തിരുവനന്തപുരം:ലോക വയോജന ദിനത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സെക്രട്ടറിയറ്റ് പടിക്കൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ദിനാചരണത്തിൻ്റെ സന്ദേശം സമൂഹത്തിലും സർക്കാരിലും എത്തിക്കാനാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
വാർധക്യം ആഘോഷമാക്കുകയും മുതിർന്ന പൗരന്മാരുടെ സേവനവും പങ്കാളിത്തവും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. കർമനിരതവും സജീവവുമായ വാർധക്യം നയിക്കാൻ സർക്കാരും സമൂഹവും വയോജനങ്ങളെ പിന്തുണക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
സെക്രട്ടറിയറ്റ് പടിക്കൽ സംഘടിപ്പിച്ച വയോജന കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ വയോജന ദിന സന്ദേശം നൽകി. പി.ചന്ദ്രസേനൻ, ഡോ. സി. വസന്തകുമാരൻ, ജീ .കൃഷ്ണൻകുട്ടി, കെ.എൽ. സുധാകരൻ, എൻ. സോമശേഖരൻ നായർ, എൻ.ആർ.സി. നായർ, കരമന ചന്ദ്രൻ, ആർ.കെ.സതീഷ്, പി. വിജയമ്മ, മുത്താന സുധാകരൻ ,ടി.എസ്. ഗോപാൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.