അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് പത്തൊന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ പ്രതിരോധിക്കുക അനിവാര്യം…

മാധ്യമ പ്രവർത്തകൻ പി.ആർ സുമേരൻ എഴുതുന്നു

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ എഫ് എഫ് കെ യില്‍ പാലസ്തീനില്‍ നിന്നുള്ള പത്തൊന്‍പത് സിനിമകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത് അംഗീകരിക്കാനാവില്ല. ആവിഷ്ക്കാര സ്വാതന്ത്യത്തിനെതിരെയുള്ള കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. സിനിമ കാണുവാനും പഠിക്കാനുമുള്ള ജനങ്ങളുടെ അവകാശമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. വിദേശ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സെന്‍സറിങ് എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഏഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മേളയുടെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍-36, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, 2017 ലെ മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ വാജിബ്, 1925 ല്‍ പുറത്തിറങ്ങിയ വിഖ്യാത ചിത്രം ബാറ്റില്‍ ഷിപ്പ് പൊട്ടംക്കിന്‍, ഫെര്‍ണാണ്ടോ സൊളാനസിന്‍റെ ദി അവര്‍ ഓഫ് ദ ഫര്‍ണസ് (1968) എന്നീ ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ‘ബീഫ്’ എന്ന സ്പാനിഷ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് പേര് കണ്ടിട്ടാണോ എന്ന് പോലും ആക്ഷേപം ഉയരുന്നുണ്ട്. ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. വിഖ്യാത ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ഡോ. ബിജു, മനോജ് കാന തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ നിരാകരിക്കുന്ന നിലപാട് ശരിയല്ലെന്നും ആ നീക്കം അതിഭയാനകമാണെന്നും ടി വി ചന്ദ്രന്‍ പ്രതികരിച്ചു. സിനിമ പഠിക്കാനും അറിയാനുമുള്ള അവകാശത്തിന്‍റെ നിഷേധമാണ് ഇപ്പോള്‍ വന്നിട്ടുള്ളെതെന്ന് മനോജ് കാന പ്രതികരിച്ചു.ജീവന്‍ കൊടുത്തും ഇതിനെതിരെ നമ്മള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് കാരണങ്ങള്‍ കൊണ്ടാണ് സിനിമകളുടെ പ്രദര്‍ശനം നിഷേധിച്ചതെന്ന് അന്വേഷിക്കണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനാണോ ചലച്ചിത്ര അക്കാദമിക്കാണോ വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ചലച്ചിത്രോത്സവ വേദിയില്‍ അതിശക്തമായ പ്രതിഷേധം ഉയരുകയാണ്. ചലച്ചിത്ര ആസ്വാദകരും നിരൂപകരും ചലച്ചിത്ര പ്രേമികളും ഒന്നാകെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നുവരേണ്ടത് സാംസ്ക്കാരിക ബോധമുള്ള ഓരോ പൗരന്‍റെയും അവകാശവും കടമയുമാണ്.
ചലച്ചിത്രോത്സവം മുപ്പത് വർഷമായി ഭംഗിയായി തുടരുകയാണ്. അത് നിലനില്ക്കുക കാലത്തിന്റെ അനിവാര്യതയാണ്.ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും ഈ ഉത്സവം തുടരണം, അത് സംഭവിക്കട്ടെ, എന്ന് പ്രതീക്ഷിക്കുന്നു