സാങ്കേതികവിദ്യയെ നന്മയിലേക്ക് നയിക്കാൻ ആഹ്വാനം ചെയ്ത് ഭാരത മാതാ : സെൻ്റ് കാർലോ അക്യൂട്ടിസ് ദിനാചരണം ശ്രദ്ധേയമായി.

കൊച്ചി: ഇക്കഴിഞ്ഞ ദിവസം മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ “സൈബർ അപ്പസ്തോലൻ ” എന്നറിയപ്പെടുന്ന വി. കാർലോ അക്വിറ്റിസ് ഡിജിറ്റൽ യുവഹൃദയങ്ങളുടെ ഹരമായി മാറി. എന്നാൽ ഇതിനും എത്രയോ മുമ്പ് തന്നെ തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് ഡിപ്പാർട്ട്മെന്റിൽ എത്തുന്ന ആരെയും സ്വീകരിക്കാൻ എന്നവണ്ണം ആദ്യം കാണുന്നത് കാർലോ അക്വിറ്റിസിൻ്റെ വലിയ ചിത്രമായിരുന്നു. 2020-21 അധ്യയന വർഷം കേരള ഗവൺമെൻറിൻ്റെ ന്യൂജനറേഷൻ പ്രോഗ്രാം ആയ ഇൻ്റഗ്രേറ്റഡ് എംഎസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് എയ്ഡഡ് വിഭാഗത്തിൽ ആരംഭിച്ചപ്പോൾത്തന്നെ വകുപ്പ് തലവൻ ഡോ. ജോൺ റ്റി. ഏബ്രഹാമിൻ്റെ അപേക്ഷ മാനിച്ച് കോളേജ് മാനേജർ ഫാ. എബ്രഹാം ഓലിയപ്പുറത്തും അസി. ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനവും ചേർന്ന് ആശീർവദിച്ച് സ്ഥാപിച്ചതാണ് ഈ ചിത്രം.

അതുകൊണ്ടുതന്നെ കമ്പ്യൂട്ടർ സയൻസ് എയ്ഡഡ് വിഭാഗം സെന്റ് കാർലോ അക്യൂട്ടിസിന്റെ ഓർമ്മയ്ക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. സാങ്കേതികവിദ്യയെയും വിശ്വാസത്തെയും സമന്വയിപ്പിച്ച് സമൂഹത്തിന് വെളിച്ചം പകർന്ന കാർലോ അക്യൂട്ടിസിന്റെ ജീവിതം വിദ്യാർത്ഥികൾക്ക് ഒരു പുതിയ പ്രചോദനമായി.
കാർലോ അക്യൂട്ടിസ് ദിനാചരണം
‘ഡിജിറ്റൽ യുഗത്തിലെ വിശുദ്ധൻ’ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഇന്റർനെറ്റിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകൾ വിശ്വാസപ്രചാരണത്തിനായി ഉപയോഗിച്ച കാർലോയുടെ ജീവിതം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.കാർലോ അക്യൂട്ടിസിന്റെ ജീവിതത്തെയും ദൗത്യത്തെയും അടിസ്ഥാനമാക്കി വകുപ്പ് മേധാവി ഡോ. ജോൺ റ്റി. ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. സാങ്കേതികവിദ്യയെ നന്മയ്ക്കായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. അദ്ദേഹം തന്റെ പ്രസംഗത്തിൽ കാർലോ അക്യൂട്ടിസിനെപ്പോലുള്ള യുവപ്രതിഭകളെ സമൂഹം പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

സാങ്കേതികവിദ്യയും ധാർമിക മൂല്യങ്ങളും സംയോജിപ്പിച്ച് മുന്നോട്ട് പോകാൻ വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.