വീടില്ലാത്തതിന്റെ ദുഃഖം ഞാനിപ്പോൾ മകളിലൂടെ തിരിച്ചറിയുന്നു. മേതിൽ രാധാകൃഷ്ണൻ.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ മേതിൽ രാധാകൃഷ്ണനുമായി കഥാകാരി ഷബിത നടത്തിയ ഒരു അഭിമുഖം.ഈ അഭിമുഖംവന്നത് യൂടുബിലാണ്. തൻ്റെ പ്രായം തനിക്ക് തന്നെ പ്രശ്നമാകുന്ന കാലത്തിലൂടെ സഞ്ചരിക്കുമ്പോഴും തളരാതെ മുന്നോട്ടു തന്നെയാണ് യാത്ര.
ഇരുപത്തിയെട്ട് മിനിറ്റുണ്ട് ആ മിണ്ടിപ്പറച്ചിലിൻ്റെ ദൈർഘ്യം. ഭാഷയെ വൈദ്യുത സ്ഫുലിംഗങ്ങളാക്കിയ വലിയ എഴുത്തുകാരൻ മേതിൽ. തരാതരം പോലെ വലത്തോട്ടോ ഇടത്തോട്ടോ ചരിയാതെ നിവർന്നു നടന്നയാൾ. ” പൊളിറ്റിക്കൽ കറക്ട് ” നെസ്സൊന്നും ബാധയായി കൊണ്ടു നടക്കാത്തയാൾ…..
വാർദ്ധക്യത്തിന്റെയും ഏകാന്തതയുടെയും നിരാസങ്ങളുടേയും ലോകത്ത് ഒരു ഗ്യാസ് ചേംബറിലെന്നോണം ശ്വാസം മുട്ടി ഇഞ്ചിഞ്ചായി അവസാനിക്കുന്ന നിർഭയനായ ആ എഴുത്തുകാരനെ കണ്ടിരിക്കവെ എനിക്കു തോന്നിയത് ഇരുട്ടിൽ നിന്നും കൂരിരുട്ടിലേക്ക് പോകുന്ന ഒരു ദുരന്ത ജീവിതത്തെക്കൂടിയാണ്.
ഒറ്റനോട്ടത്തിൽ തന്നെ ഒരു ശാപജന്മത്തിന്റെ തളർച്ചയും കിതപ്പും ആ ശരീരത്തിലുണ്ടായിരുന്നു.
ഒരിക്കൽ കുതിര രോമങ്ങൾ പോലെ തുള്ളിക്കളിച്ചിരുന്ന മുടിയിഴകൾ ജരാനരയാൽ മൂടി അസ്വസ്ഥത പരത്തുന്നു. ഇനിയും വെളിച്ചം അധികം കടക്കാത്ത ഏതോ ഒരു ഒറ്റമുറിയുടെ ഏകാന്തതയിലാണ് ആ മനുഷ്യന്റെ ഇരുപ്പ്. അങ്ങനെ പ്രത്യാശയുടെ ഒരു നേരിയ കണം പോലുമില്ലാത്ത വർത്തമാനത്തിൽ മേതിൽ ആത്മവിശ്വാസത്തോടെ ആകെ സംസാരിക്കുന്നത് താൻ സൃഷ്ടിച്ച ഭാഷയെക്കുറിച്ച് മാത്രമാണ്. തായ്ത്തടിയുടെ കാതലുറപ്പുള്ള ഭാഷയെക്കുറിച്ച്.
മറവിരോഗം വന്ന് ദീർഘകാലം ഒന്നുമറിയാതെ ജീവിച്ച ഭാര്യ, ഒരു പുലർച്ചെ തനിക്കൊരു കപ്പ് കാപ്പി ഇട്ടു കൊണ്ടു തന്ന ശേഷം മരണക്കിടക്കിയിലേക്ക് വീണ ഏക മകൾ, ഇക്കാലമെല്ലാം സ്വന്തമായി വീടില്ലാതെ പോയത്, ബാംഗ്ലൂർ പോലുള്ള നഗരത്തിൽ വലിയ വാടക നൽകി കഴിയേണ്ടിവന്നത്, അമേരിക്കയിൽ പോയി സിനിമ പഠിക്കുവാൻ അവസരം കിട്ടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് മുടങ്ങിപ്പോയത്, പിടികൂടിയ ഒന്നിലേറെ രോഗങ്ങൾ – അങ്ങനെ മേതിൽ നിരാശയുടെ ഒരു വലിയ ശ്മശാനത്തിൽ ഒറ്റയ്ക്കിരുന്നത് തീ കായുകയാണെന്ന് തോന്നി.
ഒ വി വിജയന്റെ ഖസാക്ക് കണ്ടെത്തുവാൻ ഒരു ആഷാമേനോൻ ഉണ്ടായിരുന്നു. എം മുകുന്ദനെ എല്ലാ രീതിയിലും സഹായിക്കുവാൻ കെ പി അപ്പനും വി രാജാകൃഷ്ണനും ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ വി പി ശിവകുമാറിനും കടമ്മനിട്ടയ്ക്കും നരേന്ദ്രപ്രസാദിൻ്റെ പിന്തുണ ഉണ്ടായിരുന്നു. മേതിലിൻ്റെ രചനകളെ അത്തരത്തിൽ ആരെങ്കിലും ആഴത്തിൽ പഠിച്ചുവോ?
അഭിമുഖത്തിലുടനീളം മേതിൽ വേദനിക്കുന്നുണ്ട്. ഭൗതികമായ ജീവിതത്തിൽ ഇത്രയേറെ പരാജയപ്പെട്ട ഒരു എഴുത്തുകാരൻ മറ്റൊരാളില്ല എന്ന് നമുക്ക് തോന്നും.
അനുഭവിക്കാത്ത പട്ടിണിയെക്കുറിച്ചും അനുഭവിക്കാത്ത തടവറകളെക്കുറിച്ചും അനുഭവിക്കാത്ത പോലീസ് മർദ്ദനങ്ങളെക്കുറിച്ചൊന്നും മേതിൽ പറയുന്നില്ല. ഓരോ എഴുത്തുകാരനും സർഗ്ഗരചനകൾ നടത്തുന്ന ഓരോ ഇനം മരങ്ങളാണെന്നും അവ എന്തിൻ്റെ അടിസ്ഥാനത്തിലാണ് പരസ്പരം മൽസരിച്ച് വിജയിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
മേതിൽ ഒരു ജ്ഞാനവൃദ്ധനെപ്പോലെ പലതും പറയുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകൾ രാത്രിയിലും വന്ന് എന്നെ വല്ലാതെ പിടികൂടി.
“ഞാൻ എന്ന വ്യക്തി എന്നേ മരിച്ചു കഴിഞ്ഞു. മരിച്ചു പോയ മേതിലാണ് നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത്. ഞാൻ ഇപ്പോൾ നയിക്കുന്നത് മരണാനന്തര ജീവിതമാണ്”
ചോദ്യകർത്താവായി എത്തിയ ഷബിത അദ്ദേഹത്തോട് പറയുന്നുണ്ട് “താങ്കൾ എഴുത്തുകാരുടെ എഴുത്തുകാരനാണ്” എന്ന്. അപ്പോഴും നിർമ്മമതയോടെ ഇരിക്കുന്നു ആ വലിയ എഴുത്തുകാരൻ.
