മെഡിസെപ്പ് വേദനയുമായി ഒരു പെൻഷൻകാരൻ തൻ്റെ അവസ്ഥ വിവരിക്കുന്നു. മെഡിസെപ്പ് സർക്കാർ ഗൗരവമായി കാണണം


മെഡിസെപ്പ് – ഒരു നേർസാക്ഷ്യം

ഞാൻ ഒരു സംസ്ഥാന സർവ്വീസ് പെൻഷററാണ്. സംസ്ഥാനസർക്കാർ, ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിച്ചു തന്ന ഒരു ഇൻഷൂറൻസ് പദ്ധതിയാണ് മെഡിസെപ്പ്. ആദ്യഘട്ടത്തിൽ പ്രീമിയം 500 രൂപയും കവറേജ് 3 ലക്ഷം രൂപയും ആയിട്ടാണ് പദ്ധതി ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ അത് 687 രൂപ പ്രീമിയവും 5 ലക്ഷം രൂപ കവറേജുമാക്കി മാറ്റി. പ്രീമിയം നിർബ്ബന്ധിതമായി എല്ലാ പെൻകാരിൽ നിന്നും പിടിച്ചെടുത്ത് ഒറിയൻ്റൽ ഇൻഷൂറൻസ് കമ്പനിക്ക് നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിൽസർക്കാർ വിഹിതമൊന്നും ലഭിക്കുന്നില്ല. സർക്കാർ ഇവിടെ ഒരുകമ്മീഷൻ ഏജൻറായി മാത്രമാണ് പ്രവർത്തിക്കുന്നത്.
എൻ്റെ ഭാര്യയ്ക്ക് ശക്തിയായ പനിയും ശരീരവേദയും അനുഭമപ്പെട്ടതിനെ തുടർന്ന് 02/12/25 ന് വടകര ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവിടത്തെ മെഡിസെപ്പ് കൗണ്ടറിൽ നിന്നും ഇൻഷുറൻസ് ലഭിക്കുമെന്ന് ഉറപ്പ് കിട്ടി. എന്നാൽ 04/12/25 ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ഇൻ ഷൂറൻസ് തുക രണ്ട് ദിവസം കഴിഞ്ഞേ ലഭിക്കയുള്ളൂ എന്നും അതിനാൽ ബിൽ തുക മുഴുവനും അടയ്ക്കണം എന്നു മാണ് പറഞ്ഞത്. അതു പ്രകാരം 18756 രൂപ അടച്ചു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വിചിത്രമായ ഒരു അറിയിപ്പ് ആണ് ലഭിച്ചത്. രോഗിയ്ക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനാവശ്യമുള്ള രോഗമില്ല. യാതൊരു വിധ ആൻ്റി ബയോട്ടിക്കും നൽകിയിട്ടില്ല. ആയതിനാൽ നിങ്ങളുടെ ഇൻഷൂറൻസിനുള്ള അപേക്ഷ നിരസിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും രോഗം മൂർച്ചിച്ച തിനെ തുടർന്ന് 07/12/ 25 ന് അതേ ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റു ചെയ്തു. രോഗി അപ്പോഴേയ്ക്കും 75% അബോധാവസ്ഥയിലായിരുന്നു. വിശദമായ സ്കാനിങ്ങ് പരിശോധനയിലൂടെ പിത്താശയത്തിൽ കല്ലുനിറഞ്ഞ് ബ്ലോക്കായി പഴുപ്പ് ബാധിച്ചിരിക്കുകയും അതേ തുടർന്ന് മഞ്ഞപിത്തവും ഉണ്ട് എന്ന് മനസ്സിലാക്കി. ഒരു എമർജൻസി സർജറി ആവശ്യമാണെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഈ ഹോസ്പ്പിറ്റലിൽ സർജറി ചെയ്യാൻ യോഗ്യതയുള്ള ഗ്യാസ്ട്രോ സർജൻ ഇല്ലാത്തതിനാൽ 09/12/25 ന് അവിടെ നിന്നും ഡിസ്ചാർജ്ജ് വാങ്ങി. അപ്പോൾ 27 756 രൂപ ബില്ലടക്കേണ്ടിവന്നു. മെഡി സെപ്പ് അപേക്ഷ ഇത്തവണയും നിരസിച്ചു. കാരണം ആൻ്റിബയോട്ടിക് നൽകിയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല എന്നായിരുന്നു വാദം. 24 മണിക്കൂർ അഡ്മിറ്റ് ചെയ്താൽ ഇൻഷുറൻസ് കിട്ടാൻ അവകാശമുണ്ടെന്നിരിക്കെയാണ് ഇത്തരം ന്യായങ്ങൾ ഉന്നയിക്കുന്നത്. അതായത് നാലു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ മൊത്തം46, 506 രൂപ ബില്ലടക്കേണ്ടിവന്നു. മെഡിസെപ്പ് വകയിൽ ഒരു രൂപ പോലും ലഭിച്ചില്ല.
പിന്നീട് 09/02/25 ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ രോഗിയെ അതീവഗുരുതരാവസ്ഥയിൽ അഡ്മിറ്റു ചെയ്തു. അവിടെയും മെഡി സപ്പ് അപേക്ഷ സ്വീകരിച്ചു.10/12/25 ന് സർജറി കഴിഞ്ഞു. 10 ദിവസത്തിനു ശേഷമാണ് അവിടെ നിന്നും ഡിസ്ചാർജ്ജ് ആയത്. 3,96,000 രൂപ ബിൽ അടക്കേണ്ടി വന്നു. പെൻഷൻ മാത്രം വരുമാനമുള്ള എനിക്ക് പലരിൽ നിന്നും കടം വാങ്ങി ഈ തുക സംഘടിപ്പിക്കേണ്ടിവന്നു. അപ്പോഴുംമെഡിസെപ്പ് ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ വെറും41, 200 രൂപ മാത്രമാണ് ഈ ഇനത്തിൽ ലഭിച്ചത്. പെൻഷൻകാരിൽ നിന്നും ബലമായി പിടിച്ചെടുത്തതുക ഇൻഷൂറൻസ് കമ്പനിയ്ക്ക് നൽകുമ്പോൾ പെൻഷൻകാർക്ക് അവകാശപ്പെട്ടതുക വാങ്ങിക്കൊടുക്കാൻ സർക്കാരിന് യാതൊരു ബാധ്യതയുമില്ലേ. പെൻഷൻകാരുടെ ക്ഷേമത്തിനായിട്ടാണോ ഇൻഷൂറൻസ് കമ്പനിയുടെ ക്ഷേമത്തിനായിട്ടാണോ സർക്കാർ നിലകൊള്ളുന്നത്. വലിയ പ്രതീക്ഷയോടെയും ആശ്വാസത്തോടെയും ആയിരുന്നു ഞങ്ങൾ മെഡിസെപ്പിനെ കണ്ടിരുന്നത്. എന്നാൽ ഇത് കൊണ്ട് പെൻഷൻകാർക്ക് യാതൊരു പ്രയോജനവുമില്ല എന്ന് അനുഭവത്തിൽ നിന്നും ബോധ്യമായി. എന്നെപ്പോലെ നിരവധി പെൻഷൻകാർ രോഗം വന്ന് കടക്കെണിയിലേക്ക് തള്ളപ്പെടുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഇതിനു മാറ്റം വരണം
ഇ.എം സോമൻ
9446355534