നാഗരാജൻ മരിച്ചു. കുഷ്oരോഗിയായി വന്നു സാനിട്ടോറിയത്തിൻ്റെ ഭാഗമായിഅദ്ദേഹം.

നൂറനാട് ലപ്രസിസാനിട്ടോറിയത്തിലെത്തുന്ന ഏതൊരാൾക്കും സുപരിചിതനായി മാറും നാഗരാജൻ എന്തിനുo ഏതിനും ഒപ്പമുണ്ടാകും. കുഷ്ഠരോഗികളായി സാനിട്ടോറിയത്തിൽ തങ്ങുന്ന ഏതൊരാൾക്കും എന്ത് അത്യാവശ്യമുണ്ടെങ്കിലും അദ്ദേഹം ഉണ്ടാകും. കുഷ്ഠരോഗിയായി വന്ന് രോഗം ഭേദമായാലും അവരെ എന്നും കുഷ്ഠരോഗികളായി മുദ്രകുത്തപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. അംഗവൈകല്യം സംഭവിച്ചെവരെല്ലാം എന്നും രോഗികളാണെന്ന തെറ്റായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരുടെ മുന്നിൽ നാഗരാജന്മാർ എല്ലാം ഈ കൂട്ടിൽ തന്നെ കഴിയേണ്ടിവന്നു.ഈ ലേഖകന്റെ ട്രെയിനിംഗ് കാലത്തും പിന്നീടും നാഗരാജനുമായി അടുപ്പമുണ്ടായിരുന്നു. അവസാനം സാനിട്ടോറിയത്തിൽ പോയിട്ട് രണ്ടു വർഷമായി അന്നും നാഗരാജനെ കണ്ടിരുന്നു.അന്ന് എന്നോടൊപ്പം ജോലി ജോലി ചെയ്തിരുന്ന താഹ അദ്ദേഹത്തെ അനുസ്മരിക്കുന്നു –

നാഗരാജൻ മരിച്ചു. കുഷ്ഠരോഗ ആശുപത്രിയിലെ ഒരു അന്തേവാസി ഇല്ലാതാകുമ്പോൾ മരിച്ചു എന്ന വാക്ക് മതിയല്ലോ.! തിരുവനന്തപുരം കോട്ടയ്ക്കകത്ത് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും രോഗം അതിക്രമിച്ചു കയറി. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കാലമല്ലേ. അതും യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം. സാനിറ്റോറിയത്തിൽ പ്രവേശിപ്പിക്കുകയേമാർഗം ഉണ്ടായിരുന്നുള്ളൂ. പക്ഷേ അപ്പോഴേക്കും കൈവിരലുകളും കാൽവിരലുകളും രോഗം കാർന്നു തിന്നുതുടങ്ങിയിരുന്നു.
1988 ലാണ് നാഗരാജനെ ആദ്യം കാണുന്നത്. സാനിറ്റോറിയത്തിലെ പേഷ്യന്റ് എംപ്ലോയീ കളിൽ ഒരാൾ.. പക്ഷേ ഒരു വ്യത്യാസം. മറ്റുള്ളവർ അകത്ത് വാർഡുകളിൽ ഓരോരോ തൊഴിലിൽ ഏർപ്പെടുമ്പോൾ നാഗരാജൻ എപ്പോഴും സാനിറ്റോറിയത്തിന് വെളിയിൽ യാത്രയിൽ ആയിരിക്കും. സാനിറ്റോറിയത്തിന്റെ ആവശ്യങ്ങൾക്കായി ഡിഎംഒ ഓഫീസ്, ഡിഎച്ച്എസ് ഓഫീസിൽ, എജി സ്ഓഫീസിൽ, ഇലക്ട്രിസിറ്റി ഓഫീസിൽ, കളക്ടറേറ്റിൽ, ട്രഷറികളിൽ സെക്രട്ടറിയേറ്റിൽ,എന്നുവേണ്ട എവിടെയും. ഔദ്യോഗിക വുo അനൗദ്യോഗികവും ആയ ഏത് കാര്യത്തിലും സാനിറ്റോറിയത്തിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് വിശ്വസിച്ചു പറഞ്ഞു വിടാവുന്ന ഒരാളായി നാഗരാജൻ. ചിലപ്പോൾ യാത്ര കോയമ്പത്തൂരിലേക്ക് നീണ്ടു. കേടായ മോട്ടോറുകളുടെ യന്ത്ര ഭാഗങ്ങൾ കോയമ്പത്തൂർ നിന്നും വാങ്ങി കൊണ്ടുവരുവാൻ. ചിലപ്പോൾ അത് ചെങ്കൽപെട്ടിലേക്കാവും, രോഗികൾക്ക് റിയാക്ഷൻ വരുമ്പോൾ കൊടുക്കുന്ന ഗുളിക വാങ്ങി കൊണ്ടുവരുവാൻ. സാറിട്ടോറിയത്തിലെ ഏത് ജീവനക്കാരുടെയും പ്രോവി ഡൻഫണ്ട് സംബന്ധമായ, സർവീസ് സംബന്ധമായ, ഏതു കാര്യങ്ങൾക്കും എവിടെയും നാഗരാജൻ പോയി. വണ്ടിക്കൂലി പോലും വാങ്ങാതെയും വാങ്ങിയും. ഏതെങ്കിലും കാലത്ത് ജോലി ചെയ്ത ഏത് ഓഫീസർമാരുടെയും സർവ്വീസ് സംബന്ധമായ കാര്യങ്ങൾ എ ജി ഓഫീസിൽ നിന്നോ സെക്രട്ടറിയേറ്റിൽനിന്നോ സാധിക്കണമെങ്കിൽ അതിന് നാഗരാജൻ വേണമെന്ന് ആയി. ട്രഷറികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ ശമ്പളമായും മറ്റു പല വകകളിലും കയ്യിലിരിക്കുന്ന സാമാന്യം വലിയ ഹാൻഡ് ബാഗിൽ ആക്കി കൊണ്ടുവന്നു. സാധാരണ ബസ്സിൽ കയറി. ഏതു ഓഫീസുകളിൽ ചെന്നാലും അവിടുത്തെ എല്ലാ ജീവനക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു. അവരുടെയെല്ലാം ആവശ്യങ്ങൾ സാധിച്ചു കൊടുത്തു. സാനിറ്റോറിയത്തിന്റെ ഒരു സഞ്ചരിക്കുന്നഅംബാസഡർ.
ഞാനും എൻറെ ശ്രീമതിയും കൂടി ഏകദേശം ഒരു വ്യാഴവട്ട കാലം സാനിറ്റോറിയത്തിൽജോലി ചെയ്തു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു നാഗരാജൻ. ആഘോഷങ്ങളിൽ സന്തോഷം പങ്കിടാൻ. ആഘാതങ്ങളിൽ ഒപ്പം നിൽക്കാൻ. ഞങ്ങളുടെ മക്കൾക്ക് ചിലപ്പോഴൊക്കെ രക്ഷകർത്താവ് പോലെയായി. എല്ലാവർക്കും എല്ലാത്തരത്തിലും ഉപകാരിയായ ഒരു മനുഷ്യൻ.
ഒരുപക്ഷേ സാനിറ്റോറിയത്തിന്റെമതിലുകൾക്കുള്ളിൽ അകപ്പെട്ടുപോയ ആയിരത്തിൽഅധികം വരുന്ന മനുഷ്യർ ജീവിതത്തിൻറെ സിംഹ ഭാഗവും ആ മതിൽക്കെട്ടിനുള്ളിൽതന്നെ ചെലവിട്ടപ്പോൾ നാഗരാജൻ ജീവിതത്തിൻറെ ഏറിയ പങ്കും പുറംലോകവുമായി സംവദിച്ചു,o ഇടപഴകിയും വേറിട്ട ഒരു ജീവിതം നയിച്ചു. നിർഭാഗ്യങ്ങൾക്കിടയിലും വീണുകിട്ടിയ ഒരു ഭാഗ്യം.
റിട്ടയർമെൻറ് ശേഷവും ഏറിയും കുറഞ്ഞു ഈ ദൗത്യം തുടരുവാൻ നാഗരാജന് കഴിഞ്ഞു. ജനകീയ ആരോഗ്യ സമിതി എന്ന ആരോഗ്യ പ്രവർത്തക കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിച്ചു. അനാഥമായി തീർന്നിരുന്ന സാനി ട്ടോറിയം ലൈബ്രറിയുടെഉയർത്തെഴുന്നേൽപ്പിന്റെ ഭാഗമായി ആ ലൈബ്രറിയുടെ ചുമതല വഹിച്ചു. അന്ത്യകാലത്ത് സാനിറ്റോറിയം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ അംഗവുമായി. വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു രോഗബാധിതനെസംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷങ്ങൾ.
ഇന്ന് വൈകിട്ട് നിശ്ചലമായ ആശരീരത്തിനരികീൽ നിന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം മനസ്സിൽ മിന്നി മറഞ്ഞു. . കണ്ണുകളിൽ നിന്നും രണ്ടു അശ്രുകണങ്ങൾ ഒട്ടും ജാള്യത ഇല്ലാതെ താഴേക്കു പതീക്കുകയും ചെയ്തു. നന്മകളുടെമാത്രം ഇരിപ്പടമായിരുന്ന ആ നല്ല മനുഷ്യൻ ഇത്രയെങ്കിലും അർഹിക്കുന്നുണ്ട്. പ്രണാമം.