അഡ്വ പി റഹിം കെ.പി ഉദയഭാനുവിനെഓർമ്മിക്കുന്നു.സാറ് .എൻറെ ആത്മാർത്ഥ സുഹൃത്ത് .

മലയാള ചലച്ചിത്ര ഗാന മേഖലയിലെ വെള്ളിനക്ഷത്രം. കാലത്തിൻറെ ഒഴുക്കിനനുസരിച്ച് അദ്ദേഹത്തിൻറെ ഗാനങ്ങളും ഇന്നും നിത്യ ജീവനോടെ ജന മനസ്സുകളിൽ ജീവിക്കുന്നു. കാലം മാറും തോറും ഗാനത്തിന്റെ സ്വഭാവങ്ങളും രീതിയും ഘടനയും മാറുന്നുണ്ട് എങ്കിലും ഉദയഭാനു സാർ പാടിയ ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും ഗാനരചനാ രംഗത്തും ആലാപന രംഗത്തും എന്ത് മാറ്റങ്ങൾ വന്നാലും അത് എന്നും ജീവനുള്ള ഒരു സ്രോതസ്സായി ഗാന ലോകത്ത് ഒഴുകിക്കൊണ്ടേയിരിക്കും എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. ഉദയഭാനു സാറിനെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരം സ്റ്റാച്യുവിലുള്ളഅരുൾജ്യോതി ഹോട്ടലിന് മുന്നിൽ വച്ചാണ് .ഏതാണ്ട് 35വർഷത്തിലധികം മുമ്പ്. കാലത്തിന്റെ പ്രവാഹത്തിൽ ഈ വർഷങ്ങളിൽ ഒക്കെയും തന്നെ അദ്ദേഹവുമായി അടുത്ത് ഇടപഴകാനും അദ്ദേഹത്തിന് ഒപ്പം സഞ്ചരിക്കാനും അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാനുംപല പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കാനും ഉള്ള നിരവധി നിരവധി അവസരങ്ങളാണ് എനിക്ക് ലഭിച്ചത്. അദ്ദേഹത്തിൻറെ ഒരു കുടുംബാംഗമെന്നത്പോലെതന്നെഅദ്ദേഹത്തിൻറെയും കുടുംബാംഗങ്ങളുടെയും എന്നോടുള്ള ഇടപെടലും പെരുമാറ്റവും എല്ലാം. സാറിൻറെ ഭാര്യ വിജയലക്ഷ്മിക്കുംമകൻ രാജീവിനുംമരുമകൾ സരിതയ്ക്കുംഅവരുടെ മകൻ ഉണ്ണിക്കുട്ടനും സരിതയുടെ പിതാവ് പ്രശസ്തനായ ഫോട്ടോഗ്രാഫറും സിനിമ സംവിധായകനും നിർമ്മാതാവും തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോയുടെ ഉടമയുമായ ശ്രീ ശിവൻ സാറും അത് അംഗീകരിച്ചിരുന്നു എന്നതാണ്എനിക്ക് സന്തോഷവും അഭിമാനവും നൽകുന്ന വസ്തുത.എനിക്ക് അദ്ദേഹത്തിൻറെ കുടുംബവുമായി ഉള്ള ആത്മാർത്ഥമായബന്ധത്തെ അറിയുന്ന എല്ലാവരും എന്നും അംഗീകരിച്ചിട്ടുണ്ട്. ലോകത്തോട് യാത്ര പറഞ്ഞു പോയപ്പോൾ അന്ത്യ സംസ്കാര കർമ്മങ്ങളും മറ്റ് എല്ലാ കാര്യങ്ങളും വക്കീലുമായി ആലോചിച്ചു തീരുമാനിക്കണം എന്നാണ് മകൻ രാജീവിനോട്ശിവൻ സാറ് പറഞ്ഞത് .എല്ലാ കാര്യങ്ങളൾക്കും അദ്ദേഹം നിന്ന് നേതൃത്വം കൊടുത്തു. എല്ലാം എന്നോട് ആലോചിച്ചാണ് ചെയ്തത്. യഥാർത്ഥത്തിൽ , എൻറെ കുടുംബത്തിൽ നിന്ന് പോലും എനിക്ക് കിട്ടാത്ത വലിയ ഒരു അംഗീകാരമാണ് എനിക്ക് ലഭിച്ചത്.ഉദയഭാനു സാറിനെ കുറിച്ചുള്ള എൻറെ ഓർമ്മകൾ പുറകോട്ട് പോകുമ്പോൾ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉദയ ഭാനുസാർ പാടിയ പാട്ടുകൾ സ്കൂളിലെ പരിപാടികളിലെ പല വേദികളിലും കോളേജിൽ പഠിക്കുമ്പോൾ കോളേജിലെ പല പരിപാടികളുടെയും വേദികളിലും പലരും ആലപിച്ചിട്ടുണ്ട്. അതെല്ലാം കേട്ട് ആസ്വദിച്ച് കടന്നു പോയതാണ് എൻറെ സ്കൂൾ കോളേജ് കാലഘട്ടം. 1978-ൽപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ അന്നത്തെ ജനതാ ഗവൺമെൻറ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഒരു പ്രക്ഷോഭണംനയിച്ചതിന് പത്തൊമ്പതാമത്തെ വയസ്സിൽ എനിക്ക് തടവു ശിക്ഷ വിധിച്ചു.അങ്ങനെ
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുപുള്ളിയായി കഴിയുമ്പോൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മസൂദ് എന്ന കോൺഗ്രസിന്റെ നേതാവ് പല പാട്ടുകളും പാടി ജയിലിൽ ഞങ്ങൾക്ക് ഉണർവ് നൽകി ചുടു കണ്ണീരാ ലെൻ ജീവിതകഥ ഞാൻ മണ്ണിതിലെഴുതുമ്പോൾ എന്ന പാട്ട് അദ്ദേഹം പലതവണ ജയിലിൽ ഞങ്ങളെ പാടിക്കേൽപ്പിച്ചു. അന്നൊന്നും എനിക്ക് അറിയില്ലായിരുന്നു ഉദയഭാനുസാറാണ് ആ പാട്ട് പാടിയതെന്ന് .അക്കാലത്ത് എനിക്ക് ഉദയഭാനു സാറിനെ പരിചയവും ഇല്ലായിരുന്നു. പിന്നീട് സാറിനെ ഞാൻ പരിചയപ്പെട്ടു.സാറുംഞാനും വളരെ അടുത്തു. എന്നിട്ട് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല അന്ന് ജയിലിൽ ഞങ്ങൾക്കെല്ലാം മനസ്സിന് സുഖമേകിയ ആ പാട്ട് പാടിയത് ഉദയഭാനു സാറായിരുന്നു എന്ന് .കാലത്തിൻറെ പ്രവാഹത്തിൽ എവിടെ നിന്നൊക്കെയോ വന്ന ആരൊക്കെയോ കൂടിച്ചേരുമ്പോൾ ചരിത്രത്തിന് ഒരു പുതു ജീവൻ ,ഒരു പുതുനാമ്പ് ഉടലെടുക്കുന്നത് പോലെ സ്റ്റാച്യുവിലെ സ്ഥിരം സന്ദർശകനായിരുന്ന ഞാനും സ്റ്റാറ്റ്യൂവിൽ സ്ഥിരമായി വന്നിരുന്ന ഉദയഭാനു സാറുംതമ്മിൽ പരിചയത്തിലായി. ആ പരിചയത്തിന് ഊടും പാവും നൽകിയത് പ്രശസ്ത പത്രപ്രവർത്തകനായ വിതുര ബേബി സാറും മാതൃഭൂമിയിലെ ഡെപ്യൂട്ടി എഡിറ്റർ ആയിരുന്ന പ്രഭാകരൻ സാറും ആകാശവാണിയിലെ വാർത്താ വായനക്കാരനായിരുന്നമാവേലിക്കര രാമചന്ദ്രൻ സാറും ഒക്കെയായിരുന്നു .അവർക്കെല്ലാം ഉദയഭാനു സാറിനെ നേരിട്ട് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു .അവരെല്ലാംവൈകുന്നേരങ്ങളിലെഎൻറെ സ്ഥിരം സുഹൃത്തുക്കളായിരുന്നതുകൊണ്ട് ഉദയഭാനു സാറും എന്റെ സുഹൃത്തായി. ആദ്യ കാലഘട്ടങ്ങളിൽ ഉദയഭാനു സാറും ഭാര്യയും അങ്ങൾ ജ്യോതിഹോട്ടലിനു മുമ്പിൽ ഒരു മാരുതി ഒമ്നി വാനിൽ വന്നിറങ്ങുന്ന കാഴ്ച ഇപ്പോഴും എൻറെ മനസ്സിൽ തങ്ങിനിൽക്കുന്നു പിന്നീട് എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തു .സാർ ഒറ്റയ്ക്ക് വരുന്ന സമയങ്ങളിലെല്ലാം ഞാനും സാറും കൂടിയാണ് വൈകുന്നേരത്തെ ഫുഡ് കഴിക്കുന്നത് .പല കടകളിലും ഞങ്ങൾ മാറിമാറി പോയി കഴിച്ചു. ഞാനും സാറും ഒരിക്കലും വേർപിരിയാത്ത രീതിയിലുള്ള ഒരു സ്നേഹബന്ധം
ഉണ്ടായി .ഞാനും സാറുമായി പല പരിപാടികളിലും ഒരുമിച്ച് പങ്കെടുത്തു. ഞാൻ സംഘടിപ്പിച്ച പല പരിപാടികളിലും സാർ ഒരു സ്ഥിരം സാന്നിധ്യം ആയിരുന്നു എൻറെ മക്കൾക്കുo

 

അദ്ദേഹവുമായി നല്ല അടുപ്പമായിരുന്നു എൻറെ മക്കളുടെ പുസ്തകങ്ങൾ എല്ലാം പ്രകാശിപ്പിച്ചപ്പോൾ അതിലെ ഒരു സജീവസാന്നിധ്യമായിരുന്നു ഉദയഭാനു സാർ എന്ന് ഞാൻ വളരെ സന്തോഷത്തോടെ ഓർക്കുന്നു. നഗരത്തിലെ പല പരിപാടികളിലും ഉദയ സാറിനെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ വിളിച്ചു കൊടുക്കുന്നതിന് പല സംഘടനകളുടെയും ഭാരവാഹികളും സ്കൂൾ പ്രിൻസിപ്പൽമാരും ഒക്കെ എന്നെ സമീപിച്ചതിൽ നിന്നുതന്നെ ഞാനും സാറും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധം വ്യക്തമാക്കുന്നു. ആര്യനാട് നിയോജക മണ്ഡലത്തിൽ എൻറെ നേതാവായിരുന്ന മുൻമന്ത്രിയും നിയമസഭ സ്പീക്കറും ആയിരുന്ന ജി കാർത്തികേയൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ഞാനും ഉദയഭാനു സാറും ഒരുമിച്ച് അദ്ദേഹത്തിൻറെ പ്രചരണത്തിന് വേണ്ടി പലതവണ ആര്യനാട് നിയോജകമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടുണ്ട് .അതെല്ലാം എൻറെ താല്പര്യ പ്രകാരം ആയിരുന്നു .എൻറെ താൽപര്യത്തെ എന്നും അദ്ദേഹംമാനിച്ചിരുന്നു എന്ന് പറയുവാൻ എനിക്ക് അഭിമാനമുണ്ട് .1979-ൽ ജയിൽ പുള്ളിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോൾ പാടിക്കേട്ട ചുടുകണ്ണീരാലൻ ജീവിതകഥ ഞാൻ മണ്ണിതിൽ എഴുതുമ്പോൾ എന്ന പാട്ട് ഉദയഭാനു സാറാണ് പാടിയത് എന്ന് ഞങ്ങൾ തമ്മിൽ വളരെ അടുത്തതിനു ശേഷം സാറിനെ കുറിച്ച് ഒരാൾ എഴുതിയ ഒരു ലേഖനത്തിൽ വായിച്ചാണ് ഞാൻ അറിയുന്നത്. ഏറെക്കാലം സാറിൻറെ

കൂടെ നടന്നിട്ടും എനിക്ക് അത് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ എന്ന വിഷമം എനിക്ക് വന്നത് ഞാൻ സാറിനോട് പറഞ്ഞു ‘ സാറേ ഈ പാട്ട് ഞാൻ ജയിലിൽ വച്ച് പലതവണ പാടിക്കേട്ട പാട്ടാണ് .ആരാണ് ഈ പാട്ട് പാടിയത് എന്ന് ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു .സാറ്എൻറെ കൂടെ ഇത്രയും കാലം നടന്നിട്ടും അത് സാറാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് കുണ്ഠിതമുണ്ട്” ഉച്ചത്തിൽചിരിച്ചുകൊണ്ട് സാറ് പറഞ്ഞു അതൊന്നും വലിയ വിഷയമല്ല .ഗായകൻ പാടും, പാട്ട്. കേൾക്കുന്നവർ അത് ആസ്വദിക്കും. അവർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞോ ഉൾക്കൊള്ളാൻ കഴിഞ്ഞോ എന്നതിന് മാത്രമാണ് പ്രാധാന്യം .അല്ലാതെ ആരുപാടി ആരു ഗാനം എഴുതി എന്നതിന് യാതൊരു പ്രാധാന്യവും ഇല്ല എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. കാലം മുന്നോട്ടുപോകവേ അദ്ദേഹത്തിൻറെയുംഎൻറെയും സുഹൃത്തായിരുന്ന ആൾ ഇന്ത്യ റേഡിയോയിലെ പ്രഭാകരൻ സാറ്ഉദയഭാനു സാറിനെ കുറിച്ച് ഒരു പുസ്തകം എഴുതി. ആ പുസ്തകത്തിലും എന്നെക്കുറിച്ച് പരാമർശം ഉണ്ട് എന്ന് ഞാൻ ഓർക്കുന്നു .സാറിനെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട മിക്കവാറും സുവനീറകളിലും ഞാനും സാറുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് എന്ന് ഞാൻ അറിയുന്നു .സാറിൻറെ ഭാര്യയുടെ മരണ ശേഷവും വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് നടക്കുകയും ഭക്ഷണം കഴിക്കുകയും പിരിയുകയും ചെയ്തിരുന്നു പല പരിപാടികളിലും പങ്കെടുക്കാൻ ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു .മുമ്പ് ഒരു വാഹനാപകടത്തിൽ പെട്ട് സാറിന് ശാരീരികമായി ചില പരിമിതികൾ ഉണ്ടായിരുന്നതിനെ തീവ്രമാക്കി കൊണ്ടാണ് ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ സാറ് താഴെ വീണുണ്ടായ പരിക്കുകൾ സാറിൻറെ അവശത വർധിപ്പിച്ചത്. ആശുപത്രി വാസത്തിനുശേഷം വീണ്ടും സാറ് പൊതുവേദിയിലേക്കും സ്റ്റാച്ചുവിലേക്കും വന്നു. വി കെ മോഹൻ അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെൻററി തയ്യാറാക്കി .എൻറെയും സാറിന്റെയും സുഹൃത്തായിരുന്ന ആൾ ഇന്ത്യ റേഡിയോയിലെ മുൻ വാർത്ത വായനക്കാരൻ മാവേലിക്കര രാമചന്ദ്രൻ ചിലപ്പോഴൊക്കെ ഞങ്ങളോടൊപ്പം കൂടുന്ന ഒരു സുഹൃത്തായിരുന്നു .ഉദയഭാനുസാറിൻറെ പേരിൽ ഒരു ഫൗണ്ടേഷൻ ഉണ്ടായി. ശിവൻ സാറായിരുന്നു അതിൻറെ ചെയർമാൻ. അവർ തയ്യാറാക്കിയ ഉദയരാഗം – 2008 എന്ന സ്മരണിക ഉദയഭാനു സാറുമായി അടുപ്പമുള്ള ആൾക്കാരുടെ സാറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ധന്യ നിമിഷങ്ങളുടെയും മുഹൂർത്തങ്ങളുടെയും ഒരു അനാവരണം ആണ് .ഞാനും അതിൽ ഞാൻ തിരഞ്ഞ ഗായകൻ എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് എഴുതിയിരുന്നു ഞാനും സാറും ഒരുമിച്ച് ഞങ്ങളുടെ സായാഹ്നങ്ങൾ പങ്കുവെച്ച് കൊണ്ടിരിക്കവേ ആണ് എനിക്ക് കേരള ഹൈക്കോടതിയിൽ ഗവൺമെൻറ് പ്ലീഡറായി സർക്കാർ നിയമനം തന്നത് .അതോടെ ഞാൻ എറണാകുളത്തേക്ക് പോയി. അതോടെ സാറ് സ്റ്റാച്ചുവിലേക്കുള്ള സാറിൻറെ നിത്യവരവ് ക്രമേണ കുറച്ച് കുറച്ച് അത് നിർത്തി .വളരെ വിഷമത്തോടുകൂടി ഞാൻ ഓർക്കുന്നു ഒരുപക്ഷേ ഞാൻ എറണാകുളത്തേക്ക് പോയില്ലായിരുന്നുവെങ്കിൽ സാറ് കുറേക്കാലം കൂടി നിത്യേനെ സ്റ്റാച്യുവിൽ വരികയും സാറിൻറെ ആരോഗ്യം കുറച്ചുകാലം കൂടി നിലനിൽക്കുകയും ചെയ്യുമായിരുന്നു എന്ന് .പക്ഷേ എല്ലാം ദൈവം നിശ്ചയിച്ചത് പോലെയാണ് വരുന്നത് .പിന്നീട് ഞാൻ എറണാകുളത്തുനിന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ പ്ലീഡർആയിതിരുവനന്തപുരത്ത് വന്നു .അപ്പോഴേക്കും സ്റ്റാച്യുവിൽ വരുന്നതിനുള്ള ഉദയഭാനു സാറിൻറെ ശാരീരികമായ ആരോഗ്യം വളരെ കുറഞ്ഞിരുന്നു. എങ്കിലും ഇടയ്ക്കിടെ അദ്ദേഹം വന്നിരുന്നു .എന്നും വരുന്നതിന് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നു എങ്കിലും എന്നും വരാനായി അദ്ദേഹത്തെ ഞാൻ പ്രേരിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ ശാരീരികമായ ആരോഗ്യം അദ്ദേഹത്തെഅതിന് അനുവദിച്ചില്ല .താന്തോന്നി എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പാടിയത് .അദ്ദേഹവും ഒത്തുള്ള ചില പരിപാടികളുടെയും അദ്ദേഹത്തിൻറെ അന്ത്യ യാത്രയെ ആദരാഞ്ജലികൾ കൊണ്ട് നമ്മുടെ നേതാക്കന്മാർ പൊതിയുന്നതുമായ ഏതാനും ചിത്രങ്ങൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതുംസാറിനെ കുറിച്ച് അവർ എഴുതിയതും എന്റെ കൈവശമുള്ളത് ഞാൻ ഇതോടൊപ്പം ചേർക്കുന്നു ആരോടും ഒന്നിനോടും പരിഭവം ഇല്ലാത്ത ഒരാളായിരുന്നു ഉദയഭാനു സാർ എന്ന് ഞാൻ ഓർക്കുന്നു .യുവ തലമുറയിലെ പ്രശസ്ത ഗായിക മഞ്ജരിയെ സൂര്യ കൃഷ്ണമൂർത്തിയുടെ ഒരു പരിപാടിയിൽ വച്ച് പരിചയപ്പെടുത്തിത്തന്നത് ഉദയഭാനു സാറാണ് .പുതിയ ഗായകർ പഴയ ഗായകരെ അവഗണിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് സാറിൻറെ മറുപടി വളരെ പ്രസക്തമാണ്. ‘ആരും ആരെയും അവഗണിക്കുന്നില്ല .പുതിയ തലമുറയിലെ മിക്കവരുടെയും കൂടെ പാടി, പഴയ പാട്ടുകാരൻ എന്ന നിലയിൽ അർഹിക്കുന്നതിൽ കൂടുതൽ പരിഗണന ലഭിക്കുന്നു. അത് സന്തോഷം പകരുന്ന കാര്യമല്ലേ ‘ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി .’ പഴയ പാട്ടുകാർ പുതിയ വരെ അവഗണിക്കുന്നു എന്നു പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിൻറെ ഉത്തരം ‘ഒരിക്കലും ശരിയല്ല .പുതിയ പാട്ടുകാർക്ക് വളർന്നു വരാൻ എല്ലാ സാഹചര്യവും ഉണ്ട് .ഐഡിയ സ്റ്റാർ സിംഗർ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോയിലൂടെ ധാരാളം പുതിയ പാട്ടുകാർ വരുന്നു എല്ലാവരും കഴിവുള്ളവരാണ് ‘ . 150 ൽ താഴെ സിനിമകളിലെ താൻ പാടിയിട്ടുള്ളൂ എന്ന് ഉദയഭാനു സാർ തന്നെ പറയുന്നുണ്ട്..പാട്ട് ഇഷ്ടപ്പെട്ടവർക്കും പാട്ടുകാരൻ ആകാൻ ആഗ്രഹിക്കുന്നവർക്കും എല്ലാ പാട്ടുകാരെയും ഇഷ്ടമാണെന്നതാണ് അദ്ദേഹത്തിൻറെ പക്ഷം. പാട്ടുകാരന്റെ ജീവിതം തന്നെ തിളക്കമുള്ളതാണ് എന്നതാണ് അദ്ദേഹത്തിൻറെ അഭിപ്രായം. അദ്ദേഹം പാടിയ വെള്ളിനക്ഷത്രമേ എന്ന പാട്ടിന് ഇപ്പോഴും തിളക്കം ഉണ്ടെന്ന് ശ്രോതാക്കൾ പറയുന്നു. പാട്ടുപാടുക അനുഭവമാണ് .എല്ലാ പാട്ടും അനുഭവമായി മാറുന്നു .40 വർഷങ്ങൾക്കുശേഷം താന്തോന്നി എന്ന സിനിമയിൽ ഉദയഭാനു സാർ പാടിയ ആ പാട്ട് -കാറ്റു പറഞ്ഞതും കടല് പറഞ്ഞതും കാര്യം പറഞ്ഞതും പൊള്ളാണേ_എന്ന് തുടങ്ങുന്ന പാട്ട് എല്ലാവരും കേട്ട് ലയിക്കുന്ന ഒരു പാട്ട് ആണ്.എന്നും സിനിമയിൽ വിഷ്വൽ മനസ്സിൽ കണ്ട് പാടിയ ഗായകനാണ് ഉദയഭാനു സാറ്. എല്ലാ ഭാഷയിലും ഉള്ള പാട്ടുകളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. രാഘവൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ടുകളാണ് കൂടുതലും ഉദയഭാനു സാർ പാടിയത് .അദ്ദേഹത്തിൻറെ ഗുരുവും രാഘവൻ മാസ്റ്ററാണ്. അദ്ദേഹത്തെക്കുറിച്ച് വളരെ ബഹുമാനവും ആദരവും ഉദയഭാനു സാർ മനസ്സിൽ സൂക്ഷിച്ചിരുന്നു എന്ന് അദ്ദേഹത്തിൻറെ വർത്തമാനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് .പ്രഗൽഭരായ കോഴിക്കോട് അബ്ദുൽഖാദറിനെയും ബാബു രാജിനെയും മനസ്സിൽ ആദരിക്കുന്ന ആളായിരുന്നു ഉദയഭാനു സാർ. നഷ്ടപ്പെട്ടുപോയ ഒന്നിനെക്കുറിച്ചും വേദനയോടും വിഷമത്തോടെയും ചിന്തിക്കാതെ എല്ലാവർക്കും നന്മവരണം എന്ന ലക്ഷ്യത്തോടുകൂടി, ആഗ്രഹത്തോടെ കൂടി ,നന്മ നിറഞ്ഞമനസ്സോടുകൂടി മുന്നേറിയ ഒരു വലിയ മനുഷ്യനായിരുന്നു ഉദയഭാനു സാർ എന്ന് അദ്ദേഹവുമായുള്ള ഇടപെടലുകളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നു.ഉദയഭാനു സാർ വിടചൊല്ലി പോയപ്പോൾ പത്രങ്ങൾ അദ്ദേഹത്തെക്കുറിച്ച്എഴുതിയതിൽ നിന്ന് തന്നെ അദ്ദേഹം ആരാണ് എന്ന് നമുക്ക് മനസ്സിലാക്കാം .അദ്ദേഹവും ഞാനുമായുള്ള സൗഹൃദത്തിൽ പച്ചപിടിച്ചു നിൽക്കുന്ന ധാരാളം ഓർമ്മകളും ധാരാളം അനുഭവങ്ങളുമുണ്ട് .എല്ലാം നല്ല ഓർമ്മകൾ. നല്ല നല്ല അനുഭവങ്ങൾ.എളിമയും വിനയവും സഹകരണ മനോഭാവവും അദ്ദേഹത്തിൻറെ കൂടപ്പിറപ്പായിരുന്നു.അദ്ദേഹത്തിൻറെ സഹോദരി അമ്മിണി നേത്യാ
രെയും
എനിക്ക് നല്ല പരിചയമായിരുന്നു .അദ്ദേഹത്തിൻറെ അമ്മാവനായിരുന്നു മാതൃഭൂമി പത്രാധിപരായിരുന്ന കെ പി കേശവമേനോൻ .പുതിയ പാന സാറിനെ ആൾ ഇന്ത്യ റേഡിയോയിൽ ഇൻറർവ്യൂവിന് വിളിച്ചപ്പോൾസാറ് കേശവമേനോൻ സാറിനെ ചെന്ന് കണ്ടു.ഇൻറർവ്യൂവിന് വിളിച്ച കാര്യം പറഞ്ഞു.കെ പി കേശവമേനോൻ അദ്ദേഹത്തിന് ഒരു ശുപാർശക്കത്ത് കൊടുത്തു.അതിൻറെ ഉള്ളടക്കം ഇങ്ങനെയായിരുന്നു, ‘എൻറെ ഒരു പയ്യൻജോലിക്കായി വരുന്നുണ്ട്.കൊള്ളാമെങ്കിൽ എടുക്കുക’. ഉദയഭാനു സാറിൻറെ
മകൻ രാജീവിന്റെ ഭാര്യ ശിവൻ സാറിൻറെ മകൾ സരിത അവസാനകാലത്ത് സാറിന് ഒപ്പം നിന്ന് സാറിനെ ആത്മാർത്ഥതയോടെ പരിചരിച്ച ഒരു മരുമകളായിരുന്നു
എന്ന് ഞാൻ ഓർക്കുന്നു.സരിതയെപ്പോലെ ഒരു മരുമകളെ കിട്ടിയതാണ് സാറിൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ വിലയിരുത്തുന്നു. അക്കാലത്ത് സരിതയുടെ സഹോദരന്മാരെയും എനിക്ക് നല്ല പരിചയമായിരുന്നു.കാലങ്ങൾ കടന്നപ്പോൾ എല്ലാവരും എന്നെ മറന്നു കാണും എന്ന് കരുതുന്നു. അത് സ്വാഭാവികമാണ് .’സാറിൻറെ ഭാര്യ സഹോദരൻ ബാലകൃഷ്ണൻ പ്രശസ്തനായ കാർട്ടൂണിസ്റ്റ് ആയിരുന്നു.അദ്ദേഹംഎഴുതിയ ഒരു പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചത് ഇപ്പോഴും എൻറെ കൈവശമുണ്ട് .അദ്ദേഹവും ഇപ്പോൾ നമ്മോടൊപ്പം ഇല്ല.ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായി,ഗാന്ധി മാർഗ്ഗത്തിലൂടെ എന്നും സഞ്ചരിച്ച ഒരു മഹാത്മാവായിരുന്നു ഉദയഭാനു സാറ്.അദ്ദേഹത്തിൻറെ നേതൃത്വത്തിൽ രൂപം കൊണ്ട ഗാന്ധിയൻ സംഘടനയാണ് സബർമതി.ദേശഭക്തി ഗാനങ്ങളുടെ പ്രചാരണത്തിന് വേണ്ടി സാറ് വിടചൊല്ലിപ്പോയ ശേഷവും ഇന്നും ആ സംഘടന വളരെ സജീവമായി പ്രവർത്തിക്കുന്നു.ഒരു കാലഘട്ടത്തിൽ സാറ് ആ സംഘടനയുടെ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായിരുന്നു.ആ സംഘടനയെ അന്നും ഇന്നും ചിട്ടപ്പെടുത്തി ദേശഭക്തി ഗാനങ്ങൾപ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് വി കെ മോഹൻ എന്ന ഗാന്ധിയൻ മാതൃകയാണ്.
സംഗീതത്തിലൂടെ ദേശീയോദ്ഗ്രഥനത്തിന് മഹത്തായ സംഭാവനകൾ നൽകിയതിനുള്ള മാസ്മീഡിയ അവാർഡ് 2008 ൽ സാറിനാണ് ലഭിച്ചത്.ഒപ്പം ഞാൻ രചിച്ച കഥയില്ല കഥകൾ എന്ന പുസ്തകത്തിന് മാസ് മീഡിയയുടെ ചെറുകഥ അവാർഡും എനിക്കും ലഭിച്ചിരുന്നു .ഓൾഡ് ഈസ് ഗോൾഡ്,ദേശഭക്തിഗാനാഞ്ജലിഎന്നീ ജനപ്രിയ പരിപാടികൾ ഉദയഭാനു സാറിൻറെ നേതൃത്വത്തിൽ സബർമതി ആവിഷ്കരിച്ചപരിപാടികളാണ്.2008 ജനുവരി 26ലെ റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം ഗാന്ധി പാർക്ക് മൈതാനിയിൽ അന്നത്തെ മുഖ്യമന്ത്രി ബഹുമാന്യനായ വിഎസ് അച്യുതാനന്ദൻ ആണ് ഈ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചത്. അതിനുശേഷം ഇന്നും സബർമതി സജീവമായി ഈ രംഗത്ത് ഗാനങ്ങൾ അവതരിപ്പിച്ചും പരിപാടികൾ സംഘടിപ്പിച്ചും നിലകൊള്ളുന്നു എന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്നു.രാജ്യം ഉദയഭാനു സാറിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.ഉസ്താദ് ബിസ്മില്ലാഖാനുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്.പരിചയപ്പെട്ട എല്ലാവരോടും ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തി,ലോകത്തുനിന്നും കടന്നുപോയ മനുഷ്യസ്നേഹിയായവലിയ മനുഷ്യനാണ് ഉദയഭാനു സാറ് .സാറിനെ കുറിച്ചുള്ള ഓർമ്മകൾ.അപകടങ്ങളെ തുടർന്നുണ്ടായ ശാരീരികമായ അവശതകൾ,അതുണ്ടാക്കിയ ബുദ്ധിമുട്ടുകൾ, വേദനകൾ എല്ലാം ഓർമ്മകളുടെ ഭാഗമാണ്.നാളെ ഞാനും ഓർമ്മകളുടെ ഭാഗം ആകുമ്പോൾ ഉദയഭാനു സാറിൻറെ ഓർമ്മകളോടൊപ്പം എന്നെയും ആരെങ്കിലും ഓർക്കുന്നെങ്കിൽ ഓർക്കട്ടെ……ജയ് ഹിന്ദ്.