ഈ യുഗം യുദ്ധത്തിൻ്റേതല്ല,മോദി.ട്രംപ് – പുടിൻ ചർച്ചയെ പിന്തുണച്ച് ഇന്ത്യ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷ.

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തുന്ന ചർച്ചയെ പിന്തുണച്ച് ഇന്ത്യ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി ട്രംപ് ഇന്ത്യയ്ക്ക് മേൽ അധിക നികുതി ഏർപ്പെടുത്തിയ അതേ സമയത്താണ് യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ പുടിൻ – ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തത്.റഷ്യ – യുക്രൈൻ സംഘർഷം തീരും എന്ന് പ്രതീക്ഷിക്കുന്നു. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കും. അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.അതേസമയം ട്രംപ് – പുടിൻ കൂടിക്കാഴ്ച സമാധാന ശ്രമങ്ങൾക്ക് പുതിയ ഉണർവ് നൽകുമെങ്കിലും, യുക്രൈൻ തങ്ങളുടെ ഏതെങ്കിലും പ്രദേശം വിട്ടുകൊടുക്കാൻ തയ്യാറാകുമോ എന്നത് സംശയമാണ്. ചില പ്രദേശങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നും അത് ഇരുവർക്കും ഗുണകരമാകുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു ഇഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നാണ് യുക്രൈൻ പ്രസിഡൻ്റ് സെലെൻസ്കിയുടെ പ്രതികരണം.