കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനത്തിനെതിരെയും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അദ്ധ്യാപക- സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 22 ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സമരചങ്ങല തീര്‍ക്കും.
രാജ്യത്തിന്റെ നട്ടെല്ലാണ് സിവില്‍ സര്‍വീസ്. രാഷ്ട്രീയ നിഷ്പക്ഷതയോടെ ഭരണനിര്‍വ്വഹണം നടത്തുന്ന ഭരണയന്ത്രത്തിന്റെ ഭാഗമാണത്. ”മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണണ്‍സ് ” എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സിവില്‍ സര്‍വീസിനെ വെട്ടിച്ചുരുക്കുകയും സ്വകാര്യവല്‍ക്കരണം വ്യാപകമാക്കുകയും ചെയ്യുന്നു . സേവനം അവകാശമെന്നുള്ളതില്‍ നിന്നും മാറി ഔദാര്യമായി മാറുന്നു. പണമുള്ളവന് പരിഗണനയും ദരിദ്രന് അവഗണനയുമെന്നതാണ് വലതുപക്ഷ നയം. സര്‍ക്കാരുകള്‍ വെറും നിരീക്ഷകരോ ഉപദേശകരോ ആയി മാറുന്നു. സാധാരണക്കാരന്റെ സംരക്ഷണ കവചമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതാവുകയും സേവനം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലാതാകുമ്പോള്‍ സേവനം നല്‍കേണ്ട സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിവാര്യമല്ലായെന്ന ചിന്തയാണ് പൊതുവെ വലതുപക്ഷ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത്. ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതാണ് ധനപ്രതിസന്ധിയുടെ കാരണങ്ങളെന്ന് പ്രചരിപ്പിച്ച് അവകാശങ്ങള്‍ നിഷേധിക്കുന്നു. പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ക്രമസമാധാന പരിപാലനവുമെല്ലാം ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്ന ബോധ്യം മനഃപൂര്‍വ്വം തമസ്‌കരിച്ചവരാണ് ഈ പ്രചരണങ്ങളുടെയെല്ലാം പിന്നില്‍. രാജ്യത്ത് ബി.ജെ.പി, കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശികയും അനുവദിച്ച ക്ഷാമബത്തയുടെ കുടിശികയും അനുവദിക്കുക, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവന- വേതന പരിഷ്‌ക്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. കേന്ദ്രം കേരളത്തോടുള്ള കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമര ചങ്ങലയില്‍ ഉന്നയിക്കുന്നത്.
തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ പി ഗോപകുമാര്‍ സമര പ്രഖ്യാപന രൂപരേഖ അവതരിപ്പിച്ചു. കെ ജി ഒ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി എം ഹാരിസ് അദ്ധ്യക്ഷത വഹിച്ച സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ മാസ്റ്റര്‍, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.സി.മോഹനചന്ദ്രന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്‍.ഹരീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി വി ജെ മെര്‍ളി, പ്രസിഡന്റ് പി.ധനുഷ് എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ജില്ലാ കണ്‍വീനര്‍ വി വി ഹാപ്പി സ്വാഗതവും കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറി ഡോ.കെ വിവേക് നന്ദിയും രേഖപ്പെടുത്തി.
സമര ചങ്ങലയോടനുബന്ധിച്ച് 14 ജില്ലകളിലും ജില്ലാ കണ്‍വെന്‍ഷനുകളും ഇതോടൊപ്പം നടന്നു. തിരുവനന്തപുരത്ത് കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ബിനു പ്രശാന്ത്, ആലപ്പുഴയില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ്, കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, പത്തനംതിട്ടയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനില്‍, കോട്ടയത്ത് കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി.ബിജുക്കുട്ടി, ഇടുക്കിയില്‍ ജോയിന്റ്കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബിന്ദുരാജന്‍, എറണാകുളത്ത് ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ വി.സി.ജയപ്രകാശ്, പാലക്കാട് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദന്‍, മലപ്പുറത്ത് എ.കെ.എസ്.റ്റി.യു സംസ്ഥാന സെക്രട്ടറി വി.വിനോദ്, വയനാട് എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ.സുധാകരന്‍, കണ്ണൂര്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ.അനീഷ്, കാസര്‍ഗോഡ് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ്‌കുമാര്‍ കുന്നിയൂര്‍ എന്നിവര്‍ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരും അദ്ധ്യാപകരും 22 ന് സമരചങ്ങല തീര്‍ക്കും -അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി
