ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ടു ജീവനക്കാർ സെക്രട്ടറിയേറ്റ്ന് മുന്നിലും ജില്ലാ കലക്ട്രേറ്റ്കൾക്ക് മുന്നിലും പ്രതിഷേധ മാർച്ചു ധർണ്ണയും നടത്തി.

ഇടക്കാലാശ്വാസം അനുവദിക്കണം
-ജോയിന്റ് കൗൺസിൽ

സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും ജീവനക്കാരുടെ വലിയ പങ്കാളിത്തത്തോടു കൂടി പ്രതിഷേധ മാര്‍ച്ച് നടത്തുകയുണ്ടായി. 6 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വേതന ഘടന സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതത്തെ വളരെ ക്ലേശകരമാക്കിയിരിക്കുകയാണ്. വേതന പരിഷ്‌ക്കരണം നടപ്പിലാക്കേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണം അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു.
ജീവിതചെലവുകള്‍ വര്‍ദ്ധിച്ചു വരുകയും എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനഘടന മാറ്റമില്ലാതെ തുടരുകയുമാണ്. വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ക്ലിപ്തവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാരെയാണ്. മാതൃകാ തൊഴില്‍ ദാതാവെന്ന നിലയില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്.
ശമ്പളപരിഷ്‌ക്കരണം വൈകിയ ഘട്ടത്തിലെല്ലാം ഇടക്കാലാശ്വാസം ആവശ്യപ്പെട്ടു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1971 ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ജോയിന്റ് കൗണ്‍സില്‍ 12 ദിവസം സമരം നടത്തുകയും തുടര്‍ന്ന് ഇടക്കാലാശ്വാസം നേടിയെടുക്കുകയും ചെയ്തു. 1982 ലെ ശമ്പളപരിഷ്‌ക്കരണം നീണ്ടുപോയപ്പോഴും ജോയിന്റ് കൗണ്‍സില്‍ സമരരംഗത്ത് വരികയും അതിനെതുടര്‍ന്ന് ഇടക്കാലാശ്വാസം അനുവദിക്കുകയും ചെയ്തു. 1993-1995 കാലഘട്ടത്തില്‍ എ.കെ.ആന്റണിയുടെയും കെ.കരുണാകരന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരും 1996 ലെ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും ശമ്പളപരിഷ്‌ക്കരണം നീണ്ടുപോയ അവസരത്തില്‍ ജീവനക്കാരുടെ ദുരിതം മാറ്റാന്‍ ഇടക്കാലാശ്വാസം അനുവദിക്കാന്‍ തയ്യാറായി. 1996 ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രനിരക്കിലുള്ള 10 ശതമാനം ഇടക്കാലാശ്വാസമാണ് നല്‍കിയത്. പണപ്പെരുപ്പവും വിലക്കയറ്റവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌ക്കരണം നീണ്ടുപോകുമ്പോള്‍ സമാശ്വാസം എന്ന നിലയിലാണ് ഇടക്കാലാശ്വാസം വേണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി സുധികുമാര്‍.എസ്, കെ.എല്‍.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി വി.വിനോദ്, ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റംഗം ആര്‍.സിന്ധു എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. തിരു.സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി സ്വാഗതവും നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല നന്ദിയും രേഖപ്പെടുത്തി. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.അജയകുമാര്‍, ആര്‍.സരിത, വി.ശശികല, എന്‍.സോയാമോള്‍, ജി.സജീബ്കുമാര്‍, യു.സിന്ധു, റ്റി.അജികുമാര്‍, എസ്.ആര്‍.രാഖേഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നടന്ന മാര്‍ച്ച് എറണാകുളം ജില്ലയില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവും കോഴിക്കോട് സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരിയും തൃശ്ശൂരില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി.വി.ഹാപ്പിയും ആലപ്പുഴയില്‍ വൈസ്‌ചെയര്‍മാന്‍ ആര്‍.രമേശും മലപ്പുറത്ത് വൈസ്‌ചെയര്‍മാന്‍ വി.സി.ജയപ്രകാശും പാലക്കാട് സംസ്ഥാന സെക്രട്ടറി കെ.മുകുന്ദനും കാസര്‍ഗോഡില്‍ സംസ്ഥാന സെക്രട്ടറി നരേഷ്‌കുമാര്‍ കുന്നിയൂരും ഇടുക്കിയില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനിലും കൊല്ലത്ത് പി.ശ്രീകുമാറും പത്തനംതിട്ടയില്‍ എ.ഗ്രേഷ്യസും കോട്ടയത്ത് എം.സി.ഗംഗാധരനും വയനാടില്‍ രാകേഷ്‌മോഹനും കണ്ണൂരില്‍ എന്‍.കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *