സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോള്‍, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു


സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോള്‍, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയില്‍ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നല്‍കാനായിട്ടില്ല. കണ്ണുകള്‍ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങള്‍ എന്നും എന്നില്‍ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാല് തൊട്ടു തൊഴുതപ്പോള്‍, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറില്‍ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോള്‍ ഏതാണ്ട് ഇരുപത് വർഷം ഞങ്ങള്‍ക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയില്‍ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകള്‍ക്ക് ഉപദേശങ്ങള്‍ നല്കുവാനോ, പഠനത്തിലെ സംശയങ്ങള്‍ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവില്‍ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയില്‍ നിന്നും ,സഹകരണ ബാങ്കില്‍ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോള്‍ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.

സിവില്‍ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളില്‍ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോള്‍ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോള്‍ , തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ , എല്ലാം- തന്റെ മകള്‍ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്..