മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി.ഡി രാജ.

കൊല്ലം: മതേതരത്വവും ജനാധിപത്യവും പൂര്‍ണ്ണമായും ഇല്ലാതായി. സ്വാതന്ത്ര്യത്തിന് ശേഷം സിപിഐ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ്.രാജ്യം അപകടകരമായ ഒരവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മോഡി അധികാരത്തില്‍ വന്നതിന് ശേഷം പുതിയൊരു പാര്‍ലമെന്റാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഛത്തീസ്‌‌ഗഢിലെ കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന അതിക്രമത്തില്‍ അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത കേരളത്തിലെ ബിജെപി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇതിലൂടെ അവരുടെ ഇരട്ടമുഖമാണ് വെളിവാകുന്നതെന്നും സിപിഐ ദേശീയ ജനറല്‍സെക്രട്ടറി ഡി രാജ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച അതേവര്‍ഷമാണ് ആര്‍എസ്എസും രൂപീകൃതമായത്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ആര്‍എസ്എസ് ഒരുപങ്കും നിര്‍വഹിച്ചിട്ടില്ല. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ വന്നത് ജനാധിപത്യപ്രക്രിയയിലൂടെയാണ്. അതുപോലെയാണ് ഇന്ത്യയിലും ഫാസിസ്റ്റായ മോഡി അധികാരത്തില്‍ എത്തിയത്. വര്‍ഗീയ പ്രീണനമാണ് ബിജെപിയും ആര്‍എസ്എസും നടപ്പിലാക്കുന്നത്. അമേരിക്കക്കും ഇന്ത്യയിലെ കോര്‍പ്പറേറുകള്‍ക്കും വേണ്ടിയാണ് മോഡി ഭരണം നടത്തുന്നത്. അങ്ങേയറ്റം അപകടകാരിയായ ഒരുസംഘടനയാണ് ആര്‍എസ്എസ്. നമ്മുടെ ഭരണഘടനയേയും മതേതരത്വത്തേയും സംരക്ഷിക്കാന്‍ ആര്‍എസ്എസ്-ബിജെപി ബന്ധത്തെ തകര്‍ക്കുകയാണ് നാം ചെയ്യേണ്ടത്. ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും നയരൂപീകരണങ്ങളുമായിരിക്കും വരുന്ന പാര്‍ട്ടികോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്ന് ഡി രാജ പറഞ്ഞു.
കാനം രാജേന്ദന്‍ നഗറില്‍ (കൊല്ലം കന്റോണ്‍മെന്റ് മൈതാനി) നടന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി പി എസ് സുപാല്‍ അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ജി ലാലു സ്വാഗതവും കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ രാജീവ് നന്ദിയും പറഞ്ഞു. കെ പ്രകാശ്ബാബു, കെ ആര്‍ ചന്ദ്രമോഹനന്‍, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരന്‍, ആര്‍ രാജേന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, അഡ്വ. സാം കെ ഡാനിയേല്‍, എം എസ് താര തുടങ്ങിയവര്‍ പങ്കെടുത്തു. ലോഗോ തയ്യാറാക്കിയ ശരത് എസിന് ജനറല്‍ സെക്രട്ടറി സ്നേഹോപഹാരം നല്‍കി.