തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ മാര്‍ച്ചിലൂടെ ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം:രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന വനിതാ മാര്‍ച്ചിലൂടെ ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലോകത്ത് സ്ത്രീസുരക്ഷ കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഇന്ത്യ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയും കല്‍ക്കട്ടയും പട്‌നയും ജയ്പ്പൂരും അടക്കമുള്ള നഗരങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നാണ് ഒടുവിലത്തെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാത്രിയില്‍ സ്ത്രീകള്‍ സഞ്ചരിക്കേണ്ടതില്ല എന്ന നിലപാടെടുക്കുന്ന ഭരണാധികാരികള്‍ ഇന്ത്യയുടെ പല ഭാഗത്തും ഭരണത്തിലിരിക്കുന്നു. ജോലിസ്ഥലത്തും യാത്രയിലും തെരുവിടങ്ങളിലും സ്ത്രീകള്‍ അക്രമത്തിനിരയാകുന്നു. ഗാര്‍ഹിക പീഢനങ്ങളുടെയും സ്ത്രീധന മരണങ്ങളുടെയും എണ്ണം വര്‍ദ്ധിക്കുന്നു. സ്ത്രീ വിദ്വേഷികളായ ഏകാധിപതികളുടെ തടവറക്കാരായി മാന്യമായ ജീവിത സാഹചര്യം നിഷേധിക്കപ്പെട്ടു കൊണ്ട് സ്ത്രീസമൂഹത്തിന് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നു. ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് ആഗോള സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. സാനിട്ടറി സംവിധാനങ്ങള്‍ എല്ലാ തൊഴിലിടങ്ങളിലും ലഭ്യമാക്കണം. പ്രസവാനന്തരം കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിന് തൊഴിലിടങ്ങള്‍ക്ക് സമീപം ആവശ്യമായ സൗകര്യം ഉറപ്പു വരുത്തുന്നതിന് സാധിക്കുന്നില്ല. 50 വയസ്സിലേറെ പ്രായമുള്ള സ്ത്രീ തൊഴിലാളികള്‍ക്ക് ജോലി സമയം മുഴുവന്‍ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിയമ വ്യവസ്ഥ ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. പരിമിതമായ സൗകര്യങ്ങളും ഇടവേളകളും നിഷേധിക്കപ്പെടുന്നതിന് എതിരായി പ്രതിഷേധിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം പലയിടങ്ങളിലും വനിതാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നില്ല. ഇന്ത്യന്‍ ജനസംഖ്യയുടെ നിര്‍ണ്ണായക ഘടകമായ വനിതകളെ തൊഴിലിടങ്ങളില്‍ അവഗണിക്കുന്നത് മാത്രമല്ല മൗലികാവകാശ സംരക്ഷണത്തില്‍ പ്രാധാന്യമേറെയുള്ള വോട്ടവകാശം പോലും ചിലയിടങ്ങളില്‍ നിഷേധിക്കപ്പെടുന്നു. സ്വയരക്ഷയ്ക്കായി ഭരണഘടന സംവിധാനങ്ങളെ ആശ്രയിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കപ്പെടുകയാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്ഥിതി വിശേഷമാണ് മോദി ഭരണത്തിന്‍ കീഴില്‍ ഇന്നും സ്വതന്ത്ര ഭാരതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മണിപ്പൂരിലും ഗുജറാത്തിലും വംശഹത്യയ്ക്ക് സ്ത്രീകളെ വിധേയമാക്കിയപ്പോള്‍ കേന്ദ്രഭരണകൂടം പുലര്‍ത്തിയ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. ആ നിശബ്ദത ഭരണകൂടത്തിന്റെ നയങ്ങളും ആര്‍.എസ്.എസ് ന്റെ നയങ്ങളും ഒന്നാകുന്നത് കൊണ്ടാണ്. സ്ത്രീകള്‍ക്ക് അംഗത്വ വിലക്കേര്‍പ്പെടുത്തിയ രണ്ട് സംഘടനകളില്‍ ഒന്നാണ് ആര്‍.എസ്.എസ്. മറ്റൊന്ന് താലിബാനാണ്. തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകളെ ചവിട്ടിത്താഴ്ത്തുന്ന സമീപനം ഇന്ത്യയിലെ പലയിടങ്ങളിലും സ്വീകരിക്കുമ്പോള്‍ കേരളത്തില്‍ സ്ത്രീകളെ സംരക്ഷിക്കുന്ന കൂടുതല്‍ സാമൂഹികപരമായി തുല്യത ഉറപ്പു വരുത്തുന്ന ബദല്‍ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന് സാധിക്കുന്നുണ്ട്. ആ സമീപനം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഭീമഹര്‍ജിയിലൂടെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കരുത്തേകണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി നടത്തിയ വനിതാ മാര്‍ച്ചിലൂടെ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ച് കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ അഭിവാദ്യം ചെയ്തു. മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫും നടത്തി. കൊല്ലത്ത് അഡ്വ.എം.എസ്.താര ഉദ്ഘാടനവും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സജീവ് മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫും അഭിവാദ്യം ചെയ്തു. പത്തനംതിട്ടയില്‍ എം.ബി.മണിയമ്മ, ആലപ്പുഴയില്‍ ദീപ്തി അജയകുമാര്‍ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത, ഇടുക്കിയില്‍ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോള്‍, എറണാകുളത്ത് എലിസബത്ത് അസീസി, തൃശ്ശൂര്‍ ഷീല വിജയകുമാര്‍, പാലക്കാട് സുമലതാമോഹന്‍ദാസ്, മലപ്പുറത്ത് സുജാതവര്‍മ്മ, കോഴിക്കോട് വി.ജെ.മെര്‍ളി, വയനാട് മഹിതാ മൂര്‍ത്തി, കണ്ണൂര്‍ എന്‍.ഉഷ, കാസര്‍ഗോഡ് പി.ഭാര്‍ഗ്ഗവി എന്നിവരും  മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍മാരായ ആര്‍.രമേശ് പത്തനംതിട്ടയിലും വി.സി.ജയപ്രകാശ് എറണാകുളത്തും വി.വി.ഹാപ്പി തൃശ്ശൂരും സംസ്ഥാന സെക്രട്ടറിമാരായ കെ.മുകുന്ദന്‍ പാലക്കാടും നരേഷ്‌കുമാര്‍ കുന്നിയൂര്‍ കാസര്‍ഗോഡും ഡി.ബിനില്‍ ഇടുക്കിയിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ.ഹരിദാസ് ആലപ്പുഴയിലും എസ്.പി.സുമോദ് കോട്ടയത്തും എ.ഗ്രേഷ്യസ് മലപ്പുറത്തും കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോയ് ജോസഫ് കണ്ണൂരിലും മാര്‍ച്ചിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.അജിന, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍.സിന്ധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍.സരിത, യു.സിന്ധു, എന്‍.സോയാമോള്‍, ഐ.സബീന, എന്‍.എന്‍.പ്രജിത, യമുനാ രാഘവന്‍, എം.ഗിരിജ, മരിയ എം ബേബി, വനിതാ ഭാരവാഹികളായ സീമ ഗോപിദാസ്, ഐ.പത്മകുമാരി, കവിതാ സദന്‍, പ്രമിത.ബി, ഇ.പി.പ്രവിത, ബീനാ എസ്.നായര്‍, ബി.ചാന്ദിനി, റ്റി.ബിന്ദു, മഞ്ജു, ബിജിന.ഡി, റസിയ, ദേവികൃഷ്ണ, ശുഭ.കെ, ലാമിമോള്‍.കെ.പി, വിജിമോള്‍.റ്റി.ജി, പ്രീതി പ്രഹ്‌ളാദ്, സിനി.ജെ, ശ്രീലേഖ.ഒ.വി, ആമിന, ബീന കൊരട്ടി, സന്ധ്യാരാജി, അനുഷ, ആന്‍സ് ജോണ്‍, റാണി.ഇ.ജി, ദീപ.ഒ.വി, ശുഭ.കെ.പി, രേഖ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.