“വിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ പരാജയം:മഞ്ജുഷ മാവിലാടം”

തിരുവനന്തപുരം: വിലക്കയറ്റില്‍ കേരളം മുന്നിലാണെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇടതു സര്‍ക്കാരിന്റെ ഭരണപരാജയമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. കേരളത്തില്‍ ഏപ്രിലിലെ 5.94 ശതമാനത്തില്‍ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടര്‍ച്ചയായ അഞ്ചാം മാസവും നിലനിര്‍ത്തിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും വിപണിയില്‍ ഇടപെടാനോ പൊതുവിതരണ ശൃംഖല മെച്ചപ്പെടുത്താനോ സര്‍ക്കാര്‍ യാതൊരും ശ്രമവും നടത്താത്തത് ഖേദകരമാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു. മാവേലി സ്റ്റോറുകളുടെയും സ്ഥിതി ദയനീയമാണ്. ഉല്‍സവ സീസണുകളില്‍ വലിയ ഉദ്ഘാടന മാമാങ്കങ്ങള്‍ ഒരുക്കി ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ മേല്‍ അമിത നികുതി ചുമത്തുന്നതില്‍ മാത്രമാണ് സര്‍ക്കാരിന്റെ താല്‍പ്പര്യം. ജനജീവിതം ദുസ്സഹമാക്കുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാനാവാശ്യമായ സത്വരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *