തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കും. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ ഹരിതചട്ടം പാലിക്കുന്നുവെന്ന് തദ്ദേശവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ ഉറപ്പാക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർടികളും സ്ഥാനാർഥികളും ഉറപ്പാക്കണം. നിരോധിതവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും. തെരഞ്ഞെടുപ്പുപ്രചാരണ വേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10നുമുമ്പ് cru.sec@kerala.gov.in എന്ന ഇ–-മെയിൽ വിലാസത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ജനഹിതം, വികാസ്‌ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.