തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ടവകാശം ഉറപ്പാക്കണം – ജോയിന്റ് കൗണ്‍സില്‍
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇന്നും ഭൂരിപക്ഷം ജീവനക്കാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്മാന് എസ്.സജീവും ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാറും പറഞ്ഞു. ബാലറ്റ് പേപ്പറുകള്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു. വിതരണ കേന്ദ്രങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ എത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശപ്പെടുന്നത്. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ബൂത്തുകളില്‍ എത്തിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിനുള്ള തിരക്കിനിടയില്‍ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും. ഇത് ജനാധിപത്യ പ്രക്രിയയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതിനായി സൃഷ്ടിച്ചതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ താലൂക്കുകളിലും വോട്ടിംഗ് ബൂത്തുകള്‍ സജ്ജീകരിച്ച് ജീവനക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വോട്ടുള്ള വിവിധ സേനാ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ. അവര്‍ക്ക് മുന്‍കാലങ്ങളിലെ പോലെ പോസ്റ്റല്‍ സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്യുവാനുള്ള അവസരം പുനഃസ്ഥാപിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന നടപടി തുടര്‍ന്നാല്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ പറഞ്ഞു.
