ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന നിർദേശം കേരളത്തിലും നടപ്പിലാക്കണം :ഐടിഐ അധ്യാപക സംഘടന.

കോഴിക്കോട് : ഐടിഐ കോഴ്സ് പ്ലസ്ടുവിന് തുല്യമാണെന്ന DGT നിർദ്ദേശം കേരളത്തിൽ നടപ്പിലാക്കണമെന്ന് ഐടിഐ അധ്യാപക സംഘടന ഐ ടി ഡി ഐ ഒ ആവശ്യപ്പെട്ടു. കോഴിക്കോട് ശിക്ഷക് സദനിൽ വെച്ച് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. നിലവിൽ സംസ്ഥാനത്തെ പല സ്വകാര്യ ഐടിഐ കളിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.DGT മാനദണ്ഡപ്രകാരം രണ്ടു വർഷ ഐടിഐ കോഴ്സ് പാസാവുന്ന മുറയ്ക്ക് ഒരു ഭാഷാ വിഷയം കൂടി പഠിച്ചാൽ , ഐടിഐ സർട്ടിഫിക്കറ്റിനോടൊപ്പം പ്ലസ് ടു തുല്യതാ സർട്ടിഫിക്കറ്റും കൂടി ലഭിക്കും. സംസ്ഥാനത്തെ സർക്കാർ ഐടിഐ കളിലും ഈ പദ്ധതി നടപ്പിൽ വരുത്തിയാൽ പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് ഇത് സഹായകരമാകുമെന്ന് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കടക്കം പ്രയോജനപ്രദമാകും വിധം തൊഴിലധിഷ്ഠിത കോഴ്സ് സർട്ടിഫിക്കറ്റിനൊപ്പം പ്ലസ്സ്ടുസർട്ടിഫിക്കറ്റും കരസ്ഥമാക്കുന്നതിനുള്ള അവസരം കേരളത്തിലും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന കൗൺസിൽ യോഗത്തോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ജോയിന്റ്കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഐടിഡിഐഒ സംഘടന ഭാരവാഹിത്വത്തിൽ ഉണ്ടായിരുന്ന,സർവ്വീസിൽ നിന്നും വിരമിച്ച നാരായണൻ കുഞ്ഞികണ്ണോത്ത്,വിനോദ് കുമാർ എന്നിവരെ ആദരിച്ചു. ഐടിഡിഐഒ സംസ്ഥാന പ്രസിഡൻറ് പി.ആർ ജയൻ, ജനറൽ സെക്രട്ടറി ആൻറണി ജോസഫ്, ട്രഷറർ ടി പി ബാലൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *