തിരുവനന്തപുരം : ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ പരിസമാപ്തിയിൽ വന്നെത്തിയ ഈദുൽ-ഫിത്തർ ദിനത്തിൽ കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റുകളുടെയും സലഫി ജുമാ:മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകൾ യുദ്ധവിരുദ്ധ സന്ദേശം നൽകി മാതൃകയായി.
പശ്ചിമേഷ്യയിലും മധ്യേഷ്യയിലും നടക്കുന്ന യുദ്ധത്തിൽ സിവിലിയൻ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുന്നത് അത്യന്തം ദുഃഖകരമാണെന്നും, അധികാരി വർഗ്ഗങ്ങളുടെ യുദ്ധക്കൊതിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്നും ഖുത്തുബ പ്രസംഗത്തിൽ ഇമാമുമാർ ഖുതുബ പ്രഭാഷണങ്ങളിൽ ഉദ്ബോധിപ്പിച്ചു. യുദ്ധക്കെടുതികളിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കുപറ്റിയവർക്കുമായി ഈദ്ഗാഹുകളിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികൾ പ്രത്യേക പ്രാർത്ഥന നടത്തി.
മാതൃരാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന തീവ്രവാദ-ഭീകരവാദ ശക്തികൾക്കെതിരെയുംയുവതലമുറയുടെ മനസ്സും മസ്തിഷ്കവും കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെയും ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു. വിശപ്പ് ദാഹം തുടങ്ങിയ അനുഭവങ്ങൾ വ്യക്തിപരം എന്നതിലുപരി സാർവ്വലൗകികമാണെന്നുള്ള തിരിച്ചറിവാണ് റമദാൻ വ്രതാനുഷ്ഠാനം നൽകുന്നതെന്നും മാനവിക മൂല്യങ്ങൾ പുലർത്തണമെന്നും അവർ ചൂണ്ടിക്കാട്ടി.
കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) നഗരൂർ യൂണിറ്റ് കമ്മിറ്റിയുടെയും അൽഫലാഹ് മസ്ജിദ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കല്ലിങ്കൽ ജംഗ്ഷനിൽ നടന്ന ഈദ്ഗാഹിന് ഡോ. സഫീറുദ്ദീൻ മൗലവി നഗരൂർ നേതൃത്വം നൽകി.
കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെയും സലഫി ജുമാ-മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിൽ ആറ്റിങ്ങൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം മാഹീൻ മൗലവി ഈദ് നമസ്കാരത്തിനും ഖുതുബ പ്രസംഗത്തിനും നേതൃത്വം നൽകി.
വർക്കല- വടശ്ശേരിക്കോണം കെ.എൻ.എം യൂണിറ്റിന്റെയും സലഫി ജുമാ:മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ സലഫി ജുമാ-മസ്ജിദ് ചീഫ് ഇമാം ഷാഹുൽഹമീദ് അൻവരി ചെറിയപെരുന്നാൾ നമസ്കാരത്തിനും ഖുത്തുബ പ്രസംഗത്തിനും നേതൃത്വം നൽകി.
കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) കല്ലമ്പലം യൂണിറ്റ് കമ്മിറ്റിയുടെയും സലഫി ജുമാ:മസ്ജിദ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കല്ലമ്പലം ജങ്ഷനിലുള്ള കൈരളി ജൂവലറിക്ക് സമീപം നടന്ന ഈദ്ഗാഹിൽ ഹാഫിള് ശാക്കിർ ഹുസൈൻ മൗലവി ഈദ് നമസ്കാരത്തിനും ഖുതുബ പ്രസംഗത്തിനും നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ഈദ്ഗാഹുകളിൽ ചെറിയപെരുന്നാൾ നമസ്കാരത്തിൽ വനിതകളടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു. റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സസഹായ-ജീവനോപാധികളുടെ വിതരണം,ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം,ഫിത്തർ സക്കാത്ത് വിതരണം എന്നിവ ജില്ലയിലെ വിവിധയിടങ്ങളിൽ പൂർത്തിയാക്കിയതായി കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് യഹിയ കല്ലമ്പലം അറിയിച്ചു.
