തിരുവനന്തപുരം:കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ കൃഷി അസിസ്റ്റൻ്റുമാരുടേയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടേയും പൊതുസ്ഥലമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.രണ്ടു വർഷത്തോളമായി കൃഷി വകുപ്പിൽ പൊതു സ്ഥലംമാറ്റം നടക്കാത്ത സാഹചര്യത്തിൽ സ്വന്തം ജില്ലയിൽ നിന്നും വിദൂര ജില്ലകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുൾപ്പെടെയുള്ളവരുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. സ്ഥലംമാറ്റ വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് തല ചർച്ചകളിൽ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും രണ്ട് പ്രാവശ്യമായി പൊതുസ്ഥലം മാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് വിജ്ഞാപനം പുറത്ത് വരുമ്പോൾ ഒറ്റ പ്രാവശ്യമായി സ്ഥലംമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കോടതി വ്യവഹാരങ്ങളിൽപ്പെടുത്തി പൊതു സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള ചിലരുടെ നീക്കം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും നിശ്ചയിച്ചുകൊണ്ട് 3/2017 തീയതി 25.02 2017 പ്രകാരം സർക്കാർ ഉത്തരവിറക്കിയിട്ടുള്ളതാണ്. ടി ഉത്തരവ് പ്രകാരം കൃഷിവകുപ്പിൽ 2019, 2020 കാലയളവിൽ നടത്തിയ അസിസ്റ്റൻറ് കൃഷി ഓഫീസർമാരുടെയും കൃഷി അസിസ്റ്റൻറ്മാരുടെയും ജനറൽ ട്രാൻസ്ഫർ ഉത്തരവുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഉത്തരവിറക്കിയിരുന്നത്. ഇത് ജീവനക്കാർക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.അപേക്ഷ നൽകിയ സ്റ്റേഷനുകളിൽ ഒന്നിലും നിയമനം ലഭിക്കാത്തതും,അപേക്ഷ നൽകി എന്ന കാരണത്താൽ മറ്റ് വിദൂര ജില്ലകളിലേക്ക് പോലും മാറ്റപ്പെടുന്ന അവസ്ഥയും അർഹമായ പരിഗണന ലഭിക്കേണ്ടവർക്ക് ആയത് വ്യക്തമായി രേഖപ്പെടുത്തിയിട്ടും ലഭ്യമാകാതിരിക്കുക, മാതൃ ജില്ലയിലേക്ക് അപേക്ഷിച്ചവർക്ക് അവിടേക്ക് സ്ഥലം മാറ്റം ലഭിക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും വകുപ്പിന് ലഭിച്ചിരുന്നത്. ഉത്തരവിൽ ഉൾപ്പെട്ട മുഴുവൻ ജീവനക്കാരും പരാതികൾ നേരിട്ട് ഡയറക്ടർക്ക് നൽകിയിട്ടുള്ളതുമാണ്.ചുരുക്കത്തിൽ സ്റ്റേഷൻ സീനിയോറിറ്റി ഏർപ്പെടുത്തി ഇറക്കിയ ട്രാൻസ്ഫറുകളിൽ സാമാന്യനീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത്. പൊതുസ്ഥലമാറ്റം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് യാതൊരു ഗുണകരവും അല്ലാത്ത രീതിയിലാണ് നടപ്പിലാക്കി വന്നിരുന്നത്. സംഘടന നൽകിയ പരാതിയെ തുടർന്ന് പൊതുസ്ഥലം മാറ്റം കൃഷിവകുപ്പിൽ പരാതിരഹിതമാക്കുന്നതിനും ജീവനക്കാർക്ക് അനുകൂലമാക്കുന്നതിനുമായി പി.ആൻ്റ് എ.ആര്‍.ഡി യിലെ പതിമൂന്നാമത്തെ പൊതു നിർദ്ദേശ പ്രകാരം സർവീസ് സംഘടനകളുമായി വകുപ്പ് ചർച്ച ചെയ്യുകയും ഓരോ സർവീസ് സംഘടനകളും അവരവരുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സീനിയോറിറ്റി പുന:സ്ഥാപിച്ച് കൊണ്ട് 6/2021 എന്ന ഉത്തരവ് ഗവൺമെൻ്റ് പുറപ്പെടുവിക്കുകയുണ്ടായി. ചർച്ചയിൽ പങ്കെടുത്ത മുഴുവൻ സംഘടനകളും ആവശ്യപ്പെട്ടത് സ്റ്റേഷൻ സീനിയോറിറ്റിക്ക് പകരം ജില്ലാ സീനിയോറിറ്റി പുനസ്ഥാപിക്കപ്പെടണം എന്ന് തന്നെയായിരുന്നു. 6/2021 ഉത്തരവനുസരിച്ച് 2022,2023 കാലഘട്ടങ്ങളിൽ സ്റ്റേഷൻ സീനിയോറിറ്റിക്ക് പകരം ജില്ലാ സീനിയോറിറ്റി പുനസ്ഥാപിച്ചതിലൂടെ നടത്തിയ പൊതുസ്ഥലം മാറ്റത്തിൽ പരാതികളുടെ എണ്ണത്തിൽ വ്യാപകമായ കുറവുണ്ടായി.
സ്റ്റേഷൻ സീനിയോറിറ്റി മാനദണ്ഡമാക്കിയിരുന്ന സമയത്ത് ഉണ്ടായിരുന്ന പരാതികളിൽ നിന്നും പരാതികളുടെ എണ്ണം കുറഞ്ഞത് ജില്ലാ സീനിയോറിറ്റി ജീവനക്കാർക്ക് അനുകൂലമാണ് എന്ന് വ്യക്തമാണ്. ആയതിനാൽ ജീവനക്കാർക്ക് സ്വന്തം ജില്ലയിലേക്ക് നിയമനം ലഭിക്കുന്നതിനും ഇതിലൂടെ സാധിച്ചു.മാത്രമല്ല ജില്ലയിൽ പ്രവേശനം ലഭിക്കുന്ന ജീവനക്കാരന് ജില്ലയ്ക്കകത്ത് സ്ഥലം മാറ്റത്തിന് ഓരോ വർഷവും അവസരം ലഭ്യമാകുന്നു എന്നത് വളരെ ഗുണകരമായ ഒന്നാണ് .ആയതിനാൽ സീനിയോറിറ്റി പരിഗണിച്ച് ആവശ്യപ്പെടുന്ന ഓഫീസുകൾ ലഭിക്കുകയും എല്ലാ ജീവനക്കാർക്കും സ്വന്തം ജില്ലയിൽ ജോലി നോക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു.സ്റ്റേഷൻ സീനിയോറിറ്റി പ്രകാരം ജില്ലയിലുള്ള ഉദ്യോഗസ്ഥർ ജില്ലയ്ക്കകത്ത് പരസ്പരം ഓഫീസുകളിൽ അപേക്ഷ നൽകി മാറുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.എന്നാൽ ജില്ലാ സീനിയോറിറ്റി പരിഗണനയിൽ വന്നതിലൂടെ മറ്റു ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൂടി മാതൃ ജില്ലയിൽ പൊതുസ്ഥലമാറ്റം ലഭ്യമാകുന്ന അവസ്ഥ സംജാതമായി.മൂന്നുവർഷത്തിലൊരിക്കൽ ജീവനക്കാരെ ഓഫീസ് മാറ്റപ്പെടണം എന്ന സർക്കാർ ഉത്തരവും ഇതിലൂടെ നടപ്പിലാക്കുന്നതിന് സാധിക്കുകയും,വകുപ്പിൻ്റെ ജോലിഭാരം കുറക്കാനും ഇതിലൂടെ സാധിച്ചു. എന്നാൽ എൻ.ഐ.സി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ സംവിധാനത്തിലെ പാളിച്ചകൾ കാരണം ചില പരാതികൾ ഇപ്പോഴും നിലനിൽക്കുന്നു. കൃഷിവകുപ്പിലെ പൊതു സ്ഥലം മാറ്റം കൃത്യതയോടെ കൂടി നടപ്പിലാക്കുവാൻ കഴിയുന്ന തരത്തിൽ അല്ല എൻ .ഐ .സി സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ഘട്ടമായി പൊതു സ്ഥലം മാറ്റം നടപ്പിലാക്കുമ്പോഴും മുൻഗണനകൾ നഷ്ടപ്പെടാതെ നിയമിക്കുവാൻ കഴിയുന്നുണ്ട് എങ്കിലും സോഫ്റ്റ് വെയറിൽ ധാരാളം അപാകതകൾ നിലനിൽക്കുന്നു.പൊതു നിർദ്ദേശത്തിലെ പതിമൂന്നാം ഖണ്ഡിക അനുസരിച്ച് സംഘടനകളും ആയി വിളിച്ച് ചേർത്ത യോഗത്തിൽ പരാതി നൽകിയവർ ഉൾപ്പെടെ ജില്ലാ സീനിയോറിറ്റി പുനസ്ഥാപിക്കപ്പെടണം എന്ന് രേഖപ്പെടുത്തിയാണ് നൽകിയിത് എന്നത് ചർച്ചയുടെ മിനിറ്റ്സ് പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്. പൊതു സ്ഥലംമാറ്റത്തിൽ മാനദണ്ഡമല്ല മാറ്റേണ്ടത് മറിച്ച് സോഫ്റ്റ്‌വെയർ ആണ് പരിഷ്കരിക്കേണ്ടത് എന്ന് ജീവനക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. സോഫ്റ്റ് വെയറിൽ കാതലായ പരിഷ്കരണം നടത്തി എങ്കിൽ മാത്രമേ പൂർണമായ രീതിയിൽ കുറ്റമറ്റ പൊതു സ്ഥലം മാറ്റം നടപ്പിലാക്കാൻ കഴിയുകയുള്ളൂ. കൃഷി വകുപ്പിൽ സുതാര്യവും അഴിമതിരഹിത പൊതു സ്ഥലംമാറ്റം നടത്തി ജീവനക്കാർക്ക് അർഹമായ പരിഗണന ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് കേരള അഗ്രികൾചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി. അനീഷ് കുമാറുംപ്രസിഡൻ്റ് പി. ധനുഷും അറിയിച്ചു.
കൃഷിവകുപ്പിലെ ഓൺലൈൻ പൊതു സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക:കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ
