നീ ഏതാടാ മലമ്പൂതമേ” എന്ന് തോന്നിയേക്കാം.ഞാൻ ബിജു ജോൺ.

ഞാൻ ബിജു ജോൺ. ഇപ്പോൾ ജോലി ചെയ്യുന്നത് തലത്തൂതകാവ് സ്കൂളിൽ തിരുവനന്തപുരം ജില്ലയുടെ കിഴക്ക് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തിൽ ഇടതൂർന്ന വനത്തിൽ. ” നീ ഏതാടാ മലമ്പൂതമേ” എന്ന് തോന്നിയേക്കാം.

മുമ്പ് ഞാൻ ഗ്രൂപ്പിൽ ചെറു യാത്ര കുറിപ്പുകൾ എഴുതാറുണ്ടായിരുന്നു. സ്കൂൾ പരിസരങ്ങളിലെ പ്രഭാത- സായാഹ്ന നടത്തങ്ങളിൽ കണ്ണിൽ കണ്ടതും ക്യാമറ കണ്ണിൽ പതിഞ്ഞതുമായ കാഴ്ചകൾ പങ്കുവയ്ക്കാം. ഇന്ന് ഞായർ. അവധി ദിനങ്ങളിലാണ് സമയബോധമില്ലാതെ നടക്കാൻ കഴിയുക. തെന്നൂരിൽ നിന്നും ഞാറനീലി ഇലഞ്ചിയം വഴി വഴികൾ അവസാനിക്കുന്ന ചെമ്പിക്കുന്ന് വരെ. തെന്നൂരിൽ നിന്നും തെല്ലുദൂരം നടക്കുമ്പോൾ കന്യാര്കുഴി പുഴ. അഗസ്ത്യാർമലയിൽ നിന്ന് ഉത്ഭവിച്ച് ഇതുവഴി ദൈവപ്പുര കഴിഞ്ഞ് വാമ നപുരം നദിയിൽ ചേരുന്നു. വർഷകാലത്ത് ഇരമ്പിയാർക്കുന്ന പുഴ വേനലിൽ നാണത്താൽ മണ്ണിൽ നഖചിത്രം വരയ്ക്കുന്നു. പുഴയുടെ കാഴ്ചകളെ രണ്ടായി പകുക്കുന്ന പാലം. ഞാറ നീലിയിലേക്കുള്ള വഴിയിൽ ഇരുപുറവും കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും ശങ്കുപുഷ്പവും. വസന്തത്തിന് ഇവിടെ നിറഭംഗിയേറെ. ബൗണ്ടർ മുക്കിൽ നിന്നും അരയകുന്നിലേക്ക് തിരിയുന്നേടത്തു നിന്നും ഒരു ഹോൺ അടി. മീൻ വിളി. പരിചയപ്പെട്ടു. അരവിന്ദ് യുപി സ്വദേശി. യുപി ക്കാരൻ അഗസ്ത്യാർവനത്തിൽ മീൻ കച്ചവടം. ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയപ്പോൾ ആഹ്ലാദം കൊണ്ട് അവർ അലറി വിളിച്ചു. പിന്നിൽ നിന്ന് ഒരു വിളി ‘ആയീ ചായ കുടിച്ചിട്ട് പോയിന്ന് “.” മലബാർ റസ്റ്റോറന്റ് “. അതിജീവനത്തിന്റെ ജനിതകം മലയാളിക്ക് മാത്രമല്ല യുപി കാരനും സ്വന്തം.” കിത്തനാ സാൽ ഇതർ “.” മലയാളം അറിയാംസേട്ടാ. ഉച്ചവരെ മീൻ കച്ചവടം. അത് കഴിഞ്ഞ് തൊഴിലുറപ്പ് കേന്ദ്രങ്ങളിൽ ഐസ് കച്ചവടം. ഐസും മീനുമായുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. അരവിന്ദ് കൂകി വിളിച്ച് തെന്നൂരിലേക്ക്. ഞാൻ ബൗണ്ടർ മുക്ക് കടന്ന് ഞാറ നീലിയിലേക്ക്. ഇവിടം ഇരുപുറങ്ങളിലും രക്തചന്ദന തോട്ടം. പക്ഷേ മുമ്പ് മുറിച്ചുമാറ്റിയ മാഞ്ചിയത്തിന്റെ മുളകൾ കരുത്തോടെ വളർന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. നന്മയ്ക്കുമേൽ തിന്മയുടെ അധിനിവേശം. അടരുവാൻ വയ്യ എന്ന മട്ടിൽ രക്തചന്ദനത്തിന്റെ താഴ്ത്തടികളോട് പറ്റിച്ചേർന്ന് ചിത്ര ഭംഗിയോടെ വളരുന്ന ചെറിയ ഇലകൾ ഉള്ള ഇഴവള്ളികൾ. ഔഷധസസ്യമാണത്രേ…… ഔഷധസസ്യം. രക്തചന്ദനത്തോട്ടത്തിനിടയിൽ ഒരേ മണ്ണും ആകാശവും പങ്കിട്ട് ഒരേ ചുവട്ടിൽ ഇഴ ചേർന്ന് നിൽക്കുന്ന പ്ലാവും ആഞ്ഞിലിയും. രക്തചന്ദനക്കാടുകൾക്ക് അപ്പുറം ഞാറ നീലിക്കിപ്പുറം സായാഹ്ന കാഴ്ചകൾ അതിമനോഹരം. അന്തിമാനം പൂത്തുലഞ്ഞു. വിടവാങ്ങുന്ന പകൽ. ഇരവിന്റെ അരങ്ങിൽ അമ്പിളിക്കല. അല്പം അകലെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഞാറ നീലി ദേവീക്ഷേത്രം. വൻമരങ്ങൾക്ക് നടുവിൽ ഇല ചാർത്തുകള്‍ക്കും ഇഴവള്ളികൾക്കും ഇടയിൽ അഗസ്ത്യാർ മലനിരകളുടെ സാമീപ്യത്തിൽ. അക്ഷരാർത്ഥത്തിൽ പറയാം പ്രകൃതിയുടെ ശ്രീകോവിൽ. നടന്നെത്തുന്നത് ഞാറനീലി. അവിടെ നിന്നുള്ള പശ്ചിമഘട്ട കാഴ്ചകൾ. തെളിഞ്ഞ പ്രഭാതങ്ങളിൽ അങ്ങകലെ വരയാടു മൊട്ടയിൽ പാറ മുകളിലൂടെ വരയാടുകൾ പായുന്നത് കാണാം. തിരികെ നടത്തം. റൂമിലെത്തുമ്പോൾ നടന്നു തീർത്തതു 5 കിലോമീറ്ററിൽ അധികം. വാർദ്ധക്യത്തിലേക്ക് കാലൂന്നിയ പാദങ്ങളിൽ വേദന പടരുന്നു. കണ്ട കാഴ്ചകൾ… മനസ്സിലെ തെളിമയാർന്ന ചിത്രങ്ങൾ… ഒരു നല്ല ദിനം.. വിട.