറുക്കിയ ശേഷം വലിച്ചിഴക്കുകയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ വിനോദിന്റെ തലയോട്ടിക്കും സ്വാധീനം ഇല്ലാത്ത ഇടത് കൈയുടെ തോളെല്ലിനും പൊട്ടൽ സംഭവിച്ചു. വിനോദിന്റെ പരാതിയെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് പ്രതിയായ സിനോജിനെ പിടികൂടുകയായിരുന്നു. മുമ്പും സമാനമായ കുറ്റകൃത്യങ്ങൾക്ക് അഞ്ചാലുംമൂട് പോലീസ് ഇയാൾക്കെതിരെ നാലോളം കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. അഞ്ചാലുംമൂട് ഇൻസ്പെകട്ർ ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ പ്രദീപ്, അർജുൻ അജിത്ത്, സഞ്ജയൻ, സി.പി.ഓ മാരായ വിഗ്നേഷ്, അംഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
