ഒരു കാലത്ത് നിരത്തുകളിൽ സജീവസാന്നിദ്ധ്യമായിരുന്നു കാളവണ്ടികൾ. നാട്ടിൻപുറത്തുനിന്നും കാളവണ്ടികൾ നിരനിരയായി മെയിൻറോഡിലൂടെ കൊല്ലം കമ്പോളം ലക്ഷ്യമാക്കിയുള്ള യാത്ര പോയകാലത്തിന്റെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.
നാട്ടിൻപുറത്തെ പലചരക്കുകടകളിലേക്കും, റേഷൻകടകളിലേക്കും ചരക്കുകൾ എത്തുന്നത് കാളവണ്ടിയിലാണ്.
നാട്ടിലെ പ്രധാനകാളവണ്ടിക്കാരനാണ് ചാക്കോമാപ്പിള. കാളകളുമായുള്ള നിരന്തരസമ്പർക്കം മൂലം സ്വഭാവവും കടുകട്ടിയാണ്. തെറിവിളിയിൽ ഡോക്ടറേറ്റ് ഉണ്ടായിരുന്നെ ങ്കിൽ അത് ചാക്കോമാപ്പിളയ്ക്ക് തന്നെ ലഭിക്കുമായിരുന്നു.അതിനാൽ തന്നെ കാള മാപ്പിള എന്ന ഇരട്ട പേരും ഉണ്ടായിരുന്നു. പിശുക്കിന്റെ തമ്പുരാൻ കൂടിയായിരുന്നു.
കാളവണ്ടിയിൽ കൊല്ലം കുണ്ടറ സർവീസ് നടത്തുന്ന ശ്രീശിവൻ ബസ് തട്ടിയപ്പോൾ ചാക്കോമാപ്പിളയുടെ സംഹാരതാണ്ഡവം പെരിനാട്ടുകാർ മറക്കാനിടയില്ല. ആ ബസ് തകർത്തുകളഞ്ഞുചാക്കോമാപ്പിള. കേസും കോടതിയുമായി ഒരു വ്യാഴവട്ടകാലമാണ് പുറകെ പോയത്.
അന്ന് ചെമ്മക്കാട്റയിൽവേ മേൽപാലത്തിലേക്കുള്ള കയറ്റം ശബരിമലകയറ്റം പോലെയായിരുന്നു. കരിമലകയറ്റമെന്ന് പറയാം. കാളകൾ ക്ഷീണിച്ച് അവശരായി വയ്യാ വയ്യായെന്നമട്ടിൽ ഇഴഞ്ഞുകയറ്റം കയറുമ്പോൾ ചാക്കോമാപ്പിളയുടെ ചാട്ടവാർഅന്തരീക്ഷത്തിൽ ഉയർന്നുതാഴും. അതിലും രക്ഷയില്ലെങ്കിൽ മുളകുപ്രയോഗം. സ്പീഡ് കൂട്ടാൻ അറ്റകൈയ്ക്ക് മറ്റൊരു മൂന്നാംമുറയാണ്പ്രയോഗിക്കുക. അത് തൽക്കാലം പറയുന്നില്ല.
ചാക്കോമാപ്പിള കാളകൾക്കൊപ്പം തന്നെയാണ് കുളിക്കുക. വയലിലെ കുളത്തിലാണ് നീരാട്ട്. കുളി കഴിഞ്ഞ് കാളയെ തൊട്ടടുത്ത പറമ്പിൽ കെട്ടിയിട്ട് കള്ളുഷാപ്പിലും പോയി നന്നായി മിനുങ്ങി കാളയെയും കൂട്ടി ഇടവഴിയിലൂടെ പഴയസിനിമഗാനം പാടി പോകുന്ന ചാക്കോമാപ്പിള മനോഹരമായ ഒരു ഗ്രാമകാഴ്ച്ചതന്നെ യായിരുന്നു. കാളകളോട് അയാൾ സംസാരിക്കുംകിന്നാരം പറയും
“ഇന്ന് ഭാരം ഇത്തിരി കൂടുതലായിരുന്നു അല്ലേ
നീലാ..?”…..
“നിന്റെ വേലയൊന്നും എന്റെയടുത്തു നടക്കില്ല കുട്ടാ”……
നീലനും, കുട്ടനുംഅതായിരുന്നു ചാക്കോ മാപ്പിളയുടെ കാളകളുടെ പേരുകൾ. അവർ തലയാട്ടിയും കരഞ്ഞും മറുപടി നൽകും.നല്ല പെട കൊടുക്കുമെങ്കിലും അവയെ വലിയ ഇഷ്ടവുമായിരുന്നു.
ചാക്കോ മാപ്പിളവരുമ്പൊഴേക്കും എൽസമ്മ ചീനിയും ചാളക്കറിയുംതയ്യാറാക്കിയിരിക്കും.അതിന് താമസം നേരിട്ടാൽ അത് കരക്കാർക്ക് മൊത്തം അറിയാം. അമ്മാതിരി വിളിയാണ് വിളിക്കുക.
എൽസമ്മ സുന്ദരിയാണ്. പോരാത്തതിന് പത്തു വയസ്സിനിളയതുമാണ്. എൽസമ്മ കുളിക്കുന്നതും ഒരുങ്ങുന്നതും മുല്ലപ്പൂ ചൂടുന്നതും ചാക്കോ മാപ്പിളയ്ക്ക് ഇഷ്ടമല്ല…………….ഒരുങ്ങിയാൽ അടി ഉറപ്പ്.
ഒരിക്കൽ പള്ളി പെരുന്നാളിന് എൽസമ്മ മുല്ലപ്പൂ ചൂടി പോകാനൊരുങ്ങി നിൽക്കുകയാണ്. കൂട്ടുകാരി വിജയയോട് പറഞ്ഞു”അതിയാൻവരുന്നതിനു മുൻപ് പോയിട്ടു വരാം.കണ്ടാൽ തീർന്നു”വിജയ യാണ് എൽസമ്മയുടെഒരേയൊരു കൂട്ട്.
പക്ഷേ പള്ളിയിൽ നിന്നും മടങ്ങിയെത്തിയ എൽസമ്മ കാണുന്നത്ചാട്ടവാറുമായി കലിതുള്ളി നിൽക്കുന്ന ചാക്കോ മാപ്പിളയെ…..
റോഡിലിട്ടുതന്നെചാട്ടവാർകൊണ്ട് പൊതിരെ തല്ലി. തടസം പിടിച്ചവർക്കുംകിട്ടി. എൽസമ്മയുടെ ശരീരമാകെചുവന്നു തുടുത്തു. അതും കേസായി. എൽസമ്മ ഒരു കൊല്ലം അവരുടെ വീട്ടിലായിരുന്നു…………………………………………. ചാക്കോ മാപ്പിള ഇന്ന് ചാക്കോ മുതലാളിയാണ്. നാലഞ്ച് കശുവണ്ടി ഫാക്ട്ടറികൾ, സ്കൂൾ, കോളേജ്, ആശുപത്രി. ഇതെങ്ങനെ സംഭവിച്ചു?അംബാസിഡർ കാറിൽ പാഞ്ഞു വരുന്ന ചാക്കോ മാപ്പിള നാട്ടുകാർക്ക് കൗതുകകാഴ്ചയായി. ഇന്നലെ വരെ കാളവണ്ടിയുമായി…. ഡ്രൈവിംഗ് പഠിച്ചതും ഒരു കഥയാണ്. അതും വാമൊഴിയായിനാട്ടിൽ പരന്നതാണ്. സുഗുണൻ മാഷാണ് ഡ്രൈവിംഗ് പരിശീലകൻ. മാഷ് എത്ര പറഞ്ഞാലും ചാക്കോ മാപ്പിള ആക്സിലേറ്ററിൽ കാൽ അമർത്തില്ല. വാഹനം ഇരച്ചിരച്ചുനിൽക്കും. സഹികെട്ട് മാഷ് ചോദിച്ചു. “എന്തായിരുന്നു ജോലി”? “കാളവണ്ടിയോട്ടമായായിരുന്നു”. “കാളവണ്ടിസ്പീഡിൽ പോകാൻ എന്ത് ചെയ്യും”? “അത്… അത്…. കാളയുടെ……”. ചാക്കോ മാപ്പിള ഒരുവിധം പറഞ്ഞൊപ്പിച്ചു. “ശരി… ഈ കാണുന്നത്…. അതാണെന്ന് സങ്കല്പിച്ചാൽ മതി. സ്പീഡിൽ പോകാനുള്ളതാണ്. അതിൽ അമർത്തി ചവിട്ടണം… മനസ്സിലായോ”?കാർ മുന്നോട്ട് നീങ്ങി…. “ആക്സിലേറ്റർ.”… ചാക്കോമാപ്പിള അമർത്തിചവുട്ടി…. കാർ ഒറ്റ കുതിപ്പ്. അപ്പുക്കുട്ടന്റെ വേലിയും തകർത്ത് കാർ മുറ്റത്തു ചെന്നു നിന്നു. അതിൽ പിന്നെ രണ്ടുപേർക്കും ഒരു മാസം വിശ്രമം ഡോക്ടർ വിധിച്ചു.
അതൊരു കഥയാണ്.ഒന്നല്ല പല കഥകളാണ് അതിൽ എത്രമാത്രം സത്യമുണ്ടെന്ന്ആർക്കുമറിയില്ല.
ചാക്കോമാപ്പിളപ്രാഥമിക കൃത്യം നിർവഹിച്ചിരുന്നത് റയിൽവേ ട്രാക്കിന്റെ അരികിലായിരുന്നു. അതിനടുത്ത് കുളവുമുണ്ട്. അഞ്ചുമണിക്ക്എഴുന്നേറ്റ് പ്രഭാതകൃത്യംനടത്തി നേരെ ഗോപാലൻനായരുടെചായക്കടയിൽ. കടുപ്പമുള്ള രണ്ട് ചായകുടിക്കും പിന്നെ ഒരു കാജാ ബീഡി. ഇതാണ് ശീലം.
ഒരു ദിവസം രാവിലെ അങ്ങനെ റയിൽവേ ട്രാക്കിലിരിക്കുമ്പോൾ ഗുഡ്സ് ട്രയിനിൽനിന്ന് ഏട്ടുപത്തുചാക്കുകൾ വീണെന്നും അതിൽ നിറയെ പണമായിരുന്നെന്നും ഒരു കഥ.
നഗരത്തിലെ ഒരു മുതലാളി യുമായിനല്ല അടുപ്പത്തിലായിരുന്നെന്നും അയാളെ വഞ്ചിച്ചു ണ്ടാക്കിയതാണെന്നും മറ്റൊരു കഥ.
പണ്ട് പണ്ട് റയിൽവേ ട്രാക്കിൽ മരിച്ചു കിടന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് നിറയെ സ്വർണ്ണ മുണ്ടായിരുന്നെന്നുംഅതിൽ നിന്നാണ് ഇക്കണ്ട സമ്പാദ്യം ഉണ്ടായതെന്നും കഥയുണ്ട്.
ലോട്ടറിയടിച്ചതാണെന്ന്മറ്റൊരു കൂട്ടർ ഉറപ്പിച്ചു.
കാഞ്ഞബുദ്ധിമാനായിരുന്നുചാക്കോ മാപ്പിളയെന്നും. പണം കൈവശമുണ്ടായിരുന്നസമയം തന്നെയാണ് കാളവണ്ടി ക്കാരനായിജീവിച്ചതെന്നും ചിലർ പറയുന്നുണ്ട്.
സംഗതിയെന്തായാലുംചാക്കോമുതലാളിനാട്ടുകാരുടെ കൺകണ്ട ദൈവമായിരിക്കുന്നു.
കാരുണ്യപ്രവർത്തനം
സമൂഹവിവാഹം
ചികിത്സാസഹായം.ചാക്കോ മുതലാളിഇല്ലാത്ത നന്മയില്ലന്നായിരിക്കുന്നു.
കഥകൾ മുതലാളിയും കേൾക്കുന്നുണ്ടായിരുന്നു. പൗരസമിതിയുടെ ആദരവ് ചടങ്ങിൽ മുതലാളി അത് പറയുകയും ചെയ്തു.
“എന്നെ കുറിച്ച് പല കഥകളും നാട്ടിൽ പറയുന്നുണ്ടെന്നറിയാം…. പക്ഷേ അതൊന്നും സത്യമല്ല,…അസൂയക്കാർ പറഞ്ഞുപരത്തുന്നതാണ്….ഒരു ഫാക്ട്ടറിനോക്കാൻ കൊല്ലത്തെ മുതലാളി ഏൽപ്പിച്ചു. ആത്മാർഥമായി ജോലി ചെയ്തു. അത് രണ്ടായി.. മൂന്നായി…..നാലായി അവസാനംഒരു ഫാക്ടറി എനിക്ക് തന്നു. ആ ഒന്നിൽ നിന്നാണ് ഇക്കാണുന്നതെല്ലാം.”
ജനം കയ്യടിച്ചു. കീ ജയ് വിളിച്ചു. ചാക്കോ മുതലാളി യുടെ കീർത്തി കൊല്ലംജില്ല കടന്ന്പതിന്നാല് ജില്ലകളിലുമെത്തി… പിന്നെ ഇന്ത്യയാകെ..
അങ്ങനെ അങ്ങനെ ചാക്കോ മുതലാളി പത്മശ്രീയുംപത്മ ഭൂഷണുമായി……
നടവരമ്പ് കഴിഞ്ഞാൽ ഇടവഴി. അത് കയറി ചെല്ലുമ്പോൾ കൊട്ടാരം പോലുള്ള ഒരു വീട് കാണാം.അതിന്റെമതിലിൽ സ്വർണ്ണനിറത്തിലെഅക്ഷരങ്ങൾ. “പത്മഭൂഷൺ ചാക്കോ തോമസ്”
ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ കാർപോർച്ച്കാണാം. അവിടെ കാറില്ല. പകരം അലങ്കരിച്ച ഒരു കാളവണ്ടി.ചാക്കോ മാപ്പിള കാളവണ്ടിഓടിക്കുന്നത് പോലെ തോന്നും.ചാക്കോ മാപ്പിള ഓർമ്മയായിരിക്കുന്നു. മകൻ തോമസ്ചാക്കോആ കാളവണ്ടിയെ പൊന്നുപോലെ നോക്കുന്നു….. ഇപ്പോഴും……..എല്ലാ നാട്ടിലും ഇതേപോലെ ഒരു ചാക്കോ മാപ്പിളയും, സമാനമായ കഥകളും ഉണ്ടാകും. ദരിദ്രമായ നഗരമല്ലല്ലോ നന്മകളാൽ സമർത്ഥമായനമ്മുടെ നാട്ടിൻപുറം.