തെറ്റായ ഉത്തരവിലൂടെ ഐ. ടി. ഐ. അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച നടപടി: അധ്യാപകരെ കൂടി ഉൾപ്പെടുത്തി പുതിയ പഠന കമ്മിറ്റി രൂപീകരിക്കണമെന്ന് ട്രൈബ്യൂണൽ
തിരുവനന്തപുരം: 2022 ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്, ഐടിഐ പരിശീലന പാഠ്യപദ്ധതിയിലെ സിലബസ് പരിഷ്കരിച്ചത് പ്രകാരവും അരിത്തമാറ്റിക് കം ഡ്രോയിങ് ഇൻസ്ട്രക്ടർമാരുടെ ജോലിഭാരം വിലയിരുത്തുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ തെറ്റായ വിലയിരുത്തൽ മൂലവും വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 50 ഐടിഐ അധ്യാപക തസ്തിക വെട്ടി കുറച്ചിരുന്നു. എന്നാൽ ഭരണ പരിഷ്കാര വകുപ്പിന്റെ ശാസ്ത്രീയ പഠനം ഇല്ലാതെയാണ് തസ്തിക വെട്ടിക്കുറച്ചതെന്നും ആയത് പരിഹരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ഐടിഐ അധ്യാപക സംഘടനയായ ഐ ടി ഡി ഐ ഒ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഈ കേസിന്മേലാണ് സംഘടന അനുകൂല വിധി സമ്പാദിച്ചത്.
ഓരോ വകുപ്പിലും കാലാനുസൃതമായി ജോലിഭാരത്തിൽ മാറ്റം സംഭവിച്ച തസ്തികകൾ പുനർവിന്യസിപ്പിക്കുന്നതിനോ പുനക്രമീകരിക്കുന്നതിനോ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പ്രവർത്തി പഠനം നടത്തേണ്ടതുണ്ടെന്നും എന്നാൽ എസിഡി, ഇ എസ് ഇൻസ്ട്രക്ടർ തസ്തികകളുടെ പുനക്രമീകരണത്തിന്മേൽ അങ്ങനെയൊരു പഠനം നടത്തിയിട്ടില്ല എന്നും പരാതിക്കാർ വാദിച്ചു. തസ്തിക പുനക്രമീകരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് പ്രസ്തുത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായോ ജീവനക്കാരുടെ സംഘടനകളുമായോ മതിയായ ചർച്ചകൾ നടത്തിയിട്ടില്ല എന്നും കമ്മിറ്റി ശുപാർശകളിലേക്ക് നയിച്ച യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്തുകയുണ്ടായില്ല എന്നും പരാതിയിൽ പറയുന്നു.വിദ്യാർത്ഥികൾക്ക് ശനിയാഴ്ച പ്രവർത്തി ദിനം ആയിരുന്ന അവസരത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്മേൽ ശനി അവധി പ്രഖ്യാപിച്ച ശേഷം തസ്തിക വെട്ടി കുറച്ച നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശനിയാഴ്ച ട്രെയിനികൾക്ക് അവധി പ്രഖ്യാപിച്ചതോടുകൂടി അധ്യാപകർക്ക് നിലവിൽ ലഭിച്ചിരുന്ന പരിശീലന സമയം കുറഞ്ഞതിനാൽ മറ്റു ദിവസങ്ങളിലായി കൂടുതൽ ക്ലാസുകൾ ക്രമീകരിക്കേണ്ടതിനാൽ തസ്തിക വെട്ടി കുറയ്ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ തസ്തികകൾ വെട്ടി കുറച്ചതോടുകൂടി രണ്ടും മൂന്നും യൂണിറ്റുകൾ ഒന്നിച്ചാണ് നിലവിൽ ക്ലാസുകൾ നൽകിവരുന്നത്. ഈ സാഹചര്യത്തിലാണ് സംഘടന കോടതിയെ സമീപിച്ചതും കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഉത്തരവിറക്കിയതും. ഉത്തരവ് പ്രകാരം എസിഡി കം എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികകളുടെ നിലവിലെ ജോലിഭാരം സംബന്ധിച്ച് ഒരിക്കൽ കൂടി ശാസ്ത്രീയ പഠനം നടത്തുന്നതിനായി ഈ തസ്തികയിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഒരു വിദഗ്ധ കമ്മിറ്റി രൂപീകരിക്കുന്നതിനും പ്രസ്തുത കമ്മിറ്റിയുടെ പഠന റിപ്പോർട്ട് വ്യക്തമായ ശുപാർശകൾ സഹിതം സർക്കാരിൽ ലഭ്യമാക്കുന്നതിനും ഡയറക്ടറെ ചുമതലപ്പെടുത്തി. സമാന്തരമായി ഈ വിഷയത്തിൽ വർക്ക് സ്റ്റഡി നടത്തുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനോട് ആവശ്യപ്പെടുന്നതിനുള്ള നിർദ്ദേശവും ഉത്തരവിലുണ്ട്.
അധ്യാപക തസ്തികകൾ വെട്ടിച്ചുരുക്കിയത് മൂലം പുനർസൃഷ്ടിക്കപ്പെട്ട തസ്തികകളിലൂടെ യൂണിയൻ നേതാക്കന്മാർ പ്രമോഷൻ നേടിയത് തെറ്റായ പഠന റിപ്പോർട്ടിലെ ‘ആത്മാർത്ഥത’ ചൂണ്ടിക്കാട്ടുന്നു.അവസാനം പ്രഖ്യാപിച്ച 8 യൂണിറ്റുകൾ ഉള്ള പുതിയ ഐടിഐയിൽ ആവശ്യത്തിലധികം ക്ലറിക്കൽ പോസ്റ്റ് അനുവദിച്ചിട്ടും അവശ്യ തസ്തികയായ അധ്യാപക തസ്തിക ഒഴിവാക്കിയതിൽ ഐടിഐ അധ്യാപക സംഘടന പ്രതിഷേധം രേഖപ്പെടുത്തി
