തിരഞ്ഞെടുപ്പ് ചട്ടലംഘനം; കാരണം കാണിക്കണം-ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പ്ചട്ടം മറികടന്നുള്ള പ്രചാരണരീതികള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കാരണംകാണിക്കുന്നതിന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും മാധ്യമ നിരീക്ഷണ കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പണംനല്‍കി വാര്‍ത്താരൂപത്തില്‍ പരസ്യങ്ങള്‍ നല്‍കിയതായി സംശയിക്കുന്നതിലുള്ള വിശദീകരണമാണ് തേടിയത്. മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന അടിയന്തര എം.സി.എം.സി യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് രാഷ്ട്രീയകക്ഷി നേതൃത്വങ്ങളും സ്ഥാനാര്‍ഥികളുമെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ലംഘനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ജില്ലാ കലക്ടര്‍ നല്കി.
കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ സബ് കലക്ടര്‍ അഖില്‍ വി. മേനോന്, മാധ്യമപ്രവര്‍ത്തകനായ ഇഗ്നേഷ്യസ് പെരേര, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. എസ്. സുമല്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
സി-വിജില്‍ വഴി തീര്‍പ്പാക്കിയത് 5488 പരാതികള്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങള്‍ തടയുന്നതിനുള്ള ‘സി-വിജില്‍’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പ്. ലഭിച്ച 5541 പരാതികളില്‍ 5488 എണ്ണവും തീര്‍പ്പാക്കി. തെളിവുകളുടെ അഭാവത്തില്‍ 40 എണ്ണം തള്ളി. 13 പരാതികളില്‍ അന്വേഷണം നടത്തുകയാണ്.
ചവറ നിയോജകമണ്ഡലത്തിലാണ് ഏറ്റവുംകൂടുതല്‍ പരാതികള്‍ തീര്‍പ്പാക്കിയത് 860; കുണ്ടറയില്‍ 725, ഇരവിപുരത്ത് 324, ചടയമംഗലത്ത് 555, ചാത്തന്നൂരില്‍ 855, കരുനാഗപ്പള്ളിയില്‍ 380, കുന്നത്തൂരില്‍ 337, കൊട്ടാരക്കരയില്‍ 401, പത്തനാപുരത്ത് 538 കൊല്ലം 329, പുനലൂര്‍ 184 എന്നിങ്ങനെയാണ് ഓരോമണ്ഡലത്തിലും തീര്‍പ്പാക്കിയ പരാതികളുടെ എണ്ണം.
പരാതികളെല്ലാം കണ്ട്രോള് റൂമില്‍ നിന്നും തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകള്‍ക്ക് കൈമാറി പരിഹരിക്കും. പരാതികള്‍ക്ക് 100 മിനിറ്റിനകമാണ് പരിഹാരംകാണുന്നത് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
