പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യ്ത് ചവറ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൽപ്പെട്ട മൂന്ന് പ്രതികൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. തൃശ്ശൂർ ജില്ലയിൽ ചാമക്കാല ചെന്ത്രിപ്പിന്നി വളളിവട്ടം സലീം മകൻ സാഹിൽ സലീം(19), കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപം ചൂലാം വയൽ വട്ടം പാറക്കൽ വീട്ടിൽ ഷൌക്കത്ത് മകൻ ഷിയാൻ അഹമ്മദ്(20), കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലുക്കിൽ പുതുപ്പാടി അടിവാരം പി.ഒ കോട്ടയിൽ സെയ്തലവി മകൻ മുഹമ്മദ് മുസമ്മിൽ .കെ (20) എന്നിവരാണ് പിടിയിലായത്.
ചവറ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി ലഭ്യമാണെന്നും വളരെ കുറച്ച് സമയം മാത്രം ജോലി ചെയ്യ്ത് മികച്ച വരുമാനം ഉണ്ടാക്കാമെന്നുമുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് പാർട്ട് ടൈം ജോലിയുടെ ഭാഗമായി സ്വർണ്ണ ലേലത്തിൽ പണം നിക്ഷേപിച്ചുകൊണ്ട് കൂടുതൽ ലാഭമുണ്ടാക്കാമെന്നും അയതിനായി വർക്കിംഗ് അക്കൗണ്ട് വേണമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം വ്യാജ ലിംഗുകൾ അയച്ച് നൽകി വർക്കിംഗ് അക്കൗണ്ട് നിർമ്മിച്ച് സ്വർണ്ണ ലേലത്തിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യ്തു. പ്രതികളുടെ വാഗ്ദാനം വിശ്വസിച്ച് യുവതി പല തവണകളായി 11 ലക്ഷത്തോളം രൂപ നിക്ഷേപിക്കുകയായിരുന്നു. ഓരോ തവണ നിക്ഷേപം നടത്തിയപ്പോഴും മികച്ച ലാഭം ലഭിച്ചതായി വർക്കിംഗ് അക്കൗണ്ടിൽ കാണാൻ ഇടയായതാണ് കൂടുതൽ നിക്ഷേപം നടത്താൻ യുവതിക്ക് പ്രേരണയായത്. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിക്കുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവതിയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്ത പണം പ്രതികളാണ് എ.റ്റി.എം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ ശ്രീ. നസീർ. എ യുടെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐ മാരായ ഗോപകുമാർ, നന്ദകുമാർ, രാഹുൽ കബൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
“പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ്:പ്രതികൾ അറസ്റ്റിൽ”
