തിരുവനന്തപുരം:കേരളത്തിലെ വിദ്യാലയങ്ങളെയും സര്‍വ്വകലാശാലകളെയും കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കേരളത്തിന്റെ സവിശേഷ പാരമ്പര്യമായ മതനിരപേക്ഷതയും സമത്വവും കാത്തു സൂക്ഷിക്കുന്നതിന് നാം ബാദ്ധ്യസ്ഥരാണ്. അതുകൊണ്ടാണ് ജനാധിപത്യവിരുദ്ധമായി സെനറ്റ് ഹാളില്‍ നടത്താന്‍ ശ്രമിച്ച പരിപാടി രജിസ്ട്രാര്‍ ഡോ.അനില്‍കുമാര്‍ തടയാന്‍ ശ്രമിച്ചത്. സര്‍വ്വകലാശാലകള്‍ തകര്‍ക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെയാണ് രജിസ്ട്രാര്‍ തടഞ്ഞത്. അദ്ദേഹത്തിന് എല്ലാ പിന്തുണയും സമരസമിതി നല്‍കും. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിയമപരമായ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഇത്തരം സമിതികളെ നോക്കുകുത്തികളാക്കി സര്‍വ്വകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടപ്പാകില്ല എന്നും കെ.പി.ഗോപകുമാര്‍ പറഞ്ഞു. കെ.ജി.ഒ.എഫ് പ്രസിഡന്റ് ഡോ.ബിനുപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ്, കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, പി.എഫ്.സി.റ്റി പ്രസിഡന്റ് ഡോ.സി.ഉദയകല, കെ.പി.എസ്.സി.എസ്.എ പ്രസിഡന്റ് പി.ജി.അനന്തകൃഷ്ണന്‍, കെ.എല്‍.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി വി.വിനോദ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.എ സെക്രട്ടറി മനീഷ് സ്വാഗതവും വി.കെ.മധു നന്ദിയും പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ആര്‍.സിന്ധു, യു.സിന്ധു, വി.ശശികല, ആര്‍.സരിത, എന്‍.സോയാമോള്‍, വിനോദ്.വി.നമ്പൂതിരി, എസ്.ആര്‍.രാഖേഷ്, ആര്‍.എസ്.സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന വൈസ്ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനെ പുറത്താക്കുക – അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി
