വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍
അഞ്ചാലുംമൂട്: ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ സംഭവത്തില്‍ മരണപ്പെട്ട തൃക്കരുവ വില്ലേജില്‍ ഞാറക്കല്‍ ആനേല്ചുട്ടമുക്കില് കുറ്റിക്കാട്ട് വടക്കതില്‍ പൊന്നമ്മയുടെ(62) മകനായ വര്‍ഗീസിനെ(32) ആണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുന്നതും അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചതും. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് പോലീസ് അന്വേഷണം നടത്തിവരാവെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് മാതാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവദിവസം രാവിലെ പ്രതിയും മാതാവും തമ്മില്‍ വീട്ടില്‍ വഴക്ക് നടന്നതായും പ്രതി മാതാവിനെ കൊലപ്പെടുത്തിയതെന്ന് വിവരം ചിലരോട് പറഞ്ഞതായും അഞ്ചാലുംമൂട് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം എസിപി രാജേഷിന്റെ മേല്‍നോട്ടത്തില്‍ അഞ്ചാലുംമൂട് പോലീസ് ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ പ്രദീപടക്കമുള്ള അഞ്ചാലുംമൂട് പോലീസ് സംഘാംഗങ്ങളുടെ അന്വേഷണ പാടവമാണ് പ്രതിയെ കുടുക്കിയത്.
