വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് പാർട്ടിയോട് നന്ദി പറഞ്ഞ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീര്‍.
മലപ്പുറം: വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് പാർട്ടിയോട് നന്ദി പറഞ്ഞ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീര്‍. നന്ദിയറിയിച്ചുകൊണ്ട് വാക്കുകൾക്കതീതമെന്ന് തുടങ്ങുന്ന വൈകാരിക കുറിപ്പ് മുനീർ ഫേസ്ബുക്കിൽ പങ്കുവച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നിവർക്ക് മുനീർ കുറിപ്പിൽ നന്ദിയറിയിക്കുന്നുണ്ട്. പാർട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നു. സദുദ്ദേശപരമായി ഇടപെടൽ നടത്തിയതിന് മാധ്യമങ്ങൾക്കും നന്ദിയെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
വാക്കുകൾക്കതീതം….
‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി.
എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു.
ഈ വാർത്തകൾ പുറത്തുവന്നപ്പോൾ കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.
എന്റെ സഹപാഠികൾ, എന്റെ ഉറ്റ മിത്രങ്ങൾ, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്.
നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു.
വാർത്താ മാധ്യമങ്ങൾ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകൾക്കും നന്ദി.
പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.
സ്നേഹം മാത്രം..
പൊതുപ്രവർത്തനം എന്നത് സമ്പാദിക്കാനുള്ള വഴിയല്ല, മറിച്ച് സർവ്വതും സമർപ്പിക്കാനുള്ളതാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമാണ് ഡോ. എം.കെ. മുനീർ സാഹിബ് . തന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന വാർത്ത പുറത്തുവന്നപ്പോൾ, എത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ അദ്ദേഹം നൽകിയ മറുപടി കേരളം കണ്ട ഏറ്റവും മാന്യമായ രാഷ്ട്രീയ പ്രതികരണങ്ങളിൽ ഒന്നായിരുന്നു.
തന്റെ പ്രിയപ്പെട്ട പിതാവ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പകർന്നുനൽകിയ അതേ ലാളിത്യവും സത്യസന്ധതയും മുനീർ സാഹിബിലും നമ്മൾ കണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ ഓരോ രാഷ്ട്രീയ പ്രവർത്തകനും പാഠപുസ്തകമാണ്.
അഴിമതിയുടെയും സ്വത്തുസമ്പാദനത്തിന്റെയും വാർത്തകൾക്കിടയിൽ, തന്റെ വീട് പോയാലും തന്റെ ആദർശം പണയപ്പെടുത്തില്ല എന്ന ആ ഉറച്ച നിലപാടാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്.
ഒരു മനുഷ്യൻ തന്റെ ആയുസ്സും ആരോഗ്യവും ഒരു പ്രസ്ഥാനത്തിന് വേണ്ടി ഹോമിക്കുമ്പോൾ, അയാൾ തിരിച്ചു പ്രതീക്ഷിക്കുന്നത് അധികാരമല്ല, മറിച്ച് അല്പം പരിഗണനയും സ്നേഹവുമാണ്.
നിർഭാഗ്യവശാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബർ ഇടങ്ങളിൽ മുനീർ സാഹിബിനെതിരെ നടന്ന പ്രചരണങ്ങൾ തികച്ചും വേദനാജനകമാണ്.
അധികാര മോഹിയെന്ന് മുദ്രകുത്തി അദ്ദേഹത്തെ വേട്ടയാടിയവർ ഒരു നിമിഷം ആലോചിച്ചിട്ടുണ്ടോ?
പാർട്ടിയുടെ ഓരോ വിളിക്കും സ്വന്തം ആരോഗ്യത്തെ പോലും അവഗണിച്ചു ഓടിയെത്തിയ ഒരു മനുഷ്യനെയാണ് നിങ്ങൾ കീറി മുറിച്ചു വേദനിപ്പിച്ചതെന്ന്.. ഇന്ന് ആരോഗ്യം ക്ഷയിച്ചു നിൽക്കുമ്പോഴും മനക്കരുത്ത് കൊണ്ട് മാത്രമാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.
അധികാരം കൈപ്പിടിയിലൊതുക്കാൻ നോക്കുന്ന ഒരാളുടെ വീട് ഇന്ന് ജപ്തി ഭീഷണിയിലാകുമോ? പുറമെ ചിരിക്കുമ്പോഴും, ഉള്ളിൽ ഒത്തിരി പ്രശ്നങ്ങൾ കൊണ്ട് നീറുന്ന ഈ ജീവിത സാഹചര്യങ്ങൾക്കിടയിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഒരു മനുഷ്യനെ എത്രത്തോളം തളർത്തിയിട്ടുണ്ടാകുമെന്ന് അത്തരം പോസ്റ്റുകൾക്കും കമെന്റുകൾക്കും ചുക്കാൻ പിടിച്ചവർ ആലോചിക്കുന്നത് നല്ലതായിരിക്കും.
മുനീർ സാഹിബ് എന്നത് വെറുമൊരു പേരോ പദവിയോ അല്ല; അത് ആത്മാർത്ഥതയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പര്യായമാണ്.
