കെഎസ്ആർടിസി സർവീസുകൾ വിപുലീകരിച്ച് വരുമാനവർധനവ് ഉറപ്പാക്കി: മന്ത്രി കെ ബി ഗണേഷ് കുമാർ
കൊട്ടാരക്കര : കെഎസ്ആർടിസി ബസ് സർവീസുകൾ വിപുലീകരിച്ചതിലൂടെ വരുമാനവർധനവ് ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. തലചിറ- പള്ളിമുക്ക് ജംഗ്ഷനിൽ പച്ചൂർ – തലച്ചിറപ്പള്ളി -വെട്ടിക്കവല റൂട്ട് ബസ് സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകൾ നവീകരിച്ചതിലൂടെ കെഎസ്ആർടിസി ബസ് സർവീസുകൾ കൂടുതൽ വ്യാപിപ്പിച്ചു. തലച്ചിറ പള്ളിമുക്കിൽ നിന്ന് ആരംഭിക്കുന്ന ബസ് സർവീസ് ഇടത്തറ, പച്ചൂർ വഴി വെട്ടിക്കവല – ചെങ്ങമനാട്-കൊട്ടാരക്കര റൂട്ട് വഴി പോകും. ചക്കുവരയ്ക്കിലിലേക്കും, അടൂർ പന്തളം പാതയിലും ബസ് സർവീസ് സഞ്ചരിക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമാകും വിധമാണ് ബസ് സർവീസ് സമയക്രമീകരണം. പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണം പൂർത്തിയാക്കി. കല്ലടയാറിന് കുറുകെ ഒമ്പതാമത്തെ പാലം അനുവദിച്ചു. ഗതാഗത മേഖലയിൽ തുടർ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ കോശി അധ്യക്ഷനായി. മെമ്പർമാരായ ടി ആർ കലാദേവി, ഗിരീഷ് കുമാർ, ഷാനവാസ് ഖാൻ, തലച്ചിറ അസീസ് എന്നിവർ പങ്കെടുത്തു.
