തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭ ബസ്സ് സ്റ്റാൻഡിനു സമീപത്തെ
കെ വി കോംപ്ളക്സിലെ തീപിടുത്തം ഉണ്ടായ കോമ്പൗണ്ടിലെ ജൈവമാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്തു തുടങ്ങി.നഗരസഭയിലെ പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാരാണ് ജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. മുപ്പത്തിയഞ്ചോളം പാർട്ട് ടൈം കണ്ടിജൻ്റ് ജീവനക്കാർ ജൈവമാലിന്യം നീക്കം ചെയ്യാൻ രംഗത്തിറങ്ങി.
നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് .

ദുരന്തനിവാരണ സമിതി അംഗവും ക്ലീൻ സിറ്റി മാനേജരുമായ എ പി രഞ്ജിത്ത്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്യുന്നത്.
തീപിടിത്തം ഉണ്ടായ കെട്ടിടത്തിനക ത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് സന്നദ്ധ സംഘടനകളുടെ വളങ്ങിയർമാർക്ക് ബുധനാഴ്ച പരിശീലനം നൽകി .വിവിധ സന്നദ്ധ സംഘടനകളുടെ
അറുപതോളം വളണ്ടിയർമാർക്കാണ് പരിശീലനം നല്കിയത്. വൈദ്യ പരിശോധനയിൽ ഫിറ്റായ വളണ്ടിയർമാരെ ഉപയോഗിച്ച് ഗ്രൂപ്പ് തിരിച്ച് കെട്ടിടത്തിനകത്ത മാലിന്യങ്ങൾ ദേശീയ ദുരന്തനിവാരണ ചടങ്ങൾ പ്രകാരം നീക്കം ചെയ്യും .
ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ്,
യൂത്ത് കോൺഗ്രസ് യൂത്ത് കെയർ,
യൂത്ത് ലീഗ് വൈറ്റ്ഗാർഡ്,എസ് വൈ എസ്
സാന്ത്വനം,സേവാഭാരതിഎന്നീ സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്ക് പ്രായോഗിക’ പരിശീലനവും നൽകി.തളിപ്പറമ്പ് താലൂക്കാഫിസ് കോൺഫ്രൻസ് ഹാളിൽ വെച്ച് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻപി പി മുഹമ്മദ് നിസാർ ഡിസാസ്റ്റർ മാനേജ്മെൻറ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ പി സുബൈർ പദ്ധതി വിശദീകരിച്ചു.പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി മിനി സ്വാഗതം പറഞ്ഞു.തളിപ്പറമ്പ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഷെറിൾ ബാബു, നഗരസഭ സൂപ്രണ്ട് അനീഷ് കുമാർ, തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ, എസ് ഐ : ദിനേശൻകൊതേരി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ശുചിത്വമിഷൻ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങൾ മലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് ലഭിക്കുമെന്ന് നഗരസഭ സെക്രട്ടരികെ പി സുബൈർ പറഞ്ഞു.
രാജൻ തളിപ്പറമ്പ
