വകുപ്പിലെ ക്രമക്കേടുകൾക്കെതിരെ നിരന്തരം വിവരാവകാശ ചോദ്യം നൽകിയ ഐടിഐ അധ്യാപകനെതിരെ പ്രതികാരനടപടി: കള്ളപരാതിയിന്മേൽ അന്വേഷണവിധേയമായി സസ്പെൻഷൻ.
തിരുവനന്തപുരം: വകുപ്പിലെ ക്രമക്കേടുകൾക്കെതിരെ വിവരാവകാശം ചോദിച്ച അധ്യാപകനെതിരെ പ്രതികാരം നടപടിയും കള്ളക്കേസിൽ സസ്പെൻഷനും. ധനുവച്ചപുരം സർക്കാർ ഐടിഐയിൽ വയർമാൻ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടർക്കെതിരെയാണ് വകുപ്പിന്റെ പ്രതികാര നടപടി.
വ്യാവസായിക പരിശീലന വകുപ്പിലെ ഐടിഐകളിൽ ഓൺലൈൻ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇറക്കിയ അന്തിമ പട്ടികയിലെ ക്രമക്കേടുകൾ, സീനിയോറിറ്റി മറികടന്ന് പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ടതും സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം മറികടന്ന് പരിശീലന ചുമതലയുള്ള ജോയിൻ ഡയറക്ടർ എൽഡിഎഫ് സർക്കാറിനോട് പ്രതിബദ്ധത കാണിക്കണമെന്ന പൊതുവേദിയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ സ്വീകരിച്ച നടപടികൾ എന്നിവ വിവരാവകാശ ചോദ്യമായി ഉന്നയിച്ചതിലുള്ള വൈരാഗ്യമാണ് കുട്ടികളെ ഉപയോഗിച്ച് കള്ള പരാതി നൽകിയതെന്നാണ് പരക്കെ ആരോപണം. മുൻപും ഇത്തരത്തിൽ ഇതര സംഘടനയിൽ പെട്ടവർക്കെതിരെ ഇത്തരം കള്ള പരാതികൾ കുട്ടികളിൽ നിന്നും എഴുതി വാങ്ങി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജോയിൻ ഡയറക്ടർ ഇടപെട്ടിട്ടുണ്ടത്രേ. സർക്കാരിൽ നിന്നും എൻ ഒ സി വാങ്ങാതെ ബിടെക് പഠനം പൂർത്തിയാക്കി പ്രമോഷൻ നേടിയ വസ്തുതകളും വിവരാവകാശ നിയമപ്രകാരം പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചതാണ് അധ്യാപകനെതിരെ നടപടിയെടുക്കാൻ ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചത്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശാസ്ത്രീയ പഠനം ഇല്ലാതെ വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെട്ട കമ്മിറ്റി അമ്പതോളം അധ്യാപക തസ്തികകൾ വെട്ടി ചുരുക്കുകയും ആയത് പ്രകാരം പുനർസൃഷ്ടിക്കപ്പെട്ട തസ്തികകളിലൂടെ യൂണിയൻ നേതാക്കൾ പ്രമോഷൻ തരപ്പെടുത്തിയതും സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് ഉണ്ടായ ഒരു പ്രമോഷൻ നിയമപരമല്ല എന്നും അത് തനിക്ക് അവകാശപ്പെട്ടതാണ് എന്ന മറ്റൊരു യൂണിയൻ നേതാവിന്റെ അവകാശവാദം വകുപ്പ് അംഗീകരിച്ചതും അധ്യാപകൻ വിവരാവകാശ രേഖയിലൂടെ പുറത്തെത്തിച്ചിരുന്നു.നിരന്തരമായ ചട്ടലംഘനങ്ങളും അഴിമതിയും സ്വജനപക്ഷപാതവും വ്യാവസായിക പരിശീലന വകുപ്പിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതായി ജീവനക്കാർക്കും ആക്ഷേപമുണ്ട്.ഈ സാഹചര്യം നിലനിൽക്കേയാണ് അനഭിമതനായ ഐ. ടി. ഐ. അധ്യാപകനെ കള്ളപരാതി നൽകി കുടുക്കിയത്.
