ഗോവിന്ദന്റെ ‘കണ്ണൂര്‍ മോഡല്‍’ പരീക്ഷണം – തളിപ്പറമ്പില്‍ പി കെ ശ്യാമള സീറ്റ് ഉറപ്പിച്ചു.
കണ്ണൂർ: കേരള സി.പി.എമ്മില്‍ എം.വി. ഗോവിന്ദന് എന്ന ‘സാരഥി’ തന്റെ അധികാരം അരക്കിട്ടുറപ്പിക്കുമ്പോള്‍ പടിയിറങ്ങുന്നത് പാര്‍ട്ടിയുടെ കരുത്തുറ്റ ജനകീയ മുഖങ്ങള്‍. ജി. സുധാകരനെ അപമാനിച്ച് പുറത്താക്കിയും, കെ.കെ. ശൈലജയെയും എം.എം. മണിയെയും ഒതുക്കിയും പാര്‍ട്ടിയില്‍ ‘ഏകാധിപത്യ’ നീക്കങ്ങള്‍ സജീവമാകുന്നു. ഏറ്റവും ഒടുവില്‍ തളിപ്പറമ്പില്‍ സ്വന്തം ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റ് ഉറപ്പിച്ചതോടെ ഗോവിന്ദന്റെ രാഷ്ട്രീയ അജണ്ടകള്‍ മറനീക്കി പുറത്തുവരികയാണ്.
63 വര്‍ഷത്തെ ചുവപ്പന്‍ ചരിത്രമുള്ള ജി. സുധാകരന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ പടിയിറങ്ങുന്നത് വെറുമൊരു വിരമിക്കലല്ല, മറിച്ച് ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ വെട്ടിനിരത്തലിന്റെ ഫലമാണ്. ‘താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല’ എന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന് പരിഹസിച്ചു ചിരിച്ചത് സുധാകരനെന്ന വിപ്ലവകാരിയുടെ നെഞ്ചിലേറ്റ മുറിവായി. അടിയന്തരാവസ്ഥയില്‍ തല്ലുവാങ്ങിയ പാരമ്പര്യമുള്ള സുധാകരനെ ബ്രാഞ്ച് കമ്മിറ്റിയില്‍ പോലും ശ്വാസം മുട്ടിച്ചപ്പോള്‍, ജില്ലയിലെ ഗോവിന്ദന്റെ വിശ്വസ്തര്‍ അത് ആഘോഷിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ കരുത്തരെ ഓരോരുത്തരെയായി വെട്ടിമാറ്റുന്നതാണ് പുതിയ രീതി.
കെ.കെ. ശൈലജ ടീച്ചറെ പേരാവൂരില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. എം.എം. മണിയെ ഒതുക്കി. ഇടുക്കിയിലെ സി.പി.എമ്മിന്റെ കരുത്തനായ മണിച്ചിട്ടനെ ‘പ്രായാധിക്യം’ പറഞ്ഞ് വീട്ടിലിരുത്താനാണ് നീക്കം. എതിര്‍പ്പുകള്‍ കാറ്റില്‍പ്പറത്തി തന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗോവിന്ദന് വിജയിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം പുകയുമ്പോഴും ‘സംസ്ഥാന സെക്രട്ടറിയുടെ അധികാരം’ ഉപയോഗിച്ച് ഇത് നടപ്പിലാക്കുകയാണ്. സി.പി.എമ്മിനെ ഞെട്ടിക്കുന്നത് സുധാകരന്റെ അടുത്ത നീക്കമാണ്. അമ്പലപ്പുഴയില്‍ സുധാകരനെ ‘പൊതു സ്വതന്ത്രനായി’ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം ഊര്‍ജ്ജിതമാക്കി. സുധാകരന്റെ വ്യക്തിപ്രഭാവവും വികസന നായകന് എന്ന പ്രതിച്ഛായയും വോട്ടാക്കി മാറ്റാന്‍ യു.ഡി.എഫ് തയ്യാറെടുക്കുന്നു.
അമ്പലപ്പുഴയില്‍ സുധാകരന് സ്വതന്ത്രനായി നിന്നാല്‍ സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടാകും. ഇത് പാര്‍ട്ടിയുടെ ഉറച്ച കോട്ട തകരാന്‍ കാരണമാകും. ഗോവിന്ദന്റെ ഈ ‘കണ്ണൂര്‍ മേധാവിത്വം’ പാര്‍ട്ടിയില്‍ വലിയ ഭിന്നതയ്ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പഴയകാല നേതാക്കളെ അപമാനിക്കുന്നതും കുടുംബവാഴ്ചയ്ക്ക് വഴിമരുന്നിടുന്നതും അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്.
