കൊല്ലം:ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അവസരമുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണിത്. പത്രങ്ങള്‍ വഴിയല്ല പാര്‍ട്ടിയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്.
കമ്മ്യൂണിസ്റ്റ് മൂല്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. അങ്ങനെയുള്ളവര്‍ നമ്മുടെ ശത്രുക്കളാണ്. മാധ്യമങ്ങളുടെ പ്രീതിക്കുവേണ്ടി അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ പാര്‍ട്ടിവിരുദ്ധരാണ്. അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക തന്നെ വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും സിപിഐ ചെയ്യില്ല. എസ്എന്‍ കോളജില്‍ എസ്എഫ്ഐയുടെ ശത്രു എഐഎസ്എഫ് ആണോ എബിവിപിയാണോ എന്ന് അവര്‍ ചിന്തിക്കേണ്ടതാണ്. എബിവിപിയാണ് മുഖ്യശത്രു എന്ന കാര്യത്തില്‍ എഐഎസ്എഫിന് ഒരു സംശയവുമില്ല. തിരുത്തലുകള്‍ ആവശ്യമായ വിഷയങ്ങളില്‍ അവയൊക്കെ തിരുത്തി മുന്നോട്ടുപോകുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
കൊല്ലത്തെ പാര്‍ട്ടിയെപ്പറ്റി അഭിമാനമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അംഗസംഖ്യയുള്ള ഘടകമാണ് കൊല്ലത്തേത്. ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണ്. ഐതിഹാസികമായ സമരങ്ങളുടെ പാരമ്പര്യമുള്ള സ്ഥലമാണ് കൊല്ലം. ആ മണ്ണില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചുവപ്പ് സേനയുടെ മാര്‍ച്ച് ചരിത്രം സൃഷ്ടിച്ചതാണ്. നമ്മുടെ പൂര്‍വകാല നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് ജാഗ്രതയും നൈതികതയും ആവേശത്തോടെ ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ
വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണം
വന്യജീവി ആക്രമണം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വർധിച്ചു വരുന്ന സാഹചര്യത്തിൽ വനം വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടുതൽ വനമേഖലയും ജനസാന്ദ്രത ഏറിയ പ്രദേശങ്ങളായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് അധികം ഇരയാകുന്ന സംസ്ഥാനമാണ് കേരളം. കുറച്ചു വർഷങ്ങളായി മനുഷ്യ-വന്യജീവി സംഘർഷം കൂടിവരികയാണ്. പ്രതിവർഷം ശരാശരി 40-ലേറെ മനുഷ്യർ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്ര മണത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് അവരവരുടെ സ്വത്തും വിളയും നശിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. കേന്ദ്ര നിയമത്തിൽ ഒരു ഇളവും നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ക്രിമിനൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ നിരവധി തടസങ്ങളുമുണ്ട്. വർധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത് തടയാൻ പ്രധാന പ്രതിബന്ധം 1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. 1972ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്നതും, ഭേദഗതികളോടെ വാജ്പേയ് സർക്കാർ ശക്തിപ്പെടുത്തിയതുമായ വനം വന്യജീവി സംരക്ഷണ നിയമം, അടിസ്ഥാ നപരമായി ജനങ്ങളുടെ ജീവനും സ്വത്തിനും ഉൾപ്പടെയുള്ള അവകാശങ്ങളെ നിഷേധിക്കുകയാണ്. കോർപറേറ്റുകളെ സഹായിക്കാനായി വന നിയമത്തിലെ ചട്ടങ്ങളിലും എക്സിക്യൂട്ടീവ് ഉത്തരവുകളിലും മാറ്റം വരുത്തി സംരക്ഷിത വനഭൂമി യിൽ ഖനനത്തിനും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന കേന്ദ്ര സർക്കാർ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്ന തരത്തിൽ നിയമം മാറ്റം വരുത്തില്ലെന്ന പിടിവാശിയിലാണ്. കേന്ദ്ര നിയമത്തിലെ കർശന വ്യവസ്ഥകൾ മാറ്റാൻ ശബ്ദമുയർത്താതെ യുഡിഎഫ് എംപിമാർ മൗനത്തിലാണ്. വന്യമൃഗ ങ്ങളുടെ ആക്രമണങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെ തിരിച്ചുവിടാനാണ് ബിജെപിയും, യുഡിഎഫും ശ്രമിക്കുന്നത്. വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ അവയ്ക്കാവശ്യമായ ജലം, ഭക്ഷണം എന്നിവയുടെ ലഭ്യത വനത്തിനുള്ളിൽ ഉറപ്പു വരുത്തുന്ന പദ്ധതി വ്യാപകമാക്കണം. മലയോര ജനതയുടെ ജീവനും സ്വത്തിനും വിളകൾക്കുംസംരക്ഷണം ലഭിക്കുന്ന വിധം വനം വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.
അന്യായമായി കൽത്തുറങ്കലിലടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കുക.
ഭരണകൂട ഒത്താശയോടുകൂടി ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തു കൽത്തുറങ്കലിൽ അടച്ച കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മതപരിവർത്തനത്തിൻന്റെ പേര് പറഞ്ഞ് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ ഏറി വരികയാണ്. സംഘപരിവാർ സംഘടനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാം ക്രിസ്റ്റ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിശ്വാസികൾക്കെതിരെ വ്യാപക അക്രമം അഴിച്ചു വിടുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാത്രമല്ല ഭരണകൂട സഹായത്തോടെ ഇത്തരം സംഘടനകൾ മതപ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ നൽകി ജയിലിൽ അടച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ ബജരംഗദൾ പ്രവർത്തകർ അക്രമിക്കുകയും മനുഷ്യക്കടത്ത് എന്ന പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. ഏതൊരു പൗരനും തനിക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യം നൽകുന്ന രാജ്യത്താണ് ഇത്തരത്തിലുള്ള ഹീന കൃത്യങ്ങൾ നടക്കുന്നത് എന്നുള്ളത് ഏറെ ആശങ്ക ഉളവാക്കുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒത്തൊരുമിക്കണമെന്നും പൗരസ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുവാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.