മാനന്തവാടി: കടബാധ്യതകൾ തീർക്കാൻ മറുനാട്ടിൽ അഭയം തേടിയ യുവാവും, നീതിക്കായി കാത്തിരുന്ന തന്റെ ഭാര്യയും വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും, തീരാത്ത ദുരൂഹതകളും. ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും, തൊട്ടുപിന്നാലെ ജീവിതം അവസാനിപ്പിച്ച ഭാര്യ രേഷ്മയുടെയും മരണത്തിന് ഉത്തരവാദികൾ ക്രൂരരായ പലിശ മാഫിയയാണെന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്തെത്തി.
ബിസിനസ് തകർച്ചയിലുണ്ടായ ബാധ്യതകൾ തീർക്കാനാണ് ജിനേഷ് ഒന്നരമാസം മുൻപ് ഇസ്രായേലിലേക്ക് കെയർ ഗീവർ ജോലിക്കായി പോയത്. എന്നാൽ അവിടെ എത്തിയതിന് പിന്നാലെ ജിനേഷും അദ്ദേഹം പരിചരിച്ചിരുന്ന ഇസ്രായേലി സ്വദേശിയും മരപ്പെടുകയായിരുന്നു. ഈ മരണത്തിലെ ദുരൂഹതകൾ മാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി കാത്തിരിക്കവെയാണ് ഭാര്യയായ രേഷ്മയും ജീവനൊടുക്കിയത്.
20 ലക്ഷം രൂപ വായ്പ വാങ്ങിയ ജിനേഷ് വലിയൊരു തുക പലിശയായി തിരിച്ചടച്ചിരുന്നു. എന്നാൽ 40 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മാഫിയാ സംഘം ഇവരെ നിരന്തരം വേട്ടയാടി പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് ബത്തേരി പോലീസിൽ കൃത്യമായ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജിനേഷിന്റെയും, രേഷ്മയുടെയും അമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിനേഷിന്റെ മരണത്തിന് ശേഷവും പലിശക്കാർ പിന്മാറിയില്ലെന്നും, കുടുംബം താമസിക്കുന്ന വീട് തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്..
അച്ഛനും, അമ്മയും നഷ്ടപ്പെട്ട 10 വയസ്സുകാരിയായ മകൾ മാത്രമാണ് ഇന്ന് ആ വീട്ടിൽ ബാക്കിയുള്ളത്. ഈ ദമ്പതികളുടെ മരണത്തിന് കാരണക്കാരായ ബ്ലേഡ് മാഫിയക്കെതിരെയും, പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം..
