ഓണത്തിനു പോലും പണം നല്‍കാതെ സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം:ഓണത്തിനു പോലും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍കര്‍ഷകരെ വഞ്ചിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

കഴിഞ്ഞ രണ്ടാം വിളയുടെ വില ലഭിക്കാത്തതിനാല്‍ ഒന്നാം വിള ഇറക്കാന്‍ കര്‍ഷകര്‍ സ്വകാര്യ പണമിടപാടുകാരെ ആശ്രയിച്ചിരിക്കുകയാണ്. വിലയ്ക്കു പകരം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വായ്പ്പയാണ് നല്‍കിയത്. സമയത്തിന് പണം നല്‍കാത്ത സര്‍ക്കാര്‍ വീഴ്ച മൂലം വായ്പ്പയുടെ തിരിച്ചടവ് മുടങ്ങുകയും സിബില്‍ സ്‌കോര്‍ താഴെ പോകുകയും ചെയ്തു. ഇതു മൂലം വിളവ് ഇറക്കാന്‍ ബാങ്ക് വായ്പ്പയോ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ്പയോ പോലും ലഭിക്കാത്ത നിലയാണ്. നെല്ലെടുക്കാന്‍ കര്‍ഷകര്‍ നല്‍കേണ്ട അനുമതി പത്രത്തില്‍ നെല്ല് നല്‍കി പണം വൈകിയാല്‍ അതിനു ഉത്തരവാദിത്വം തങ്ങള്‍ക്കായിരിക്കില്ലെന്ന നിബന്ധന വെച്ച് സിവില്‍ സപ്ലൈസ് കര്‍ഷകരെ വെല്ലുവിളിക്കുകയാണ്.

കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ കണക്കു നല്‍കുന്നതിലെ വീഴ്ചയല്ലെങ്കില്‍ അതു സംബന്ധിച്ചു വ്യക്തത വരുത്തണം. നെല്‍കര്‍ഷകരെ വഞ്ചിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ നടത്തുന്ന നാടകം തുറന്നു കാട്ടും.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കലായിരിക്കും ആദ്യ പരിഗണനയെന്നും സണ്ണി ജോസഫ് പറഞ്ഞു.