ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം ; 104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം

104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം, ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം

ടെക്സസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേർ കൗണ്ടിയിൽ മാത്രം മരിച്ചത് 84 പേരാണ്. ഇവരിൽ 28 പേർ കുട്ടികളാണ്. 24 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ക്യാമ്പ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗൺസലറും ഇതിൽ ഉൾപ്പെടുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ടെക്സസിന്റെ മധ്യ മേഖലയിൽ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
 
ദുരന്തത്തിൽ മിനിറ്റുകൾക്കകം ഭൂമി വെള്ളം വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ടെക്സസിൽ നിന്ന് പുറത്തുവരുന്നത്. ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളിൽ 26 അടിയിലധികമാണ് ഉയർന്നത്. ഇത് സ്ഥിതി അതീവ ഗുരുതരമാക്കി. പ്രദേശങ്ങളിൽ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ ഇപ്പോഴും നിലവിലുണ്ട്.
 
കെർ കൗണ്ടിയിലെ ക്രിസ്ത്യൻ ക്യാമ്പിൽ നിരവധി കുടുംബങ്ങൾ ട്രെയിലർ വീടുകൾക്കുള്ളിൽ കുടുങ്ങുകയും ആളുകൾ വെള്ളത്തിൽ ഒഴുകിപ്പോകുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം ക്യാമ്പംഗങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.
 
പുറത്തുവരുന്ന വീഡിയോകളിൽ ഭീകര കാഴ്ചകളാണുള്ളത്. വീടുകൾ നിന്നിരുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് തറകൾ മാത്രം ബാക്കിയായിരിക്കുന്നു. പുഴയുടെ തീരങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുന്നു. രക്ഷാപ്രവർത്തകർ വീടുകളുടെ മേൽക്കൂരകളിൽ നിന്നും മരങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കുന്നു. വീടുകളും കാറുകളും ഒഴുകി നടക്കുന്നതും പലയിടത്തായി കെട്ടിടാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും ദൃശ്യങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *