അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സ്ഥിരീകരണം. ഇതിൽ ഒമ്പത് പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളിൽ 12 പേരെ ഡിസ്ചാർജ് ചെയ്തു.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്.