കുട്ടനാട്ടുകാരനാണ് കിടങ്ങറ ശ്രീവത്സൻ. കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തിനിടയിൽ താമരക്കുളം, ചത്തിയറ, കൊല്ലം ജില്ലയിലെ മണപ്പള്ളി, പാവുമ്പ, കോട്ടയം ജില്ലയിലെ ചിങ്ങവനം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി
നാല്പതോളം വാടകവീടുകളിൽ മാറിമാറി താമസിച്ചു. പ്രതിഭാധനനായ കവി. ഇപ്പോൾ പ്രായം 71 വയസ്സ്. ജീവിതത്തിന്റെ നല്ലൊരു പങ്കും പ്രാരബ്ധങ്ങളിൽപെട്ട് തീർന്നുപോയി. ഈ കവിയുടെ നല്ല കവിതകളുടെ കാലത്തെയാണ് ദാരിദ്ര്യവും കഷ്ടപ്പാടും കവർന്നെടുത്തത്. ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ ‘ചിദംബര സ്മരണകൾ’ എന്ന പുസ്തകത്തിൽ ഈ മനുഷ്യന്റെ വറുതിക്കാലം വരഞ്ഞിടുന്നുണ്ട്.
രണ്ട് കുട്ടികളെയും ഭാര്യയെയുംകൊണ്ട് വളരെയേറെ അലഞ്ഞു. ചാരുംമൂട്, കറ്റാനം, നൂറനാട്, ചത്തിയറ, പടനിലം, ചുനക്കര, താമരക്കുളം, ആദിക്കാട്ടുകുളങ്ങര, മണപ്പള്ളി, കരിമുളയ്ക്കൽ തുടങ്ങിയയിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പാരലൽ കോളേജുകളാണ് ഇവരെ ഒരു കാലഘട്ടംവരെ പോറ്റിയത്. ഈ പ്രദേശങ്ങളിലെ ഗ്രാമപാതകളിലൂടെയെല്ലാം നടന്നുനടന്ന് ഈ പാവം അദ്ധ്യാപകന്റെ പാദം തേഞ്ഞുതീർന്നിട്ടുള്ളതാണ്. സഹനത്തിന്റെയും ജീവിതസമരത്തിന്റെയും കഥകൾ പറഞ്ഞാൽ തീരില്ല.
പണ്ടൊരു കാലത്ത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഈ കവിയുടെ രചനകൾ നിരന്തരം വന്നിരുന്നു. ധാരാളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതി. കുട്ടനാട്ടിലെ സാഹിത്യ സൗഹൃദക്കൂട്ടായ്മകളിൽ സജീവമായിരുന്ന ഒരു കാലമുണ്ട് ശ്രീവത്സന്. സിനിമാഗാനമെഴുതാൻവേണ്ടി മദ്രാസിൽ പോയതും, അവിടെ വയലാർ രാമവർമ്മയെക്കണ്ട് സംസാരിച്ചതുമൊക്കെ കിടങ്ങറയുടെ ജീവിതകഥകളിലെ അദ്ധ്യായങ്ങളാണ്. ഗാനമെഴുത്ത് നടന്നില്ലെങ്കിലും, നാട്ടുകാരനും അടുപ്പക്കാരനുമായിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ തണലിൽ കുറേക്കാലം കവി മദ്രാസിൽ തങ്ങുകയുണ്ടായി. ഗൃഹസ്ഥനായപ്പോഴേക്കും ഇല്ലായ്മകൾ ജീവിതത്തെയാകമാനം വലിച്ചുമുറുക്കി. ഒപ്പം അനാരോഗ്യവും. ജീവിത സൗഭാഗ്യങ്ങളെല്ലാം കയ്യൊഴിഞ്ഞപ്പോഴും കവിതമാത്രം ശ്രീവത്സനെ ഉപേക്ഷിച്ചുപോയില്ല. കിടങ്ങറയുടെ രണ്ട് കവിതാപുസ്തകങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വാത്മീകിയുടെ ചിരി’ 1998ൽ ഡിസി ബുക്സും, ‘വത്സരചക്രം’ 2003ൽ ഉൺമ പബ്ലിക്കേഷൻസും. ഡിസി ബുക്സിൽനിന്നും അടുത്തമാസം പുതിയൊരു കവിതാപുസ്തകം വരുന്നുണ്ട്; ‘നിഗൂഢതയിലേക്ക് ചില പ്രണയ സഞ്ചാരങ്ങൾ’. ഉൺമയിലൂടെ ‘ശിവകാമിയും നീലപ്പട്ടും’ എന്ന കഥാസമാഹാരം കഴിഞ്ഞദിവസം പുറത്തുവന്നു.
പുതിയ പുസ്തകത്തിന്റെ കോപ്പി നേരിട്ടുനൽകാനായി ഇന്നലെ വൈകിട്ട് പാവുമ്പയിൽ താമസിക്കുന്ന കിടങ്ങറ ശ്രീവത്സന്റെ
‘മലയാളം’ എന്ന വീട്ടിൽ ഞാൻ പോകുകയുണ്ടായി. കഴിഞ്ഞ ഒരു വർഷമായി സ്വന്തമായി വാങ്ങിയ തരക്കേടില്ലാത്ത ഒരു വീട്ടിലാണ് കിടങ്ങറ ശ്രീവത്സനും ഭാര്യ രേണുകയും താമസിക്കുന്നത്. മകൻ ശ്രീരാഗ് ഗൾഫിൽ പണിയെടുത്തു സ്വരൂപിച്ച പണംകൊണ്ടു സ്വന്തമാക്കിയ വീടാണിത്. സ്വന്തം വീട്ടിലാണ് ഉറങ്ങുന്നതെന്നു വിശ്വസിക്കാൻ ഈ കവിയുടെ ഉപബോധമനസ്സ് ഇപ്പോഴും തയ്യാറായിട്ടില്ല. വീട്ടുടമസ്ഥൻ വാടക ചോദിച്ചെത്തുന്ന രംഗം പലപ്പോഴും ഉറക്കത്തിൽനിന്നും ഞെട്ടിയുണർത്തുന്നു എന്ന് കവി പറയുന്നു. മകളെ കണ്ണൂർ ചിറ്റാരിപ്പറമ്പിൽ വിവാഹം ചെയ്തയച്ചു.
എല്ലാ അലച്ചിലുകൾക്കും സലാം പറഞ്ഞ് എഴുത്തും വായനയും, അല്പം രോഗക്ഷീണവുമായി കവി ‘മലയാള’ത്തിൽ ജീവിക്കുന്നു. ‘ശിവകാമിയും നീലപ്പട്ടും’ നൽകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ചന്ദ്രനുദിച്ചതുകണ്ട് എന്റെ മനസ്സ് തളിർത്തു. ഇതൊക്കെയാണ് എന്റെ സ്വകാര്യ ഓണസന്തോഷങ്ങൾ… അല്ലാതെന്ത്!
(‘ശിവകാമിയും നീലപ്പട്ടും’ കോപ്പി ലഭിക്കാൻ 150 രൂപയും വിലാസവും 9496881449 എന്ന ഗൂഗിൾ/ വാട്സാപ്പ് നമ്പരിൽ അയച്ചാൽ മതി)
-ഉൺമ മോഹൻ
9496881449
(ഫോട്ടോ ക്ലിക്ക്: കിടങ്ങറയുടെ മകളും എഴുത്തുകാരിയുമായ ശ്രീരേഖ ജിതിൻ)
കവി കിടങ്ങറ ശ്രീവത്സന്റെ ഫോൺ: 95263 80116