*”മാനവിക ഐക്യത്തിന്റെ സന്ദേശവുമായി കെ.എൻ.എം ഈദ്ഗാഹുകൾ”*
സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കാനുള്ള ആഹ്വാനവുമായി കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) യൂണിറ്റുകളുടെയും സലഫി മസ്ജിദ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ഈദ്ഗാഹുകൾ ശ്രദ്ധേയമായി. പരസ്പര ഐക്യത്തിലൂടെയും ഒരുമയിലൂടെയും മാനവിക ഐക്യം ആർജ്ജിക്കണമെന്നും, തീവ്രവാദം,വർഗീയത, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും ഖുതുബ പ്രസംഗങ്ങളിൽ ഇമാമുമാർ ഉദ്ബോധിപ്പിച്ചു.
പരസ്പര സ്നേഹത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിനും സ്മരണ പുതുക്കുന്ന ബലിപെരുന്നാൾ ആഘോഷം അപരന്റെ വേദനകളിലും സങ്കടങ്ങളിലും സാന്ത്വനം പകരാൻ പ്രചോദനമാകണമെന്നും ഇമാമുമാർ പറഞ്ഞു. ജമ്മു കാശ്മീരിലെ പഹൽഗാമിലെ തീവ്രവാദ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ നിരപരാധികൾക്കും, പാലസ്തീനിലെ ഗസ്സയിൽ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുമായി ഈദ്ഗാഹുകളിൽ പ്രത്യേക പ്രാർത്ഥന നടത്തി.
കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) വടശ്ശേരിക്കോണം യൂണിറ്റിന്റെയും സലഫി മസ്ജിദ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വടശ്ശേരിക്കോണം- ആലുംമൂട് സ്പോർട്സ് ഹബ്ബ് ഗ്രൗണ്ടിൽ നടന്ന വലിയ പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബയ്ക്കും മൗലവി ഷാഹുൽഹമീദ് അൻവരി നേതൃത്വം നൽകി.
കല്ലമ്പലം സലഫി മസ്ജിദിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് ഹാഫിള് ഷാക്കിർ ഹുസൈൻ മൗലവി നേതൃത്വം നൽകി.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഈദ് പ്രാർത്ഥനകൾക്ക് ഹാഫിള് മാഹിൻ മൗലവി നേതൃത്വം നൽകി.
ഈദ്ഗാഹുകളിൽ സ്ത്രീകളും കുട്ടികളടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഈദ്പ്രാർത്ഥനക്കായി എത്തിയത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം ഹസ്തദാനം നടത്തിയും പരസ്പരം ആശ്ലേഷിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വിശ്വാസികൾ ഈദ് ആശംസകൾ കൈമാറി.
ബലിപെരുന്നാൾ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അർഹരായവർക്കുള്ള ഭക്ഷ്യ കിറ്റുകൾ, ചികിത്സ സഹായം, പഠനോപകരണങ്ങൾ, ഉദുഹിയ എന്നിവയുടെ വിതരണവും സംഘടിപ്പിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു