പോക്സോ കേസിലെ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും
കൊല്ലം:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചവറ പോലീസ് സ്റ്റേഷനിൽ 2024 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നീണ്ടകര പരിമണം കെ.പി.പി സദനം വീട്ടിൽ ബാബു എന്ന ഹരികുമാർ(58) നെയാണ് കോടതി ശിക്ഷിച്ചത്. കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ശ്രീ രാജീവൻ വാചാലിൽ ആണ് ശിക്ഷ വിധിച്ചത്. ചവറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കുമാർ രജിസ്റ്റർ ചെയ്യ്ത കേസിൽ കേസിന്റെ പ്രാധാന്യം മുൻ നിർത്തി ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്.സി.പി.ഓ രഞ്ജിത്ത് രാജൻ എന്നിവർ ചേർന്ന് തുടർ അന്വേഷണം പൂർത്തിയാക്കി 10 ദിവസം കൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി പ്രേമചന്ദ്രൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ സലീന മഞ്ജു ഏകോപിപ്പിച്ചു.
