റഹീമേ എവിടെയുണ്ട്?”പ്രിയപ്പെട്ട എം.എൽ.എ ഐ.ബി. സതീഷേട്ടന്റെ ഫോൺ കോൾ
“റഹീമേ എവിടെയുണ്ട്?”
ഇന്നലെ ഉച്ചകഴിഞ്ഞ് സിവിൽ സർവീസ് ഫലം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്ന സമയത്താണ് പ്രിയപ്പെട്ട എം.എൽ.എ ഐ.ബി. സതീഷേട്ടന്റെ ഫോൺ കോൾ വരുന്നത്. സ്വന്തം കുടുംബത്തിലാർക്കോ വലിയൊരു നേട്ടം ലഭിച്ചതിന്റെ സന്തോഷവും അഭിമാനവും ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.
”നീ വരണം, നമുക്ക് ശ്രീജയെ നേരിട്ട് കണ്ട് അഭിനന്ദിക്കണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് ആ കുട്ടി ഈ വലിയ വിജയം നേടിയത്.”
സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 57-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി കേരളത്തിനാകെ അഭിമാനമായി മാറിയ ശ്രീജയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിക്കണം എന്ന കാര്യമറിയിക്കാനാണ് കാട്ടാക്കട എം എൽ എ ആയ സഖാവ് ഐ ബി സതീഷ് വിളിച്ചത്.
ശ്രീജയുടെ വീട്ടിലേക്ക് സതീഷേട്ടൻ ആദ്യമായി എത്തുന്നത് +2 പരീക്ഷയിൽ 1200-ൽ 1200 മാർക്കും കരസ്ഥമാക്കിയ സമയത്താണ്.
അന്ന് ആ വീട്ടിലെത്തിയപ്പോൾ കണ്ട ഒരു കാഴ്ച അദ്ദേഹം ഇന്നും അത്ഭുതത്തോടെയും അഭിമാനത്തോടെയും ഓർത്തെടുക്കുന്നുണ്ട്.
തന്റെ ലക്ഷ്യം ശ്രീജ നേരത്തെ തന്നെ വീട്ടുചുമരിൽ കുറിച്ചിട്ടിരുന്നു… “1200/1200…!!!”
കാട്ടാക്കട മണ്ഡലത്തിലെ നാരുവാമൂട് രോഹിണിയിൽ ജയകുമാറിന്റെയും ഷീജകുമാരിയുടെയും മകളാണ് ശ്രീജ.
വളരെ സാധാരണ ചുറ്റുപാടിൽ നിന്നുള്ള കുടുംബം.
ജയകുമാറേട്ടൻ നിർമ്മാണ തൊഴിലാളിയാണ്. പരിമിതികളെല്ലാം മാറ്റിവെച്ച്, തന്റെ സ്വപ്നങ്ങളിലേക്ക് ശ്രീജ നടന്നുകയറിയത് എത്രമാത്രം നിശ്ചയദാർഢ്യത്തോടെയാണെന്ന് നോക്കൂ!
ശ്രീജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
രാവിലെ ശ്രീജയുടെ നരുവാമൂടിലെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
സി പി ഐ എം നേമം ഏരിയ സെക്രട്ടറി അഡ്വ.എ പ്രതാപ ചന്ദ്രൻ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ,
നാരുവാമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
