മെമ്പർഷിപ്പ് ഇടിഞ്ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തകരുന്നു എന്നു കരുതരുത്. ബിനോയ് വിശ്വം.

കൊല്ലം : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് നൽകുന്നത് ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. മെമ്പർഷിപ്പ് കൂടുകകയും കുറയുകയും ചെയ്യും. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന കാര്യം ഓർമ്മിക്കണം എന്നു മാത്രമെ ഞാൻ പറയുന്നുള്ളു. ചില മാധ്യമങ്ങൾ ചില എഴുത്തുകൾ എഴുതുന്നത് സ്മരിച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു. മാധ്യമങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. കൃത്യതയും വ്യക്തതയും ഉള്ള പാർട്ടിയാണ് ഈ പാർട്ടി എന്നത് എല്ലാവരും മനസ്സിലാക്കണം. സി.പി ഐ കൊല്ലം ജില്ലാ സമ്മേളനം സി കേശവൻ സ്മാരക ആഡിറ്റോറിയം( സഖാവ് ആർ രാമചന്ദ്രൻ നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഖാവ് എം എൻ ഗോവിന്ദൻ നായരുടെ അനുഭവങ്ങൾ അദ്ദേഹം വ്യക്തമാക്കി.ഇനിയും ഒരു പാട് പേരുകൾ പറയാനുണ്ട്. സഖാക്കൾ വെളിയം ഭാർഗ്ഗവൻ മുതൽ എത്രയോ പേരുകൾ ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ചു. അവരുടെയൊക്കെ ധീരമായ നിലപാട് ഈ പ്രസ്ഥാനത്തിന് ശക്തി പകർന്നിട്ടുണ്ട്.ഇന്നലെ ഇവിടെ നടന്ന വോളൻ്റിയർമാർച്ച് നന്നായി എന്ന് ജില്ലാ പേജുകളിൽ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതിനോടൊപ്പം പാർട്ടിയിൽ എന്തോ കുഴപ്പമുണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു. പ്രിയ മാധ്യമ സുഹൃത്തുക്കളെ ഈ പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാൻ വേദിയുണ്ട്. അല്ലാതെ മാധ്യമങ്ങളിലൂടെയുള്ള ചർച്ചകളല്ല വേണ്ടത് എന്ന് എനിക്ക് പറയാൻ കഴിയും. ഊഹിച്ചും അല്ലാതെയും ആരും കഥ പറയണ്ട. കെൽപ്പും കരുത്തുമുള്ള പാർട്ടിയാണ് ഈ പാർട്ടി എന്നു ഞാൻ ആവർത്തിച്ച് പറയാൻ ആഗ്രഹിക്കുന്നു.രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രൂപം കൊണ്ട ഇന്ത്യാ സഖ്യം പാഴായ ഒരു സ്വപ്നമല്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവര്‍ പ്രതീക്ഷിച്ച 400 സീറ്റ് നേടാന്‍ കഴിയാതിരുന്നത് സഖ്യത്തിന്റെ ശക്തികൊണ്ടാണെന്നും
നമ്മുടെ മുഖ്യ എതിരാളി ഫാസിസ്റ്റായ ആര്‍എസ്എസും ബിജെപിയുമാണ്. രാഷ്ട്രീയത്തിന്റെ ഹിറ്റ്ലര്‍ പതിപ്പാണ് ബിജെപി. മുഖ്യ എതിരാളിയെ തിരിച്ചറി‍ഞ്ഞാല്‍ അവരെ തോല്‍പ്പിക്കുക എന്നാണ് ലക്ഷ്യം. അതിനുവേണ്ടിയുള്ള ഐക്യത്തെപ്പറ്റിയാണ് പിന്നീട് നാം തീരുമാനിക്കേണ്ടത്. ആ ഐക്യത്തില്‍ യോജിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിപ്പിക്കണം. ഇത്തരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോജിച്ചുള്ള പോരാട്ടത്തിലൂടെയാണ് ലോകത്തിലെ വലിയ ഫാസിസ്റ്റായ ഹിറ്റ്ലര്‍ നിലംപതിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പൊതുവിടം വേണമെന്ന് സിപിഐ ആണ് ആദ്യം പറഞ്ഞത്. അതിനെ അനുകൂലിക്കാന്‍ അന്നാരും ഉണ്ടായിരുന്നില്ല. പിന്നീട് പല പാര്‍ട്ടികളും അത് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ സഖ്യം യാഥാര്‍ത്ഥ്യമായത്. ഇത് സിപിഐ മുന്നോട്ടുവച്ച് ആശയത്തിന്റെ ഫലമാണ്. കോണ്‍ഗ്രസിന് യാഥാര്‍ത്ഥ്യബോധമില്ല. ലക്ഷ്യത്തെ തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുപോയി. കോണ്‍ഗ്രസിന് ഈ ദീര്‍ഘവീക്ഷണം ഇല്ലാത്തതുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ബിജെപിയുടെ സ്ലീപ്പിങ് സെല്‍സ് ഉണ്ടെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. ഡെല്‍ഹിയും ഹരിയാനയും ബിജെപി ഭരണം പിടിച്ചെടുത്തത് ഈ ദൗര്‍ബല്യം കൊണ്ടാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
1925ല്‍ പൂര്‍ണസ്വരാജ് എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. പിന്നീട് നാലു വര്‍ഷം കഴിഞ്ഞ് 1929ല്‍ ലാഹോറില്‍ വച്ചാണ് പൂര്‍ണസ്വരാജ് എന്ന ആശയം കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ പോരാട്ടവീര്യത്തിന്റെ കൊടിക്കൂറയാണ് ചെങ്കൊടി. അത് സ്വന്തം ശ്വാസത്തില്‍ നിന്ന് രൂപംകൊണ്ടതാണ്. സ്വരാജ് എന്നാല്‍ എല്ലാവര്‍ക്കും ഭക്ഷണമാണ്, എല്ലാവര്‍ക്കും പാര്‍പ്പിടമാണ്, എല്ലാവര്‍ക്കും വസ്ത്രം ലഭിക്കുക എന്നതാണ്. സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴി‍ഞ്ഞ ശേഷവും പൂര്‍ണസ്വരാജ് എവിടെയാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചോദിക്കുന്നത്. ഇതിനുവേണ്ടി ഒട്ടേറെ ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് നമ്മള്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ നിര്‍ഭാഗ്യകരമായ ഭിന്നിപ്പ് എന്നാണ് അതേപ്പറ്റി നമ്മള്‍ പറഞ്ഞത്. ചെങ്കൊടി രണ്ടായി കീറിയാല്‍ അത് ദുര്‍ബലമായി തീരും. അന്നും ഇന്നും പാര്‍ട്ടി ഇങ്ങനെതന്നെയാണ് ചിന്തിക്കുന്നത്. പാര്‍ട്ടി രണ്ടായി പിളര്‍ന്നതിന്റെ കാരണങ്ങള്‍ അന്നും ഇന്നും പ്രസക്തമല്ല. ഭിന്നിപ്പിനുവേണ്ടി പറഞ്ഞ എല്ലാ വാദങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. ഐക്യമാണ് നമ്മുടെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് സിപിഐ ലക്ഷ്യമിടുന്നത്. വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ ശക്തി പ്രാപിക്കുമ്പോള്‍ ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടണം. രാജ്യം അത് ആഗ്രഹിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒന്നാകാന്‍ കഴിയണം. ആ ലക്ഷ്യത്തില്‍ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടപെടാന്‍ കഴിയണം. വിശാലമായ കമ്മ്യൂണിസ്റ്റ് ഐക്യമാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള ആശയങ്ങളായിരിക്കും പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രധാനമായി ഉയര്‍ന്നുവരുന്നത്. ഇടതുപക്ഷ മതേതര ബദല്‍ കെട്ടിപ്പടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതിന് കേരളത്തില്‍ എല്‍ഡിഎഫിനെ ശക്തമാക്കാന്‍ കഴിയണം. മുന്നണിക്ക് പല ദൗര്‍ബല്യങ്ങളുമുണ്ട്. അതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. ഐക്യവും സമരവും രണ്ടല്ലെന്നും ഐക്യത്തെ ശക്തിപ്പെടുത്താനാണ് നമ്മള്‍ സമരം ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  കൂട്ടിച്ചേര്‍ത്തു.
ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം കെ ഡാനിയേല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ആര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം  തുടരും.