സ്ത്രീ സുരക്ഷയ്ക്കായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും വനിതാ ജീവനക്കാരുടെ മാര്‍ച്ച്

തിരുവനന്തപുരം:രാജ്യത്തെ സ്ത്രീകള്‍ പൊതു ഇടങ്ങളിലെന്ന പോലെ തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വലിയ തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. സ്ത്രീ എന്നാല്‍ രണ്ടാംകിട വര്‍ഗ്ഗമാണെന്നും, ലിംഗ വ്യത്യാസത്തിന്റെ പേരു പറഞ്ഞു കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഇടപെടേണ്ടതില്ലെന്നുമുള്ള തിട്ടൂരം അടിച്ചേല്‍പ്പിക്കുന്ന സംഘപരിവാര ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ മുന്നോട്ടുവെക്കുന്ന ഭരണകൂടത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന രാജ്യത്ത് അതിന്റെ ഇരകളായി മാറുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണ്. ലിംഗ സമത്വവും സ്ത്രീ സ്വാതന്ത്ര്യവും വനിതാ സംവരണവും കടലാസില്‍ മാത്രം ഒതുങ്ങുന്ന കാലഘട്ടത്തില്‍ ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് പൊതു ഇടങ്ങളിലും സൈബറിടങ്ങളിലും നേരിടേണ്ടി വരുന്നത് കടുത്ത ആക്രമണങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഭയരഹിത ജീവിതം സുരക്ഷിത തൊഴിലിടം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കുക, സംഘടന നല്‍കിയ ഭീമഹര്‍ജിയിലെ ആവശ്യങ്ങളിന്മേല്‍ നടപടി സ്വീകരിക്കുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവില്‍ രാജ്യത്ത് നടക്കുന്ന സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുക, കേരള സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കരുത്ത് പകരുക, സിവില്‍ സര്‍വീസിലെ സ്ത്രീസുരക്ഷകള്‍ക്കായുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ഒക്‌ടോബര്‍ 15 ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തുന്നു. സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ച് കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ മുഖ്യപ്രഭാഷണവും മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫും ചെയ്യും. കൊല്ലത്ത് അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫും മുഖ്യപ്രഭാഷണവും നടത്തും. പത്തനംതിട്ടയില്‍ എം.ബി.മണിയമ്മ, ആലപ്പുഴയില്‍ ദീപ്തി അജയകുമാര്‍ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത, ഇടുക്കിയില്‍ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോള്‍, എറണാകുളത്ത് എലിസബത്ത് അസീസി, തൃശ്ശൂര്‍ ഷീല വിജയകുമാര്‍, പാലക്കാട് സുമലതാമോഹന്‍ദാസ്, മലപ്പുറത്ത് സുജാതവര്‍മ്മ, കോഴിക്കോട് വി.ജെ.മെര്‍ളി, വയനാട് മഹിതാ മൂര്‍ത്തി, കണ്ണൂര്‍ എന്‍.ഉഷ, കാസര്‍ഗോഡ് പി.ഭാര്‍ഗ്ഗവി എന്നിവരും ജില്ലാ മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യും.