പ്രിയപ്പെട്ട വിഎസ്, കണ്ണീരോടെ വിട…ജെ മേഴ്സികുട്ടിയമ്മയുടെ എഫ് ബി യിലെ കുറിപ്പ് ഇങ്ങനെ…..

പ്രിയപ്പെട്ട വിഎസ്,
കണ്ണീരോടെ വിട…
നിലയ്ക്കാത്ത ഓർമ്മകളാണ് വിഎസ് മായി ബന്ധപ്പെട്ട് മനസ്സിലൂടെ കടന്നു പോകുന്നത്. എഴുതാൻ തന്നെ കഴിയാത്ത ഒരു മാനസികാവസ്ഥ. പക്ഷേ വിഎസ്, വിഎസിന്റെ ഓർമ്മകൾ എന്നും ഊർജ്ജം ആയിരിക്കും.

വിഎസിന്റെ പ്രസംഗം ഞാൻ ഏറെ അടുത്തുനിന്ന് ശ്രദ്ധിക്കുന്നത് വിദ്യാർത്ഥി ആയിരിക്കെയാണ്. കശുവണ്ടി തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ, പിൽക്കാലത്ത് ‘ഡി എ’ സമരം എന്ന് പ്രസിദ്ധി ആർജിച്ച കശുവണ്ടി സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് വലിയൊരു കൺവെൻഷൻ അന്ന് കൃഷ്ണ തീയേറ്ററിൽ സംഘടിപ്പിച്ചിരുന്നു. ആ തിയേറ്റർ ഇന്നില്ല. ആ കൺവെൻഷനിൽ എസ് എഫ് ഐ നേതാക്കളായ ഞങ്ങളും പങ്കെടുത്തു. പ്രസംഗത്തിൽ ഉടനീളം വിഎസ് തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എങ്ങനെയാണ് പാർട്ടി ഏറ്റെടുക്കേണ്ടത്, അതിന് പരിഹാരം കാണാനുള്ള പോരാട്ടത്തിൽ പാർട്ടി എങ്ങനെ നേതൃത്വം നൽകണം എന്ന് തുടങ്ങി വിഎസിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്ന ഓരോ ആളുകളിലും തൊഴിലാളികളുടെ പ്രശ്നം സ്വന്തം പ്രശ്നമായി അനുഭവവേദ്യമാകുന്ന തരത്തിലായിരുന്നു. ആ പ്രസംഗം ഞങ്ങളെ ആകെ ഇലക്ട്രിഫൈ ചെയ്തു. അന്നത്തെ വിഎസിന്റെ ആ പ്രസംഗമാണ് ഞാനൊരു ട്രേഡ് യൂണിയൻ പ്രവർത്തകയായി മാറാൻ ഇടയായത്. എത്രയെത്രയോ ഓർമ്മകൾ…

വർഗ്ഗ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടും മതനിരപേക്ഷ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടും വിഎസ് നടത്തിയ ബഹുമുഖ പോരാട്ടങ്ങൾ ഞങ്ങളുടെ തലമുറയെ ആവേശംകൊള്ളിച്ചു. പല പ്രശ്നങ്ങളും വിഎസ് മായി ചർച്ച ചെയ്യുമ്പോൾ, വാത്സല്യത്തോടെ കൂടിയാണ് വിഎസ് നമ്മൾ പറയുന്നത് കേൾക്കുന്നതും പ്രതികരിക്കുന്നതും. പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും വസതിയിൽ എത്തിയാൽ, ഉച്ചയായെങ്കിൽ വി എസുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുക മിക്കവാറുമുള്ള അനുഭവമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ചർച്ചകളിൽ നല്ലൊരു ഭാഗവും നടത്തുക. എനിക്ക് അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങൾ വിഎസിനോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അതെല്ലാം വിഎസ് ഒരു പുത്രി വാത്സല്യത്തോടെ കേട്ടിരുന്നു.

വിഎസ്, വിഎസ് നൽകിയ ഊർജ്ജം ഏത് പ്രതിസന്ധികളെയും ഏത് പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എനിക്ക് കരുത്ത് നൽകി. അതാണ് വിഎസ്, ഇപ്പോഴും എൻ്റെ കരുത്ത്.

വിഎസ്,
കണ്ണീരോടെ വിട…